Tuesday, November 11, 2014

ഓണനാളില്‍ തമിഴ്‌നാട്ടിലേക്കൊരു യാത്ര പോയി. കള്ളവും ചതിയുമില്ലാത്ത കാലത്ത് നാടു വാണു എന്ന് ഒരു രാജാവിനെ മലയാളികള്‍ പാടിപ്പുകഴ്ത്തുമ്പോള്‍, അയല്‍ രാജാക്കാന്‍മാര്‍ ചതിച്ചു കൊന്ന ഒരു രാജാവിന്റെ അടുത്തേക്കായിരുന്നു ആ യാത്ര. അവിടുത്തെ രാജാവിനെ അവരിന്നും സ്‌നേഹിക്കുന്നു. മതത്തിന്റെ അതിര് കെട്ടാത്ത ദര്‍ബാറില്‍ എല്ലാവിധ ജനങ്ങളും വന്നുപോകുന്നു. കേരളത്തെ വെല്ലുന്ന മതമൈത്രി. പള്ളിയെവിടെയെന്നു ചോദിച്ചാല്‍, നെറ്റിയില്‍ ഭസ്മക്കുറിയുള്ളവരും കൈപിടിച്ച് കൊണ്ടുപോയി തൊട്ടുകാണിച്ചു തരും.

മലയാളിയുടെ പുറംതോലാണ് തമിഴന്റെ ഉള്ളെന്നു തോന്നി; അവരുടെ പുറം നമ്മുടെ ഉള്ളും. യാത്രയിലുടനീളം അത് ബോധ്യപ്പെട്ടു. ഉള്ളം തെളിഞ്ഞ മനുഷ്യരെ കണ്ട് ഉള്ളം നിറഞ്ഞു. പുറംതോടില്‍ പറ്റിയ പെര്‍ഫ്യൂമുകള്‍ക്ക് നല്‍കാനാവാത്തത്ര വരും അവരുടെ നിഷ്‌കളങ്ക പെരുമാറ്റത്തിന്റെ സുഗന്ധം.


പിറ്റേദിവസം ചെന്നൈയിലേക്ക് തിരിച്ചു; ഒരു വലിയ മനുഷ്യന്റെ അടുത്തേക്ക്. സ്‌നേഹമാണ് അദ്ദേഹത്തിന്റെ മതം. സത്യത്തില്‍, ദൈവത്തില്‍ നിന്ന് ദാസന്‍മാരിലൂടെ ദൈവത്തിലേക്ക് തന്നെ ചെന്നെത്തുന്ന സ്‌നേഹത്തിന്റെ ഒരു ഒറ്റച്ചരടാണല്ലോ മതം. ഞങ്ങളെ പറഞ്ഞയച്ച ആളിനു വേണ്ടി അദ്ദേഹം മനസില്‍ കുഴിച്ചുവെച്ച സ്‌നേഹക്കിണര്‍ എത്ര റിംഗ് ആഴമുള്ളതാണെന്ന് പെരുമാറ്റത്തില്‍ നിന്ന് ഊഹിച്ചെടുത്തു. ദക്ഷിണാമൂര്‍ത്തിക്കൊപ്പം വേദി പങ്കിട്ട ഒരു തമിഴ് സംഗീത ചക്രവര്‍ത്തിയുടെ എളിമ കണ്ട് അന്തിച്ചു പോയി. പൊരിവെയിലില്‍ മുഷിഞ്ഞു വലഞ്ഞ ഞങ്ങള്‍ക്ക്, വീട്ടില്‍ എത്തിപ്പെട്ടതു പോലെയാണ് തോന്നിയത്.


മലയാളിയാണ്. കരുണാനിധിയും മുഹമ്മദ് അലി ശിഹാബ് തങ്ങളും സി.എച് മുഹമ്മദ് കോയയും ഒന്നിച്ചിരുന്ന വേദിയില്‍ സംഗീതമഴ പെയ്യിക്കാന്‍ ക്ഷണിക്കപ്പെട്ട ചരിത്രമുള്ളയാള്‍. സംഗീതം പഠിച്ചിട്ടില്ല. പക്ഷേ, പാടിയാല്‍ മഴപെയ്യും. സംഗീതം പ്രമേയമാക്കുന്ന സിനിമകളിലെ ഡയലോഗു പോലെയല്ല. നിരവധി തവണ മഴ പെയ്യിച്ചിട്ടുണ്ട്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ ആകാശം കണ്ണീര്‍ പൊഴിക്കും. മുന്‍നിര ദേശീയ പത്രങ്ങളെല്ലാം അതിനു സാക്ഷ്യം. അംഗശുദ്ധി വരുത്തിയ ശേഷമാണ് അദ്ദേഹം സംസാരിക്കാനിരുന്നത്. പ്രായം ഏറെ ചെന്നിട്ടും സ്വരം തെല്ലും ഇടറിയിട്ടില്ല. ആ സംഗീതം പൊഴിക്കുന്നതും മഴ പെയ്യിക്കുന്നതും ദൈവം തന്നെ. ചെന്നൈ നഗരമധ്യത്തില്‍ അലക്കലും കുളിയുമായി ശരീരം കുളിരുകോരുമ്പോള്‍ അതിനേക്കാള്‍ ആര്‍ദ്രമായിരുന്നു മനസ്.

No comments:

Post a Comment