യൂറോപ്പ് വിളിക്കുന്നു
ഇന്നേക്ക്് ഏഴാം നാള്‍ പോളണ്ടിലും ഉക്രൈനിലുമായി യൂറോപ്പിന്റെ കനക സിംഹാസനത്തിലേക്കുള്ള യാത്ര തുടങ്ങും. വന്‍കരയുടെ പവര്‍ഹൗസുകള്‍ തകരര്‍ത്ത് മുന്നേറി മറ്റൊരു ഗ്രീസ് പിറക്കുമോ എന്ന് പ്രവചിക്കുക സാധ്യമല്ല. ഇത് ഫുട്‌ബോളാണ്. 90 മിനുട്ടിന്റെ കളി വൃത്തത്തില്‍ അവസാന നിമിഷം വരെ ഗതി മാറിയേക്കാവുന്ന അപ്രവചനീയ ഗെയിം.
എ, ബി, സി, ഡി എന്നീ നാലു ഗ്രൂപ്പുകളിലായി നാലു വീതം ടീമുകളായാണ് അങ്കം. പരസ്പരം ഓരോ പോരാട്ടങ്ങള്‍ക്കു ശേഷം ആദ്യ രണ്ടു സ്ഥാനത്തു വരുന്നവര്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കയറും. സംയുക്ത ആതിഥേയരായ പോളണ്ട് ഗ്രൂപ്പ് എയിലും ഉക്രൈന്‍ ഗ്രൂപ്പ് ഡിയിലുമാണ്. ഗ്രൂപ്പുകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇന്നു മുതല്‍ വായിക്കാം.
ഗ്രൂപ്പ് എ (പോളണ്ട്, ഗ്രീസ്, റഷ്യ, ചെക് റിപ്പബ്ലിക്)
കരിങ്കുതിരകളുടെ പറ്റം
ഒറ്റ നോട്ടത്തില്‍ ഗ്രൂപ്പ് എയെ
മനസിലാക്കാം. മുന്‍ ചാമ്പ്യന്മാരെന്നു പേരുണ്ടെങ്കിലും ഗ്രീസടക്കം ആരും കിരീട
സാധ്യത കല്‍പ്പിക്കപ്പെടുന്ന വമ്പന്‍മാരുടെ പട്ടികയില്‍ വരില്ല. എന്നാല്‍, ഇതില്‍
ഏതെങ്കിലുമൊരു ടീം നിശ്ചിത ഘട്ടത്തില്‍ പുറത്താകുമെന്നും പറയാനൊക്കില്ല. ഏത്
വമ്പനെയും മറിച്ചിട്ട് ഈ ടീമുകളിലൊന്ന് കപ്പുയര്‍ത്തിയാലും ആരും
അത്ഭുതപ്പെടില്ല.ആതിഥേയരാണ് പോളണ്ട്്
ഗ്രൂപ്പില്‍ താരതമ്യേന നാലാം സ്ഥാനക്കാരെങ്കിലും ആതിഥേയരെന്ന നിലക്ക് ഫുട്‌ബോളിന്റെ അലിഖിത നിയമപ്രകാരം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെങ്കിലും മുന്നേറേണ്ടവരാണ് പോളണ്ട്. അതിനപ്പുറം സൗഹൃദ മത്സരങ്ങളില്‍ വലിയ ടീമുകളെ നേരിട്ടാണ് അവരുടെ വരവ്. അര്‍ജന്റീനയും ജര്‍മനിയുമായിരുന്നു എതിരാളികള്‍. ജൂണില്‍ അര്‍ജന്റീനയെ 2-1ന് തുരത്തി. പക്ഷേ, ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവരൊന്നും എതിര്‍ നിരയിലുണ്ടായിരുന്നില്ല. ജര്‍മനിക്കെതിരെ സെപ്തംബറില്‍ 2-2 ഫലം നേടിയതിനെ അതിലും മികച്ച ഫലമായി വേണം കാണാന്‍.