Thursday, May 31, 2012


വീണ്ടും വിശ്വനാഥന്‍ 


ചെസ് ലോകത്തെ ഉദ്വേഗത്തിന്റെ സൂചിത്തലപ്പില്‍ നിര്‍ത്തിയ ലോക ചാമ്പ്യന്‍ഷിപ്പിന് തിരശ്ശീല വീണപ്പോള്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ജേതാവ്. അഞ്ചാം തവണയാണ് ആനന്ദ് ചെസ് ലോകത്തിന്റെ നെറുകയിലെത്തുന്നത്. നാലു ഗെയിം ടൈബ്രേക്കറില്‍ ഇസ്രാഈലിന്റെ ബോറിസ് ഗെഫാന്‍ഡിനെ 2.5-1.5 സ്‌കോറിന് കീഴടക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അടുത്ത ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനും ആനന്ദിന് കഴിഞ്ഞു.
12 മത്സര ക്ലാസിക്കല്‍ ഗെയിമില്‍ 6-6 എന്ന നിലയില്‍ ഇരുവരും സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം ടൈബ്രേകക്കറിലേക്ക് നീങ്ങിയപ്പോഴേ അതിവേഗ ചെസ്സിലെ അതികായനായ ആനന്ദിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ആകെ സ്‌കോര്‍ 8.5-7.5 എന്ന നിലയിലാണ് ആനന്ദ് ചാമ്പ്യനായത്. ജേതാവിനുള്ള 8.6 കോടി രൂപ ആനന്ദ് സ്വന്തമാക്കിയപ്പോള്‍ ഗെഫാന്‍ഡിന് 6.4 കോടി രൂപ സമ്മാനത്തുക ലഭിച്ചു. 2000ല്‍ ടെഹ്‌റാനിലും 2007ല്‍ മെക്‌സിക്കോയിലും 2008ല്‍ ബോണിലും 2010ല്‍ സോഫിയയിലും ആനന്ദായിരുന്നു ലോക ചാമ്പ്യന്‍.


ടൈബ്രേക്കറിലെ നാലു ഗെയിമുകളില്‍ ആദ്യ ഗെയിമില്‍ കറുത്ത കരുക്കളുമായി സമനിലയായ ശേഷം വെള്ളക്കരുക്കള്‍ നീക്കി രണ്ടാം ഗെയിമില്‍ ഗെഫാന്‍ഡിനെ വീഴ്ത്തിയതോടെ ഇന്ത്യന്‍ താരം മുന്‍തൂക്കം നേടി. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഗെഫാന്‍ഡിനായിരുന്നു മേല്‍ക്കൈ. എന്നാല്‍, 19-ാം നീക്കത്തില്‍ രാജ്ഞിക്കു മുന്നിലെ കാലാളെ മാറ്റിയത് ഗെഫാന്‍ഡിന് തിരിച്ചടിയായി. പിന്നീട് ആനന്ദ് പിഴവു വരുത്തുന്നതും കാത്തിരുന്ന ഇസ്രാഈലി താരത്തെ ആനന്ദ് കുരുക്കി.


77 നീക്കങ്ങള്‍ കണ്ട രണ്ടാം ഗെയിമില്‍ കൃത്യമായ നീക്കങ്ങള്‍ നടത്താനാകാതെ ഗെഫാന്‍ഡ് സമ്മര്‍ദത്തിനടിപ്പെട്ടത് ഉപയോഗപ്പെടുത്തുകയായിരുന്നു ആനന്ദ്. എതിരാളിയുടെ കാലാളിനെ കളത്തിനു പുറത്താക്കി മത്സരം ജയിക്കുകയായിരുന്നു ഇന്ത്യന്‍ താരം. മൂന്നാം ഗെയിമില്‍ ഗെഫാന്‍ഡിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് കണ്ടത്. പക്ഷേ, മത്സരം പുരോഗമിക്കുന്തോറും സമ്മര്‍ദത്തില്‍പ്പെട്ട് സമനില സമ്മതിച്ചു.


രണ്ടാം ഗെയിമിലെ പോലെ റോസോലിമോ ശൈലി നാലാം ഗെയിമിലും സ്വീകരിച്ച ആനന്ദ് 56 നീക്കങ്ങള്‍ കൊണ്ട് മത്സരം വരുതിയിലാക്കി. സമ്മര്‍ദ ഘട്ടങ്ങളില്‍ ശരിയായ നീക്കം നടത്തുക ദുഷ്‌കരമാണെന്ന് മത്സര ശേഷം ഗെഫാന്‍ഡ് പറഞ്ഞു. എതിരാളിയുടെ തന്ത്രങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നായിരുന്നു ആനന്ദിന്റെ പ്രതികരണം.







ഇതെന്തൊരാനന്ദ്ം..!


