Tuesday, May 29, 2012

വീരുവിന്റെ മണ്ടത്തരങ്ങള്‍





ചെന്നൈ: അടുത്ത കാലത്തൊന്നും മഹേന്ദ്രസിംഗ് ധോണിയുടെ ഇന്ത്യന്‍ നായക കസേരക്കു വേണ്ടി വീരേന്ദര്‍ സെവാഗ് കരുനീക്കം നടത്തേണ്ടതില്ല. പരസ്പരം ഓരോ വിജയങ്ങള്‍ക്കു ശേഷം ഡല്‍ഹി ഡെയര്‍ഡെവിള്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടിയ ഐ.പി.എല്‍ യോഗ്യതാ ഘട്ടം എന്ന ധോണി-സെവാഗ് 'ഫൈനലില്‍' സെവാഗ് കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങള്‍ തന്നെ കാരണം. 86 റണ്‍സിന് ധോണിപ്പട എതിരാളികളെ നിക്കറൂരി വിട്ടു എന്നു പറഞ്ഞാല്‍ അധികമാവില്ല.
ഐ.പി.എല്ലില്‍ അതിവേഗം ലീഗ് ഘട്ടം പിന്നിട്ട് കരുത്ത് വിളംബരം ചെയ്യാന്‍ തങ്ങളെ സഹായിച്ച വിജയ ഘടകങ്ങളെല്ലാം പൊളിച്ചെഴുതി തോല്‍വി ഇരന്നു വാങ്ങുകയായിരുന്നു സെവാഗ്.

\



ചാമ്പ്യന്‍ഷിപ്പിലെ വിക്കറ്റ് വേട്ടക്കാരന്‍ മോണി മോര്‍ക്കലിനെയും മികച്ച പിന്തുണ നല്‍കിയിരുന്ന ഇര്‍ഫാന്‍ പത്താനെയും മാറ്റിനിര്‍ത്തുക, അരങ്ങേറ്റ മത്സരത്തില്‍ പന്തെടുത്ത സണ്ണി ഗുപ്തയെ ആദ്യ ഓവറിന് നിയോഗിക്കുക, ടോസ് ജയിച്ചിട്ടും അവസാന സമയത്ത് ബൗളിംഗിന് അനുകൂലമാകുന്ന പിച്ചില്‍ ബൗളിംഗ് തെരഞ്ഞെടുക്കുക - അതും ദുര്‍ബലമായ ബൗളിംഗ് നിരയെ വെച്ച് -, ടോപ് സ്‌കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്തുള്ള താന്‍ നിര്‍ണായക പോരാട്ടത്തില്‍ പതിവ് സ്ഥാനമായ ഓപണിംഗ് വിട്ട് പരിചയമില്ലാത്ത മൂന്നാം നമ്പറില്‍ കളിക്കുക തുടങ്ങിയവയായിരുന്നു നിര്‍ണായക മത്സരത്തിനിടെ സെവാഗ് സ്വന്തം ചെലവില്‍ നടത്തിയ കലാപരിപാടികള്‍. കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തില്‍ നിന്ന് ഒന്നും പഠിച്ചിരുന്നില്ലെന്നു മാത്രമല്ല, അതിലേക്ക് പുതിയ ചില മണ്ടത്തരങ്ങള്‍ കൂടി ഡല്‍ഹിയുടെ വീരന്‍ ചേര്‍ത്തു വെച്ചു.

16 കളികളില്‍ 25 വിക്കറ്റെടുത്ത മോര്‍ക്കല്‍ ലീഗ് മത്സരത്തില്‍ നാലോവറില്‍ 19 റണ്‍സ് മാത്രം അനുവദിച്ച് ചെന്നൈയുടെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ധോണിയും സംഘവും എട്ടിന് 110 എന്ന സ്‌കോറില്‍ കളിയവസാനിപ്പിക്കേണ്ടി വന്നിരുന്നു.
രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനു വേണ്ടി കളിച്ചുവെന്നല്ലാതെ ഐ.പി.എല്ലിലെ ശിശുവായിരുന്നു സണ്ണി ഗുപ്ത. ഇതറിയാവുന്ന ചെന്നൈയുടെയും തമിഴ്‌നാടിന്റെയും ഓപണര്‍ കൂടിയായ മുരളി വിജയ്ക്ക് അഞ്ചാം ഐ.പി.എല്ലിലാദ്യമായി ആത്മവിശ്വാസം പെരുത്തുകയറി. തുടക്കം മുതലേ മുരളി ഓഫ് സ്പിന്നര്‍ക്കു മേല്‍ കുതിര കയറുകയും ചെയ്തു. ആദ്യ രണ്ടു പന്തുകള്‍ ബൗണ്ടറിയില്‍. അതില്‍ തിരിച്ചു വരാന്‍ യുവതാരത്തിനായില്ല. മൂന്നാം ഓവറില്‍ 23 റണ്‍സ്. മൂന്നോവര്‍ മാത്രമാണ് സണ്ണി ഗുപ്ത പന്തെറിഞ്ഞത്. വിക്കറ്റൊന്നുമില്ലാതെ 47 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഓവറില്‍ 15.66 റണ്‍സ് ശരാശരിയിലായിരുന്നു ചെന്നൈയുടെ സ്‌കോറിംഗ്. സണ്ണിഗുപ്ത ഒരിക്കലും ഓര്‍മിക്കാനാഗ്രഹിക്കാത്ത മത്സരമായി അരങ്ങേറ്റം. തലയ്ക്കല്‍ മുരളിക്കു തീപിടിച്ചതിനു പിന്നാലെ ചെന്നൈയുടെ നടുവിലേക്കും വാലിലേക്കുമെല്ലാം തീ പടര്‍ന്നു. ആരെ ശ്രദ്ധിക്കണമെന്നറിയാതെ ഡല്‍ഹി ബൗളര്‍മാര്‍ കുഴഞ്ഞു. ക്യാപ്റ്റന്‍ സെവാഗും ഒരു കൈ നോക്കി. ആ ഓവറില്‍ പിറന്നത് 21 റണ്‍സ്. അതോടെ സെവാഗ് മതിയാക്കി. ക്ലാസിക് ബാറ്റിംഗിലൂടെ എതിരാളികളെ ചവുട്ടിമെതിച്ച് മുരളി സെഞ്ച്വറിയും (113) കടന്ന് പോയി. തത്വത്തില്‍ അവസാന പന്തില്‍ റണ്‍ഔട്ടായെങ്കിലും ഫലത്തില്‍ ഡല്‍ഹിക്ക് അതുകൊണ്ട് പ്രത്യേക ഗുണമൊന്നുമുണ്ടായില്ല.