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂഷ്യ ഡോര്‍ട്ട്്മുണ്ടിനെ കിരീടം ചൂടിച്ച റോബര്‍ട്ട് ലെന്‍ഡോവ്‌സ്‌കിയാണ് പോളണ്ടിന്റെ തുറുപ്പു ചീട്ട്. ഈ വര്‍ഷം ബുണ്ടസ് ലീഗയിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ലെന്‍ഡോവ്‌സ്‌കിയുടെ ഫോം ടീമിന്റെ ഇന്ധനമായേക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. പക്ഷേ, 23കാരന്റെ ക്ലാസിനൊത്തൊരു മുന്‍നിരക്കാരനില്ലാത്തത് പോളിഷ് ദുഖമാണ്. അത് മറികടക്കാന്‍ 4-2-3-1 ശൈലിയില്‍ ലെന്‍ഡോവ്‌സ്‌കിക്ക് മികച്ച പിന്തുണ കിട്ടും വിധം ടീമിനെ അണികെട്ടുക എന്നതാണ് കോച്ച് ഫ്രാന്‍സിചെക് സ്മൂഡയുടെ തന്ത്രം. പ്രകടനത്തിലെ സ്ഥിരത പരിഗണിക്കുമ്പോള്‍ ക്ലബ്-രാജ്യ ഭേദമില്ലാതെ മിന്നുന്ന പിന്‍നിരക്കാരന്‍ ലൂകാസ് പിസ്‌ചെക്കായിരിക്കും കാണികളുടെ പിന്‍ബലത്തില്‍ എതിരാളികളുടെ വഴിമുടക്കുന്നവന്‍.
യവനന്മാര്‍ക്ക്
വെറ്ററന്‍ വീര്യം
ഒരു പറ്റം അജ്ഞാത ഫുട്‌ബോളര്‍മാരുമായി വന്നാണ് 2008ല്‍ ഗ്രീസ് കപ്പില്‍ മുത്തമിട്ടത്. ഗ്രീസില്‍ ഒതുങ്ങുന്നവരായതു കൊണ്ട് ക്ലബ് മത്സരങ്ങളില്‍ പോലും യവനന്മാരെ നേരിട്ട പരിചയം ഇത്തവണയും മറ്റുള്ളവര്‍ക്ക് കുറവായിരിക്കും. 23 പേരില്‍ 17 പേരും ഗ്രീക് ലീഗില്‍ പന്തു തട്ടുന്നവരാണ്. ക്യാപ്റ്റന്‍ ജിയോര്‍ഗസ് കാരഗൂണിസിനു പോലും സ്വന്തം ക്ലബ് പനാത്തിനായിക്കോസിനോളമേ പ്രശസ്തിയുള്ളൂ. അതേസമയം, യൂറോ, ലോകകപ്പ് അടക്കമുള്ള വലിയ വേദികളുടെ സമ്മര്‍ദ്ദം അനുഭവിച്ച് ശീലമുള്ള വെറ്ററന്‍മരെയാണ് ഇത്തവണ കോച്ച് ലിയോണിഡാസ് വോകോലോസ് അണിനിരത്തിയിരിക്കുന്നത്.
2004ലെ യൂറോ കിരീടധാരണം മാറ്റിനിര്‍ത്തിയാല്‍ വലിയ വിജയഗാഥകളൊന്നുമില്ലാതിരുന്നിട്ടും ഫിഫ റാങ്കിംഗില്‍ നിലവില്‍ 14-ാം സ്ഥാനത്തുള്ളത് ഗ്രീസിന്റെ ശക്തിയറിയിക്കുന്നു. കേവലം മൂന്നു വട്ടം മാത്രമാണ് ഗ്രീസ് യൂറോയില്‍ ഫൈനല്‍ റൗണ്ടില്‍ കാലുകുത്തിയത്. അതില്‍ ഒരു തവണ കപ്പും സ്വന്തമാക്കി. ആരും മുന്നേറാവുന്ന ഗ്രൂപ്പില്‍ ഭാഗ്യം കൂടിയുണ്ടെങ്കിലേ ഗ്രീസിനു മുന്നേറാനാകൂ.