റഷ്യയുടെ തലസ്ഥാന നഗരിയില്‍ വിശ്വനാഥന്‍ ആനന്ദ് ഒരിക്കല്‍ കൂടി അടിവരയിട്ടത് ഒന്നുതന്നെ സമകാലിക ചെസ് രാജാക്കന്മാരില്‍ അതിവേഗതയുടെ ചതുരംഗപ്പലകയില്‍ ചക്രവര്‍ത്തി താന്‍ തന്നെ. നാലു വട്ട ചാമ്പ്യനായ തന്നെ 12 ഗെയിം പോരാട്ടത്തില്‍ തളച്ചിട്ട് ടൈബ്രേക്കറിലേക്ക് എത്തിച്ച ഇസ്രാഈലി പ്രതിഭാധനന്‍ ബോറിസ് ഗെഫാന്‍ഡ് സമ്മര്‍ദങ്ങളിലെ തേരാളിയുടെ കഥ അനുഭവിച്ചറിയുകയായിരുന്നു. അതിവേഗ ചെസ്സിലെ കുലപതിക്കു മുമ്പില്‍ ഗെഫാന്‍ഡ് തലകുനിച്ചപ്പോള്‍ മസ്തിഷ്‌കങ്ങളുടെ പടക്കളത്തില്‍ ഇന്ത്യ തലയില്‍ ചൂടിയത് അഞ്ചാം കിരീടം.
വൈവിധ്യ ചെസ്സിന്റെ തമ്പുരാനെന്നാണ് ചെക്-അമേരിക്കന്‍ ചെസ് ചാമ്പ്യനായ ലുബോമിര്‍ കവാലെക് ആനന്ദിനെ വിശേഷിപ്പിച്ചത്. ടൂര്‍ണമെന്റ്, മാച്ച്, റാപ്പിഡ്, നോക്കൗട്ട് എന്നിങ്ങനെ ചെസ്സിന്റെ വിഭിന്ന തരങ്ങളില്‍ ചാമ്പ്യനായ ഏകതാരമെന്ന ആനന്ദിന്റെ നേട്ടം തന്നെയായിരുന്നു പ്രശംസക്കു പിന്നില്‍.




2000 മുതല്‍ 2002 വരെ ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് ആനന്ദായിരുന്നു. 2007ലാകട്ടെ ആനന്ദിന്റെ കിരീടം 'അവിതര്‍ക്കിത'മായിരുന്നു. 14 മത്സരങ്ങളില്‍ നാലു വിജയവും പത്തു സമനിലയും. ടൂര്‍ണമെന്റില്‍ തോല്‍വി വഴങ്ങാത്ത ഏക താരവും ഇന്ത്യയുടെ ഈ ചെന്നൈ സൂപ്പര്‍ കിംഗ് ആയിരുന്നു. 2008ല്‍ റഷ്യയുടെ വഌഡിമിര്‍ ക്രാംനിക്കിനെതിരെ കിരീടം നിലനിര്‍ത്തി. 2000 മുതല്‍ 2006 വരെ ക്ലാസിക്കല്‍ ചെസ്സിലെ ലോക താരമായിരുന്നു ക്രാംനിക്ക് എന്നോര്‍ക്കണം. 2006, 2007 വര്‍ഷങ്ങളില്‍ ഇതേ ഇനത്തില്‍ ലോക ചാമ്പ്യനും. 2010ല്‍ വെസലിന്‍ ടോപലോവിനെ പരാജയപ്പെടുത്തിയും ചതുരംഗക്കളങ്ങളുടെ ഉന്നത പീഠത്തില്‍ ഇരിപ്പുറപ്പിച്ചു.




ഫിഡെ റേറ്റിംഗ് പട്ടികയില്‍ 2800 പോയിന്റ് പിന്നിട്ട ചരിത്രത്തിലെ ആറു കളിക്കാരില്‍ ഒരാളായും ആനന്ദ് ആനന്ദം കൊണ്ടു. 2007ല്‍ ലോക റാങ്കിംഗില്‍ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആനന്ദിലൂടെ ഇന്ത്യ അഭിമാനം കൊണ്ടു. ആ വര്‍ഷം ഏപ്രില്‍ മുതല്‍ 2008 ജൂലൈ വരെ 15 മാസത്തിനിടെ ആറു തവണ റാങ്കിംഗ് പുതുക്കിയപ്പോള്‍ അഞ്ചു തവണയും ആനന്ദിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ല.




2008 ഒക്ടോബറില്‍ ഇന്ത്യയുടെ ചെസ് രാജന്‍ ലോക ചെസ്സിന്റെ ഉന്നത സിംഹാസനത്തില്‍ നിന്നു മാത്രമല്ല ആദ്യ മൂന്നു സ്ഥാനങ്ങളില്‍ നിന്നു തന്നെ താഴെയിറക്കപ്പെട്ടു. എന്നാല്‍, മനോവീര്യത്തിന്റെ കടിഞ്ഞാണു പിടിച്ച് സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച വിശ്വനാഥന്‍ ആനന്ദ് 2010 നവംബര്‍ ഒന്നിന് വീണ്ടും ഒന്നാമനായി. ഒന്നാം സ്ഥാനത്തിരിക്കുകയായിരുന്ന മാഗ്‌നസ് കാള്‍സനെ ബില്‍ബാവൊ മാസ്‌റ്റേഴ്‌സില്‍ പരാജയപ്പെടുത്തുകയായിരുന്നു. പക്ഷേ, പിറ്റേ വര്‍ഷം കാള്‍സന്‍ തന്റെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
1987ല്‍ ഇന്ത്യയുടെ ആദ്യയുടെ ഗ്രാന്റ് മാസ്റ്ററായ ആനന്ദ് തന്നെയാണ് ഇന്ത്യന്‍ കായിക താരത്തിനു ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ആദ്യമായി സ്വന്തമാക്കിയതും. 

2 comments:

  1. This comment has been removed by the author.

    ReplyDelete
  2. നല്ല പോസ്റ്റ്‌ ആണ് കേട്ടോ !!

    Levis
    www.netinfozblog.in

    ReplyDelete