ഇറ്റലിയില്‍ യുഗാന്ത്യം
ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്
ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ നിറഞ്ഞു നിന്ന ഒരു തലമുറ ഒന്നടങ്കം പുറത്തേക്കുള്ള കവാടത്തിലാണ്. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ഫുട്‌ബോള്‍ ആരാധകര്‍ മനസില്‍ കൊണ്ടുനടന്ന പേരുകളാണവയെല്ലാം. അലസാന്ദ്രൊ ദെല്‍പിയറൊ, ഫിലിപ്പോ ഇന്‍സാഗി, മാര്‍ക്കോ ഡി വയ്യൊ, അലസാന്ദ്രൊ നെസ്റ്റ, ഗെന്നാരൊ ഗെട്ടൂസൊ, ക്ലാരന്‍സ് സീഡോര്‍ഫ്, ഇവാന്‍ കൊര്‍ദോബ, ജിയാന്‍ലൂക്ക സാംബ്രോട്ട, കാഖ കലാജെ...
1994ല്‍ ഫിയറൊന്റീനക്കെതിരെ യുവന്റസിന്റെ വിജയം ആരും മറക്കില്ല. 2-0ന് പിന്നില്‍ നിന്ന ശേഷം 3-2ന് മുന്നില്‍ കടന്നത്. ദെല്‍പിയറോയുടെ എക്കാലത്തെയും മികച്ച ഗോള്‍ ആ കളിയിലായിരുന്നു. റോബര്‍ട്ടോ ബാജിയോക്ക് വിടനല്‍കാന്‍ യുവന്റസ് ധൈര്യപ്പെട്ടത് അതോടെയാണ്. 22കാരനായി യുവന്റസിലെത്തി നേട്ടങ്ങള്‍ വാരിക്കൂട്ടിയ ദെല്‍പിയറോ 37-ാം വയസില്‍ ക്ലബുമായി കരാര്‍ അവസാനിച്ച് പടിയിറങ്ങുകയാണ്. 513 കളികളില്‍ 208 ഗോളുകള്‍. പെലെ തെരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന 125 മികച്ച ഫുട്‌ബോളര്‍മാരില്‍ ആദ്യ നൂറില്‍ ദെല്‍പിയറോ ഉണ്ടായിരുന്നു. യുവേഫ ഗോള്‍ഡന്‍ ജൂബിലി വോട്ടെടുപ്പില്‍ യൂറോപ്പിലെ മികച്ച 50 കളിക്കാരിലും ദെല്‍പിയറോയുടെ പേരുണ്ടായിരുന്നു.
2000ല്‍ ഏറ്റവുമധികം വേതനം പറ്റുന്ന കളിക്കാരനും വെനറ്റോയില്‍ നിന്നുള്ള ഈ ഇറ്റലിക്കാരനായിരുന്നു.
224 കളികളില്‍ എ.സി മിലാന്റെ കോട്ടകാത്ത പ്രതിരോധ ദുര്‍ഗം അലസാന്ദ്രൊ നെസ്റ്റയും ദെല്‍പിയറോ അരങ്ങേറിയ വര്‍ഷം ലാസിയോയിലൂടെ കളിജീവിതമാരംഭിച്ച സ്‌ട്രൈകക്കര്‍ ഡി വയ്യൊയും ഇറ്റലി വിടുകയാണ്. വെറ്ററന്‍ ഫുട്‌ബോളര്‍മാരുടെ വൃദ്ധ സദനമായ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്കാണ് ഇരുവരുടെയും നീക്കം.
മിലാന്‍ വിട്ട ഗട്ടൂസൊയുടെ അടുത്ത തട്ടകമേതെന്ന് വ്യക്തമല്ല. 2002 മുതലാണ് നെസ്റ്റ മിലാന്റെ താരമാകുന്നതെങ്കില്‍ മൂന്നു വര്‍ഷം മുമ്പ് തൊട്ടേ മിലാന്റെ മധ്യനിരയിലുണ്ട് ഗട്ടൂസൊ. 34കാരന്‍ ഗട്ടൂസൊയില്‍ ഇനിയും കളി ശേഷിക്കുന്നുണ്ട്. മുന്‍ ക്ലബ് ഗ്ലാസ്‌ഗോ റേഞ്ചേഴ്‌സിന്റെ രക്ഷകനായി താരം അവതരിച്ചേക്കുമെന്നും ശ്രുതിയുണ്ട്.