ക്ലാസ് റഷ്യ
ഒരു പക്ഷേ, സ്‌പെയ്‌നിനോളം യൂറോപ്പില്‍ സൗന്ദര്യ ഫുട്‌ബോള്‍ കാഴ്ചവെക്കുന്നവരാണ് റഷ്യക്കാര്‍. ഹോളണ്ടിന്റെ പ്രസിദ്ധമായ ടോട്ടല്‍ ഫുട്‌ബോളിനു വേണ്ടി ദാഹിക്കുന്നവരാണ് റഷ്യ. ഡച്ചുകാരന്‍ ഗസ് ഹിഡിങ്കിന്റെ കീഴില്‍ ഏറെക്കുറെ അത് ഫലപ്രദമാക്കിയ ശേഷം മറ്റൊരു ഡച്ചുകാരന്‍ ഡിക് അഡ്വക്കേറ്റിനെ കോച്ചായി വരിച്ചതിനു പിന്നിലും അതാണ് ലക്ഷ്യം. റഷ്യന്‍ താരങ്ങളുടെ കരുത്തറിയണമെങ്കില്‍ ക്ലബ് ഫുട്‌ബോളിലെ വമ്പന്മാര്‍ റഷ്യന്‍ ക്ലബുകളോട് ഏറ്റു മുട്ടിയതിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ മതി. വമ്പന്‍മാരായ റയല്‍ മാഡ്രിഡു പോലും ചരിത്രത്തിലിന്നോളം റഷ്യയില്‍ വിജയിച്ചിട്ടില്ല.
2008ലെ യൂറോയില്‍ കപ്പര്‍ഹിച്ച സംഘമായിരുന്നു റഷ്യക്കാര്‍. ആന്ദ്രെ അര്‍ഷാവിനെ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിലേക്കും റോമന്‍ പാവ്‌ല്യുചെങ്കോയെ ആര്‍സനലിന്റെ അയലത്തെ ശത്രുക്കളായ ടോട്ടന്‍ഹാം ഹോട്‌സ്പറിലേക്കും എത്തിച്ച ടൂര്‍ണമെന്റായിരുന്നു 2008ലേത്. ഫുട്‌ബോളില്‍ വ്യക്തമായ വിലാസമുണ്ടായിരുന്ന റഷ്യ ഇപ്പോഴും ഒട്ടും പിന്നിലല്ല. ഫിഫ റാങ്കിംഗില്‍ 11-ാം സ്ഥാനത്തുണ്ട് അവര്‍. 1960ലെ ചാമ്പ്യന്മാരായിരുന്നു റഷ്യക്കാര്‍.
നിരന്തരം ശക്തമായ ആക്രമണം നയിക്കുമ്പോഴും പിന്‍നിര മറന്നുള്ള അന്ധമായ ഫുട്‌ബോളല്ല റഷ്യയുടേത് ലക്ഷ്യബോധമുള്ള പ്രൊഫഷണലിസത്തിന്റെ വക്താക്കളാണവര്‍. നേരത്തെ 4-4-2 ശൈലിയില്‍ കളിച്ചിരുന്ന ടീം. ഇത്തവണ 4-3-2-1 ഫോര്‍മേഷനിലായിരിക്കും അണിനിരക്കുക.
സെറ്റ് പീസുകളിലും റഷ്യ എതിരാളികള്‍ക്ക് പേടി സ്വപ്‌നമാകും. സെര്‍ജീ ഇഗ്്‌നാഷെവിച്ചും അര്‍ഷാവിനും ഇതില്‍ വിദഗ്ധരാണ്. 2009ല്‍ ലിവര്‍പൂളിനെതിരെ നാലു ഗോളടിച്ച അര്‍ഷാവിനെ ഏത് ഘട്ടത്തിലും എതിരാളികള്‍ കരുതിയിരിക്കേണ്ടി വരും.
