Saturday, May 5, 2012



വടിവാളുകള്‍*




ആരാണവര്‍ അമ്മേ
അച്ഛന്റെ പച്ചയിറച്ചിയില്‍
നൂലു കൊണ്ട്‌ കൊത്തിയ ചിത്രങ്ങള്‍

കരളിലാഴുന്ന  വടിവാളുകള്‍

മഞ്ഞുപെയ്‌ത്തിന്റെ കുളിര്‍മയില്‍
കൂടിച്ചുരുണ്ട്‌്‌, മൂടിപ്പുതച്ച്‌്‌
സ്വര്‍ഗത്തിലൂടെ നാം അലയുമ്പോള്‍


ഇടവഴികളില്‍ നരകച്ചാലു തീര്‍ത്ത്‌
സ്വര്‍ണക്കിഴികള്‍ക്കു കീഴെ
ഹൃദയത്തിന്‌ കുഴിമാടം പണിതവര്‍


വടിവാളുകളുടെ തിളക്കത്തില്‍
ചിരികള്‍ വിളറിയ
നരഭോജികളുടെ മുരള്‍ച്ചയില്‍
അഛന്റെ നിലവിളി
നാം കേള്‍ക്കാതെ പോയതെന്താണമ്മേ...
കരയാനറിയാതെ അവര്‍
ചിരിച്ചതെന്താണമ്മേ...


കണ്‍തുറന്നപ്പോള്‍
വെള്ളപ്പൊതിയില്‍
നമ്മുടെ സ്വര്‍ഗവാതില്‍ക്കല്‍
അഛന്‍ മിണ്ടാതെ കിടന്നപ്പോള്‍
ചീറ്റിത്തെറിച്ച രക്തത്തുള്ളികളില്‍
നമ്മുടെ കണ്ണുനീരും ചാലിച്ച്‌
തലയോട്ടിയില്‍ പാര്‍ന്ന്‌്‌
വടിവാളുകൊണ്ടിളക്കി
ഇവിടെ നരകച്ചാറു വിളമ്പുന്നവര്‍
അവര്‍ ആരാണമ്മേ...





(ഒഞ്ചിയത്തെ സി.പി.എം വിമത നേതാവ്‌ ടി.പി ചന്ദ്രശേഖരന്‍ ഇന്നലെ രാത്രി ക്രൂരമായി കൊലചെയ്യപ്പെട്ടു. മുഖത്തും തലയിലും 50ല്‍ പരം വെട്ടുകള്‍. മനുഷ്യന്‌്‌്‌്‌ എന്തുമാകാന്‍ കഴിയുമെന്ന്‌ നാം തിരിച്ചറിയുന്നു...)

1 comment: