കിംഗ് ദ്രോഗ്ബ
നിര്‍ണായക പോരാട്ടങ്ങളില്‍ ചെല്‍സിക്കു വേണ്ടി നിരന്തരം ഗോളടിച്ചവന്‍ എന്ന് ദ്രോഗ്ബയെ പെട്ടെന്നു മതിക്കാനാവും. ചെല്‍സി കളിച്ച ഒമ്പതു ഫൈനലുകളില്‍ ഒമ്പതു ഗോളുകള്‍ നേടിയ ഒരു കളിക്കാരനെ മറ്റെങ്ങനെ വിശേഷിപ്പിക്കും
(ചന്ദ്രികക്കു വേണ്ടി ചെയ്ത റിപ്പോര്‍ട്ട്)
ചെല്‍സിയുടെ ചരിത്രനേട്ടത്തിന്റെ ക്രെഡിറ്റ് ഒരു വ്യക്തിക്ക് നല്‍കാമെങ്കില്‍ അത് ദ്രോഗ്ബക്കു മാത്രമാണ്. പീറ്റര്‍ ചെക്കിന്റെ രണ്ട് മാസ്മരിക രക്ഷപ്പെടുത്തലുകള്‍ ഗതി നിര്‍ണയിച്ചെന്നു വിലയിരുത്തുമ്പോഴും ടീമിനെ ഫൈനലിലേക്കും ഫൈനലില്‍ നിശ്ചിത സമയത്തെ തോല്‍വി ഒഴിവാക്കി അധിക സമയത്തേക്കും കൈപിടിച്ചത് ദ്രോഗ്ബയായിരുന്നു. സമ്മര്‍ദം വലയ്ക്കുമ്പോള്‍ ഷൂട്ടൗട്ടിലെ അതിനിര്‍ണായക കിക്ക് വലയില്‍ കയറ്റി ബയേണ്‍ മ്യൂണിച്ചിന്റെ കരവലയത്തിലേക്കു നീങ്ങിയ കിരീടം പിടിച്ചെടുത്തതും ദ്രോഗ്ബ തന്നെ. ചെല്‍സിയുടെ വിജയത്തില്‍ ഏറെ ആഹ്ലാദിക്കുന്ന അല്‍പ്പംചിലരിലും ദ്രോഗ്ബയുണ്ട്. മൂന്നു തവണ സെമിഫൈനലുകളിലും ഒരു തവണ ഫൈനലിലും വിവാദങ്ങളുടെയും നിര്‍ഭാഗ്യങ്ങളുടെയും അകമ്പടിയോടെ ചെല്‍സി പുറത്താകുമ്പോള്‍ ആ ടീമുകളില്‍ ദ്രോഗ്ബയുമുണ്ടായിരുന്നു.
2008 ഫൈനലില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെതിരെ ചുവപ്പുകാര്‍ഡ് കണ്ട് ദുരന്തനായകനായ ദ്രോഗ്ബയെ മറക്കാറായിട്ടില്ല. വിവാദങ്ങള്‍ നിറഞ്ഞ കളിയില്‍ ബാര്‍സലോണക്കെതിരെ സെമിയിലെ തോല്‍വിയും മറ്റൊരു സെമിയില്‍ ലിവര്‍പൂളിനോട് ഷൂട്ടൗട്ടിലേറ്റ പരാജയവും... ചാമ്പ്യന്‍സ് ലീഗിന്റെ നാള്‍വഴിയില്‍ ദ്രോഗ്ബയുടേത് നോവുകള്‍ ചെറുതല്ല. എല്ലാം ഒരു രാത്രി കൊണ്ട് മറക്കാനും ചെല്‍സി കരിയറിലെ അവസാന ഘട്ടത്തില്‍ ദിദിയര്‍ ദ്രോഗ്ബക്കായി.
ആക്രമണ ഫുട്‌ബോളുമായി ഫൈനലില്‍ ചെല്‍സിയെ വിറപ്പിച്ചു നിര്‍ത്തിയ ബയേണ്‍ മ്യൂണിച് ഒരു ഗോള്‍ നേടിയാല്‍ ജയിക്കുമെന്നായിരുന്നു സ്ഥിതി. കളി തീരാന്‍ ഏഴു മിനുട്ടുള്ളപ്പോള്‍ അവര്‍ ഗോളടിക്കുകയും ചെയ്തു. ഏത് കടുത്ത ചെല്‍സി ആരാധകനും പ്രതീക്ഷയറ്റു പോകുന്ന ഘട്ടത്തിലായിരുന്നു ദ്രോഗ്ബയുടെ പവര്‍ ഹെഡര്‍ ബയേണ്‍ വലയിലെത്തിയത്; ലോംഗ് വിസിലിന് രണ്ടു മിനുട്ടുള്ളപ്പോള്‍.
നിര്‍ണായക പോരാട്ടങ്ങളില്‍ ചെല്‍സിക്കു വേണ്ടി നിരന്തരം ഗോളടിച്ചവന്‍ എന്ന് ദ്രോഗ്ബയെ പെട്ടെന്നു മതിക്കാനാവും. ചെല്‍സി കളിച്ച ഒമ്പതു ഫൈനലുകളില്‍ ഒമ്പതു ഗോളുകള്‍ നേടിയ ഒരു കളിക്കാരനെ മറ്റെങ്ങനെ വിശേഷിപ്പിക്കും. ബാര്‍സലോണയുടെ അപരാജിത മുന്നേറ്റത്തിന് സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ ചെല്‍സി കടിഞ്ഞാണിട്ടതും ദ്രോഗ്ബയിലൂടെ. കളിയിലും മുമ്പും ലയണല്‍ മെസ്സിയില്‍ ഫോക്കസ് ചെയ്ത ക്യാമറകള്‍ മത്സരം കഴിഞ്ഞപ്പോള്‍ ദ്രോഗ്ബ തന്നിലേക്കാക്കി. നിറഞ്ഞുകളിച്ചത് ബാര്‍സയായിരുന്നെങ്കിലും ദ്രോഗ്ബയുടെ ഗോളില്‍ 1-0ന് ജയിച്ചത് ചെല്‍സിയായിരുന്നു.
ചാമ്പ്യന്‍സ് ലീഗിലെ അരങ്ങേറ്റത്തില്‍ ഗോളടിച്ചു കൊണ്ടാണ് ദ്രോഗ്ബ തുടങ്ങിയത്. 2003ല്‍ മാഴ്‌സെക്കു വേണ്ടിയായിരുന്നു അത്. പക്ഷേ, റയല്‍ മാഡ്രിഡിനോട് 4-2ന് ടീം തോറ്റു. 2006ലും 2009ലും ആഫ്രിക്കന്‍ ഫുട്‌ബോളറായി തെരഞ്ഞെടുക്കപ്പെട്ട ദ്രോഗ്ബ മൗറീഞ്ഞോ യുഗത്തിലാണ് ചെല്‍സിയിലെത്തുന്നത്. മൗറീഞ്ഞോയുടെ പ്രധാന ആയുധവും ഈ ഐവേറിയനായിരുന്നു
No comments:
Post a Comment