കോച്ച് ഡിക് അഡ്വക്കേറ്റും റഷ്യന്‍ സംഘത്തില്‍ പേടിക്കേണ്ട പേരുകളില്‍പ്പെടുന്നു. റേഞ്ചേഴ്‌സ് ക്ലബ് ആദ്യമായി ഒരു വിദേശ പരിശീലകനെ സ്വീകരിക്കാന്‍ തയാറായത് ഡിക്കിനെയാണ്. 1994ലെ ലോകകപ്പില്‍ ദേശീയ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലും 2004ലെ യൂറോയില്‍ ദേശീയ ടീമിനെ അവസാന നാലിലും എത്തിച്ച കരുത്തറിയിച്ചിട്ടുണ്ട് ഡിക് അഡ്വക്കേറ്റ്. 2008ല്‍ റഷ്യന്‍ ടീം സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ യൂവേഫ കപ്പ് ചാമ്പ്യനാക്കിയ ഡിക്കിന് റഷ്യന്‍ ഫുട്‌ബോളിനെ അടുത്തറിയാം.
ആര്‍ക്കും ചെക്കാണ് ചെക്ക്
ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക് സമ്മാനിച്ചത് സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അല്ല, പീറ്റര്‍ ചെക്കാണെന്നാണ് മറുവാദം. ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടിയതില്‍ ദ്രോഗ്ബക്കും ചെക്കിനും ഒരു പോലെ പങ്കുണ്ടെന്നതാണ് സത്യം. നിശ്ചിത സമയത്ത് സമനില ഗോള്‍ നേടി ദ്രോഗ്ബ തിളങ്ങിയപ്പോള്‍ അധിക സമയത്ത് ബയേണ്‍ മ്യൂണിച്ചിന്റെ പ്രധാന താരം ആര്യന്‍ റോബന്റെ പെനാല്‍ട്ടി കിക്ക് തടഞ്ഞിട്ടു കൊണ്ടാണ് ചെക്ക് മിടുക്കു കാട്ടിയത്. ഷൂട്ടൗട്ടില്‍ വാന്‍ ബയ്ട്ടന്റെ കിക്ക് തടയുന്നതില്‍ ചെക്ക് പ്രകടമാക്കിയത് കൈവിരുതിനപ്പുറം കലാവിരുതായിരുന്നുവെന്നു വേണം കരുതാന്‍. ബാറിനു കീഴെ ചെക്കിന്റെ വിശ്വസ്ത കരങ്ങളെ വിശ്വസിച്ചാണ് ചെക് റിപ്പബ്ലിക്കിന്റെ പടയൊരുക്കം.
മെയ് വഴക്കത്തില്‍ കേമനായ ചെക്കിനെ റീബൗണ്ട് പന്തുകളില്‍ പോലും കീഴടക്കുക പ്രയാസം. 2008ല്‍ തുര്‍ക്കിക്കെതിരെ 87-ാം മിനുട്ടില്‍ മിസ്പാസ് നല്‍കി ടീം ക്വാര്‍ട്ടറിലെത്തുന്നതിന് വിഘ്‌നം നിന്നതിന്റെ ദുരന്ത സ്മരണകള്‍ മായ്ച്ചു കളയേണ്ടതുണ്ട് ചെക്കിന്.
ഒരു പക്ഷേ, ഗ്രൂപ്പില്‍ ഒന്നാമന്മാരാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന റഷ്യക്കൊപ്പമാണ് ചെക് റിപ്പബ്ലിക്കിന്റെ സ്ഥാനം.
മിലാന്‍ ബാരോസ് വീണ്ടും ചെക് കുപ്പായത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുമോ എന്ന് ആരാധകര്‍ കാത്തിരിക്കുന്നുണ്ടെങ്കിലും തോമസ് പെക്കാര്‍ട്ടായിരിക്കും ഇത്തവണ ചെക് റിപ്പബ്ലിക്കിന്റെ മുന്‍നിരയിലെ ഹീറോ. 4-2-3-1 ശൈലിയില്‍ ആക്രമണം തന്നെയാണ് ടീമിന്റെ മുഖമുദ്ര.