മോര്‍ക്കലിനു പത്താനും പുറമെ നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ചവെച്ച ശഹബാസ് നദീമിനെയും പുറത്തിരുത്താനായിരുന്നു സെവാഗിന്റെ വലിയ തലയില്‍ ഉദിച്ച ബുദ്ധി. എട്ടു വിക്കറ്റെടുക്കുകയും 16 റണ്‍സിന് മൂന്നു വിക്കറ്റ് എന്ന മികച്ച ബൗളിംഗ് കാഴ്ചവെക്കുകയും ചെയ്തിരുന്നു നദീം. ചെന്നൈയുടെ കടന്നാക്രമണത്തിനിടയിലും ഓവറില്‍ ഒമ്പതിനു താഴെ റണ്‍ വിട്ടുകൊടുത്ത പവന്‍ നഗിക്കു പിന്തുണ നല്‍കാന്‍ നദീമിനാകുമായിരുന്നു. 12 കളികളില്‍ ഓവറില്‍ എട്ടില്‍ താഴെ റണ്‍സ് മാത്രമാണ് നദീം വഴങ്ങിയിട്ടുള്ളത്.

222 എന്ന റണ്‍സിന്റെ മാമത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ സെവാഗ് അടവറിയാത്ത മൂന്നാം നമ്പറിലേക്ക് മാറി ഒരു റണ്ണുമായി മടങ്ങിയതോടെ ഡല്‍ഹിയുടെ കഥകഴിഞ്ഞതായിരുന്നു.




മത്സര ശേഷം മോര്‍ക്കലിന്റെ അഭാവം ശരിക്കും ഫലിച്ചെന്നും നിര്‍ഭാഗ്യവശാല്‍ പത്താന് പരിക്കു ബാധിച്ചെന്നും സെവാഗ് കുമ്പസരിച്ചു. എന്നാല്‍ മത്സരത്തിനു തൊട്ടുമുമ്പ് ടീം ഉപദേശകന്‍ ടി.എ ശേഖര്‍ പറഞ്ഞത് പത്താന്‍ നൂറു ശതമാനം ആരോഗ്യവാനാണെന്നും ടീമിലുണ്ടാകുമെന്നുമാണ്.




2010 ലോകകപ്പ് ഫുട്‌ബോള്‍ സെമിഫൈനലില്‍ സ്‌പെയ്ന്‍ ജര്‍മനിയെ നേരിട്ടപ്പോള്‍ സ്പാനിഷ് നിരയില്‍ ഫെര്‍ണാണ്ടോ ടോറസ് കളിക്കാത്തത് അത്ഭുതമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് യൂറോ ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചത് ടോറസിന്റെ ഗോളായിരുന്നു. എന്നാല്‍, ടോറസിനു പകരം കോച്ച് വിന്‍സന്റ് ഡല്‍ബോസ്‌ക് കളിപ്പിച്ചത് പെഡ്രോ റോഡ്രിഗസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയെ മറികടക്കാന്‍ സ്‌പെയ്‌നെ സഹായിച്ചിരുന്നു പെഡ്രോ. ജര്‍മനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പെഡ്രോയുടെ വേഗത ജര്‍മനിയുടെ വിജയത്തില്‍ ഘടകമായി. അതൊരു കോച്ചിന്റെ മാസ്റ്റര്‍ സ്‌ട്രോക്കായിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ടായിരുന്നിരിക്കണം. പക്ഷേ, മാറിച്ചിന്തിക്കാന്‍ സെവാഗിനുണ്ടായിരുന്ന കാരണങ്ങള്‍ എന്തായിരുന്നു ആവോ. ഏതായാലും ഐ.പി.എല്ലില്‍ ഏറ്റവും നന്നായി കളിച്ച് കപ്പര്‍ഹിച്ച സംഘം അനുതാപം അര്‍ഹിക്കാത്ത വിധം പുറത്തായതില്‍ നായകന്റെ വിക്രിയകള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണം. മോര്‍ക്കലിനൊപ്പം ടീമിനെ ചുമന്ന് കൊണ്ടു വന്നത് ഇങ്ങനെ പടിക്കല്‍ കൊണ്ടിടാനായിരുന്നോ എന്ന് സ്വയം ചോദിക്കാവുന്നതാണ് സെവാഗിന്.

No comments:

Post a Comment