Tuesday, June 26, 2018




നമ്മള്‍


ഒപ്പമാകാനാണ് നമുക്ക് മോഹം

പക്ഷേ, എപ്പോഴുമാകുന്നില്ല

ചിലപ്പോള്‍
ഒരു മെട്രോ യാത്ര പോലെ


ഒരാള്‍ക്ക് സമയം തെറ്റും
കതകടയും; അകത്തും പുറത്തുമാകും
സമയം തെറ്റിയതാര്‍ക്കെന്നു തര്‍ക്കിക്കും
പിന്നെ, ഒരു സ്റ്റേഷന്‍ ദൂരം മൗനം
മുമ്പേ പോയി കാത്തുനില്‍ക്കും
പിമ്പേ തേടിപ്പോയി കണ്ടെത്തും
അങ്ങനെ 
വീണ്ടും നമ്മള്‍ ഒപ്പമാകും



ചിലപ്പോള്‍
ഒരു സ്‌നേഹ ശയ്യ പോലെ


ദാമ്പത്യത്തിന്റെ വറ ചട്ടിയിലേക്ക്
ദൈവം ഇട്ട രണ്ടു കഷണം മാംസം
ഉരുണ്ടു ചേരും, കൂടിക്കുഴയും 
എല്ലാം മറന്ന് ഒട്ടിപ്പിടിക്കും
പിരിമുറുകുമ്പോള്‍, 
മാംസത്തേക്കാള്‍ ചൂടുള്ള മനസു കൊണ്ട്
രണ്ടിലകളെ ദൈവം വിളക്കിച്ചേര്‍ക്കും


വെന്തെണീക്കുമ്പോ 
തൂവിപ്പോകുന്ന അല്‍പ്പം സ്‌നേഹത്തുള്ളികളെച്ചൊല്ലി 
നിന്റേതെന്നും എന്റെേതന്നും 
പിന്നെയും നാം തര്‍ക്കിക്കും
ഞരമ്പുകളിലെ തീയണഞ്ഞ്
ചട്ടി തണുത്ത്
ഒരു മൂടിക്കു കീഴില്‍
ഒന്നുറങ്ങിയെണീക്കുമ്പോ
വീണ്ടും നമ്മള്‍ ഒപ്പമാകും


നിക്കാഹിന്റെ 
പെട്ടെന്നു പൊട്ടാത്ത ചങ്ങല കൊണ്ട് 
മനസുകള്‍ കെട്ടിത്തന്നു റബ്ബ്
ഒരാള്‍ ആകാശത്തും ഒരാള്‍ ഭൂമിയിലുമായകലുമ്പോ,
നീ മണ്ണിലും ഞാനീ മണലിലും നില്‍ക്കുമ്പോ,
നിനക്ക് മഴയും എനിക്ക് വെയിലും കിട്ടുമ്പോ,
കെട്ട് വലിഞ്ഞുമുറുകുന്നതിന്റെ വേദന 
ചുടുബാഷ്പങ്ങളായി അവിടെയും ഇവിടെയും 
ഇറ്റി വീഴുന്നുണ്ട് 
മനസിന്റെ മാംസ പേശികളില്‍ 
ലോഹം മുറുകി മുറിയുന്നുണ്ട്...
ഒരു ദര്‍ശനം കൊണ്ടതുണങ്ങും
ഒരു സ്പര്‍ശനം കൊണ്ടതു മറക്കും
നമ്മള്‍ തന്നെ മുറിവുകള്‍
നമ്മള്‍ തന്നെ മരുന്നുകള്‍...



എത്രയായാലും നമ്മള്‍ രണ്ടു കഷണം മാംസമല്ലേ ടീ...
എനിക്ക് എരിവധികമാണ്, അറിയാം...
നിനക്ക് ചിലപ്പോ ഉപ്പ് അല്‍പ്പം കൂടുതലാണ് കെട്ടോ
എന്നാലും,
ഞാന്‍ നിനക്കു നീറ്റരുത്
നീയെനിക്കു ചവര്‍ക്കുകയുമരുത്..


അറിയാലോ...
ഉപ്പോ മുളകോ കയ്‌പ്പോ പുളിപ്പോ
കൂടിയാലും കുറഞ്ഞാലും
നമുക്കൊരായുസ് അന്യോന്യം രുചിച്ചു കഴിയാനുള്ളതല്ലേ
എനിക്കു നീയും നിനക്ക് ഞാനും എത്ര കൂട്ടിയാലും മടുക്കാത്ത കൂട്ടാനാകണ്ടേ...
അതിനുള്ള ചട്ടി വട്ടം മാത്രമല്ലേയുള്ളൂ ഈ ദുനിയാവ്!

(തോരാമഴ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് കോം)

No comments:

Post a Comment