ഇത്തവണ പിന്‍നിരയിലുമുണ്ട് ഒരു താരം- മൈക്കല്‍ കാഡ്‌ലെക്. ബയര്‍ ലെവര്‍ക്യൂസന്റെ താരം യോഗ്യതാ റൗണ്ടില്‍ നാലു ഗോളുകളുമായി ടീമിന്റെ ടോപ് സ്‌കോററാണ്. ഇതില്‍ മൂന്നെണ്ണം സ്‌പോട്ട് കിക്കില്‍ നിന്നാണെന്നത് ടീം കാഡ്്‌ലെക്കില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ കാണിക്കുന്നു.
ഗ്രൂപ്പ് - ബി (ഹോളണ്ട്, ഡന്‍മാര്‍ക്ക്, ജര്‍മനി, പോര്‍ചുഗല്‍)
മരണ മണിക്ക് കാതോര്‍ത്ത്
കരുത്തും വീര്യവും അളവു കോലായെടുക്കുമ്പോള്‍ യൂറോ കപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ ഗ്രൂപ്പ് ബിയില്‍ നടക്കുമെന്ന് സധൈര്യം പ്രവചിക്കാം. നാലു ടീമുകളും ഫിഫ റാങ്കിംഗില്‍ ആദ്യ പത്തിനുള്ളിലുള്ളവര്‍. സൂപ്പര്‍ താരങ്ങളുടെ കുറവുണ്ടെങ്കിലും ഡന്മാര്‍ക്ക് ഒരു ചെറുകിട സംഘമാണെന്ന് ആരും പറയില്ല. പിന്നെയുള്ളത് മൂന്നു നക്ഷത്രക്കൂട്ടങ്ങള്‍. ആര്യന്‍ റോബനും റോബിന്‍ വാന്‍പേഴ്‌സിയും അണിനിരക്കുന്ന ഹോളണ്ടും മസൂദ് ഓസില്‍, സമി ഖദീറ, മാന്വല്‍ ന്യൂയര്‍ എന്നിവരില്ലായിരുന്നെങ്കില്‍ പോലും ടൂര്‍ണമെന്റുകളിലെ ഫേവറേറ്റുകളായ ജര്‍മനിയും യൂറോപ്പിലെ ബ്രസീലെന്നറിയപ്പെടുന്ന പോര്‍ചുഗലും. ലയണല്‍ മെസ്സിയില്ലാത്ത ടൂര്‍ണമെന്റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ കളിയാട്ടങ്ങള്‍ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോള്‍ ആരാധകരുടെ പ്രിയ ടീമുകളില്‍ ഒന്ന് പടിക്കു പുറത്തായിരിക്കുമെന്ന് ചുരുക്കം. ടോപ് സ്‌കോറര്‍മാരിലെ ആദ്യ നാലു പേരില്‍ ആദ്യത്തെ രണ്ടാളടക്കം മൂന്നു പേരും ഈ ഗ്രൂപ്പിലാണ്. ഏഴാമത്തെയും എട്ടാമത്തെയും ടോപ് സ്‌കോററും ഇതേ ഗ്രൂപ്പിലാണെന്നതു കൂടി കണക്കിലെടുത്താല്‍ ഒരു ഗോള്‍ പെരുമഴക്കുള്ള ഇടിമുഴക്കങ്ങള്‍ ഗ്രൂപ്പ് ബിയില്‍ നിന്നു കേള്‍ക്കാം. ലീഗ് മത്സരങ്ങള്‍ തോര്‍ന്ന് കഴിയുമ്പോള്‍ യൂറോയുടെ ചില്ലുവാതില്‍ തുറന്ന് പുറത്തേക്ക് പതിക്കുന്നതാരെല്ലാമെന്ന് ആര്‍ക്കറിയാം.