ബാരിയിലൂടെ യുവന്റസിലെത്തി പിന്നീട് ബാര്‍സലോണയിലേക്കും അവിടെ നിന്ന് മിലാനിലേക്കും കൂടുമാറിയ ഇറ്റാലിയന്‍ ഫുട്‌ബോളിലെ പരിചിതന്‍ രാജ്യത്തിനു വേണ്ടി എന്ന പോലെ മിലാനു വേണ്ടിയും 100 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് ബാക്കിയാക്കിയാണ് പടിയിറങ്ങുന്നത്. 84 കളികളില്‍ സാന്‍സീറൊ ടീമിന്റെ ഫുള്‍ബാക്കായിരുന്നു 35കാരന്‍. 2010ല്‍ ഇറ്റലിയുടെ ദേശീയ കുപ്പായം അഴിച്ചുവെക്കുമ്പോള്‍ സെഞ്ച്വറി തികയ്ക്കാന്‍ സംബ്രോട്ടക്ക് രണ്ടു കളികള്‍ കൂടി മതിയായിരുന്നു.
ക്ലബ് ഭീമന്മാരായ റയല്‍ മാഡ്രിഡില്‍ 121 മത്സരങ്ങള്‍ കളിച്ചാണ് ഡച്ച് ഗൃഹാതുര താരം ക്ലാരന്‍സ് സീഡോര്‍ഫ് ഇറ്റലിയിലെത്തുന്നത്. ആദ്യ വരവ് ഇന്റര്‍മിലാനിലേക്കായിരുന്നു. 64 കളികളില്‍ ഇന്ററിന്റെ കുപ്പായമിട്ട ശേഷം 2002ല്‍ നഗര വൈരികളായ മിലാനിലേക്ക്. 10-ാം നമ്പര്‍ കുപ്പായത്തില്‍ മുന്നൂറ് വട്ടം സീഡോര്‍ഫ് കളത്തിലിറങ്ങി. 2008ല്‍ ഹോളണ്ട് ദേശീയ ടീമിനോട് വിടപറഞ്ഞ 36കാരന്‍ സീഡോര്‍ഫ് കളി ജീവിതത്തെകക്കുറിച്ച് ഇനി ചിന്തിക്കുന്നുണ്ടോ എന്ന് അറിവില്ല.
യുവന്റസില്‍ 122ഉം മിലാനില്‍ 202ഉം മത്സരങ്ങള്‍ കളിച്ച ഇന്‍സാഗി ഇറ്റലിയുടെ സ്വന്തം താരമായിരുന്നു. 38-ാം വയസില്‍ ഈ വയോധികന്‍ പടിയിറങ്ങുമ്പോഴും ഫുട്‌ബോളിലെ മറ്റൊരു വേഷത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് ആരാധകര്‍ മോഹിക്കുന്നു. ഇറ്റലിയുടെ അവസാന വെറ്ററനാണ് താനെന്നു സമ്മതിക്കുന്ന റോമയുെട ഫ്രാന്‍സിസ്‌കൊ ടോട്ടി മാത്രമാണ് ബാക്കി നില്‍ക്കുന്ന ആശ്വാസം.
ഓഫ് സൈഡ് ട്രാപ്പുകള്‍ പൊട്ടിക്കാന്‍ മിടുക്കനായ ഇന്‍സാഗിയും ആജ്ഞാ ശക്തിയും സഹതാരങ്ങളില്‍ നിന്നെന്ന പോലെ എതിരാളികളില്‍ നിന്നും ആദരവ് ഏറ്റുവാങ്ങുന്ന ദെല്‍പിയറോയുമൊക്കെ പരിശീലകരുടെ വേഷത്തിലും ഇറ്റലിയില്‍ രാജവാഴ്ച നടത്തുമെന്ന് സ്വപ്‌നം കാണുകയാണ് ഇറ്റാലിയന്‍ കാല്‍പന്തുകളിയെ മനസാല്‍ പുണര്‍ന്നവര്‍. യുവന്റസും മിലാനുമാകട്ടെ ക്ലാസും ഭാവനയുമുള്ള പുതിയ തലമുറക്കു വേണ്ടി കാത്തിരിക്കുന്നു.
No comments:
Post a Comment