ഓറഞ്ചു പാടങ്ങള്‍ പൂക്കുമോ
ഹോളണ്ട് എന്ന് കേള്‍ക്കുന്നതും ഓറഞ്ചില്‍ മുങ്ങിയ 11 പേരെ മൈതാനത്തു കാണുന്നതും ഫുട്‌ബോള്‍ ആരാധകരില്‍ ഉണര്‍ത്തി വിടുന്ന ഗൃഹാതുരത്വം ചെറുതല്ല. ഹോളണ്ട് പുറത്താകുമ്പോള്‍ ഡച്ച് ആരാധകര്‍ അല്ലാത്തവര്‍ പോലും കരയുന്നു. കാരണം, മനോഹരമായി കളിക്കാതെ ടൂര്‍ണമെന്റുകളില്‍ നിന്ന് മടങ്ങുന്ന ശീലമില്ല അവര്‍ക്ക്. 2010 ലോകകപ്പ് ഫൈനലില്‍ പക്ഷേ, സ്‌പെയ്‌നിന്റെ ബ്യൂട്ടിഫുള്‍ ഗെയിമിനോട് അവര്‍ സുല്ലിട്ടു. അതുകൊണ്ടു തന്നെ ഹോളണ്ടിന്റെ വീഴ്ച കാവ്യനീതിയായി നിരീക്ഷിക്കപ്പെടുകയും ചെയ്തു.
ഇത്തവണ യൂറോ കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന തുല്യ ശക്തികളായ അഞ്ചു ടീമുകളെങ്കിലുമുണ്ട്. അതില്‍ ഹോളണ്ടുമുണ്ട്. റോബനും വാന്‍പേഴ്‌സിയും ഡിര്‍ക് കുയ്റ്റും വെസ്‌ലി സ്‌നൈഡറും ക്ലാസ് യാന്‍ ഹണ്ട്‌ലാറും ഒരേ ടീമിന്റെ കുപ്പായമിടുമ്പോള്‍ അവര്‍ കപ്പ് നേടാതിരുന്നാലാണ് അത്ഭുതം. ഹോളണ്ട് മുന്നോട്ടു പോകുന്ന പക്ഷം എതിരാളികള്‍ ഗോളുകള്‍ വാരിക്കൂട്ടേണ്ടി വരും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ വാന്‍പേഴ്‌സിയും, ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ടോപ് സ്‌കോറര്‍ ഹണ്ട്‌ലാറും മാറി മാറി മുന്നേറ്റ നിരയുടെ വളയം പിടിക്കുന്ന വിധം 4-2-3-1 എന്ന ശൈലിയാണ് ഡച്ചുകാര്‍ സ്വീകരിക്കുന്നത്. തികച്ചും ആക്രമണാത്മകമെന്ന് വ്യക്തം.
ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ പകരക്കാരുടെ നിരയിലേക്കൊതുങ്ങിയ ഹണ്ട്‌ലാര്‍ ടീമിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായത് ഡച്ച് പടക്ക് ആരോഗ്യകരമായ വാര്‍ത്തയാണ്. യോഗ്യതാ റൗണ്ടില്‍ എട്ടു കളികളില്‍ 12 ഗോളുകള്‍ നേടിയ 28കാരന്‍ കോച്ച് ബേര്‍ട്ട് വാന്‍ മാര്‍വിക്കിന്റെ പ്രിയ ശിഷ്യന്മാരിലൊരാളായിക്കഴിഞ്ഞു. യോഗ്യത മത്സരങ്ങള്‍ക്കിടെ ഹണ്ട്‌ലാറിന് പരിക്കേറ്റതോടെ വാന്‍പേഴ്‌സിയുടെ ഊഴമായി. ഹംഗറിക്കെതിരെ രണ്ടു കളികളിലും ഗോളടിച്ച് ആര്‍സനല്‍ നായകനും വിശ്വാസം കാത്തു. ഇതിനു പുറമെയാണ് പുതിയ റോയ് കീനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പി.എസ്.വി ഐന്തോവന്റെ 22കാരന്‍ നായകന്‍. ഏതായാലും കഴിഞ്ഞ വര്‍ഷം ഒന്നാം റാങ്കിലും ഇപ്പോള്‍ നാലാം റാങ്കിലുമുള്ള ഹോളണ്ടിനെ ചെറുക്കുക പതിവിലേറെ പ്രയാസകരമാകുമെന്ന് തീര്‍ച്ച.
കപ്പടിക്കാന്‍ ജര്‍മനി
ടീം വര്‍ക്കിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഫിഫ റാങ്കിംഗില്‍ രണ്ടാം റാങ്കിലുള്ള ജര്‍മനി. സമ്മര്‍ദങ്ങള്‍ തൊട്ടുതീണ്ടാതെ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ മര്‍മമറിഞ്ഞു കളിക്കുന്നവര്‍. മിഷേല്‍ ബല്ലാക്ക് മാത്രമാണ് ലോക നിലവാരമുള്ള താരമമെന്ന വിലയിരുത്തലുകളുണ്ടായപ്പോള്‍ പോലും അവര്‍ കീഴടക്കുക എളുപ്പമല്ലാത്ത ടീമായി. ഇത്തവണ മികച്ച ടീമുമായാണ് ജര്‍മനിയുടെ വരവ്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിന്റെ കളിക്കാര്‍ യൂറോപ്പിന്റെ ക്ലബ് ചാമ്പ്യന്‍പട്ടം കൈവിട്ടതിന്റെ നിരാശ യൂറോയില്‍ തീര്‍ക്കുമോയെന്നാണ് അറിയാനുള്ളത്. ഏറ്റവും ക്രിയാത്മക നീക്കങ്ങള്‍ നടത്തുകയും പൊസഷനല്‍ ഫുട്‌ബോളില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന ഒരു ഉജ്ജ്വല ടീമായി ദക്ഷിണാഫ്രിക്ക ലോകകപ്പിനു ശേഷം ജര്‍മനി പരിവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ ഹോളണ്ട്, ബ്രസീല്‍ എന്നീ വിഖ്യാതരെ സൗഹൃദ മത്സരത്തില്‍ നേരിട്ടപ്പോള്‍ ഈ ഘടകങ്ങള്‍ക്കൊപ്പം ജര്‍മനിയുടെ ആക്രമണം മുമ്പത്തേക്കാള്‍ മൂര്‍ച്ചയേറുന്നതും കണ്ടു. ഫുള്‍ബാക്ക് ഫിലിപ് ലാം, മിഡ്ഫീല്‍ഡര്‍മാരായ ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍, മസൂദ് ഓസില്‍ എന്നീ കളിക്കാരാണ് ജര്‍മന്‍ സേനയുടെ ത്രിയേകത്വ മസ്തിഷ്‌കമായി പ്രവര്‍ത്തിക്കുന്നത്. ഹോളണ്ടിനെ പോലെ 4-2-3-1 ശൈലിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ജര്‍മന്‍ കോച്ച് ജോക്വിം ലോയും.
2010 ലോകകപ്പിന്റെ കണ്ടെത്തലാവുകയും പിന്നീട് റയല്‍ മാഡ്രിഡിന്റെ പുത്തന്‍ സംഘത്തില്‍ കക്കക്കു പകരം മധ്യനിരയിലെ പ്രധാനിയാവുകയും ചെയ്ത ഓസില്‍ ടൂര്‍ണമെന്റിന്റെ തന്നെ താരമായാല്‍ അത്ഭുതപ്പെടാനില്ല. യോഗ്യതാ റൗണ്ടില്‍ ഏഴു ഗോളുകള്‍ക്ക് പാസ് നല്‍കിയിടത്താണ് ഈ തുര്‍ക്കീ താരത്തിന്റെ മിടുക്ക്. ടീമിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന പ്രതിഭാധനനായ 19കാരന്‍ മരിയോ ഗോട്‌സെ ഓസിലിന്റെ നീക്കങ്ങള്‍ക്ക് പറ്റിയ കൂട്ടാളിയായേക്കും.
എന്തിനും പോന്നവര്‍
ഡന്മാര്‍ക്കില്‍ ഫുട്‌ബോള്‍ ലോകത്ത് പരിചിതമായ പേരുകള്‍ ദുര്‍ലഭം. അതൊന്നുമില്ലാതെ ഫിഫ റാങ്കിംഗില്‍ പത്താം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അവരുടെ കരുത്തിനെക്കുറിച്ചുള്ള സംശയങ്ങള്‍ താനെ പടികടക്കുന്നു. 12 വര്‍ഷമായി മോര്‍ട്ടന്‍ ഓസ്‌ലനു കീഴില്‍ 4-3-3 ശൈലിയില്‍ കളിക്കുന്ന ഒരു സംഘത്തിന് ഓരോ കളിക്കാരുടെയും ദൗത്യം വ്യക്തമായറിയുക സ്വാഭാവികം. മുന്‍ ഡന്മാര്‍ക്ക് മിഡ്ഫീല്‍ഡരര്‍ ജാന്‍ മോല്‍ബി തന്നെയാണിത് പറഞ്ഞത്.
2010 ലോകകപ്പിലെ പ്രായം കുറഞ്ഞ കളിക്കാരന്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ 18-ാം വയസിലെത്തി നില്‍ക്കുമ്പോള്‍ ടീമിന്റെ പ്രതീക്ഷയായി വളര്‍ന്നു കഴിഞ്ഞു. ഡന്‍മാര്‍ക്ക് ഇതിഹാസം മിക്കായേല്‍ ലോഡ്രപ്പിനോടാണ് ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ താരതമ്യം ചെയ്യുന്നത്. 1998 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനോട് 3-2ന് തോറ്റ് മടങ്ങിയ ഡന്‍മാര്‍ക്ക് രണ്ടാം യൂറോ കിരീടത്തിലേക്കാണ് നോട്ടമിടുന്നത്.
കരീടം ചൂടാന്‍
റോണോ രാജകുമാരന്‍
തങ്ങളേക്കാള്‍ ചെറിയ ടീമുകള്‍ പോലും യൂറോപ്പിന്റെ കിരീടം കൈയിലേന്തിയിട്ടും പ്രഥമ കിരീടത്തിനുള്ള കാത്തിരിപ്പിലാണ് നിലവില്‍ അഞ്ചാം റാങ്കിലുള്ള പോര്‍ചുഗല്‍. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെ സാന്നിധ്യം കൊണ്ടു മാത്രം യൂറോ കപ്പില്‍ ഏറെ ആരാധകരുള്ള ടീമായിരിക്കും പറങ്കിപ്പട. സ്പാനിഷ് ലീഗില്‍ ബാര്‍സലോണയുടെ വെല്ലുവിളി മറികടന്ന് റയല്‍ മാഡ്രിഡിനെ ചാമ്പ്യന്മാരാക്കിയ മെദീരയിലെ മാന്ത്രികന്‍ യൂറോയിലും രാജവാഴ്ച നടത്തുമോ എന്നതാണ് ഇനിയുള്ള ചോദ്യം. അങ്ങനെ വന്നാല്‍ ഇത്തവണത്തെ ലോകതാരത്തിനു വേണ്ടി വോട്ടെടുപ്പു വേണ്ടിവരില്ല. 4-3-3 ശൈലിയില്‍ കൂട്ടമായ ആക്രമണം നയിക്കുന്നവരാണ് പറങ്കികള്‍.
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായ ക്രിസ്റ്റിയാനൊ തന്നെയാകും പോര്‍ചുഗലിന്റെ ഊര്‍ജ്ജം. സ്‌പെയ്‌നിലെ രണ്ടു സീസണിനിടെ 102 കളികളില്‍ 112 ഗോളുകളാണ് റോണോ അടിച്ചുകൂട്ടിയത്. വിംഗുകളിലെ അപകടകാരിയായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നാനി ക്രിസ്റ്റ്യാനൊക്ക് ഒത്ത പങ്കാളിയായിരിക്കും. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, ബാര്‍സലോണ, ഇന്റര്‍മിലാന്‍, ചെല്‍സി ടീമുകളില്‍ അനുഭവ പരിജ്ഞാനമുള്ള റിക്കാര്‍ഡോ ക്വാറസ്മയാണ് എതിരാളികള്‍ കരുതിയിരിക്കേണ്ട മറ്റൊരു പ്രമുഖന്‍.
(തുടരും)
No comments:
Post a Comment