Wednesday, May 2, 2012



ദി ലാസ്റ്റ് ഡേ

ബാല്യത്തിന്റെ അവസാന വര്‍ഷങ്ങളും കൗമാരം പൂര്‍ണമായും യൗവനത്തിന്റെ ആരംഭ നാളുകളും ജീവിച്ചനുഭവിച്ച ക്യാമ്പസിലെ നീണ്ട പത്തു വര്‍ഷത്തിന്റെ അവസാന നിമിഷങ്ങളിലേക്ക് ഞാന്‍ ഉറക്കമുണര്‍ന്നു






ചായ കുടിച്ച് സ്റ്റാന്‍ഡില്‍ കമിഴ്ത്തിവെച്ച ഗ്ലാസില്‍ നിന്നും ഇറ്റിവീണ തുള്ളികള്‍ എന്നെയോര്‍ത്തുള്ള കണ്ണുനീരായിരുന്നെങ്കിലെന്നു കൊതിച്ചു. തിരികെ മുറിയില്‍ വന്ന് വസ്ത്രങ്ങള്‍ പാക് ചെയ്യുമ്പോഴെല്ലാം മനസ് നിര്‍വികാരമായിരുന്നു. സീനറികള്‍ തൂങ്ങിക്കിടന്ന ചുമരിനും കണ്ണീരും കേലയും കുടിച്ച തലയണക്കും രാക്കിനാവുകളുടെ ഏകാന്തതയില്‍ എന്നെ പുണര്‍ന്ന് നെഞ്ചില്‍ ചൂടുപകര്‍ന്ന കിടയ്ക്കക്കും കട്ടിലിനടിയിലെ കടലാസു പെട്ടിക്കും മറ്റും എന്നോടെന്തെക്കെയോ പറയാനുണ്ടെന്നു തോന്നി. അല്ല, അവ മൗനമായി യാത്രയാക്കുകയായിരുന്നോ..?



എല്ലാമെടുത്ത് പുറത്തിറങ്ങി. സിറ്റ് ഔട്ടിനു മുന്നിലെ മുളകള്‍ മര്‍മരം കൊണ്ടപ്പോള്‍ യാത്ര പറയണമെന്നു തോന്നിയെങ്കിലും വ്യര്‍ത്ഥമായി അവയെ ഒന്നു നോക്കുക മാത്രം ചെയ്തു. ഓരോ ചവിട്ടടിയിലും മനസ് കിടന്നു പിടക്കുകയാണ്. ഇനിയൊരു തിരിച്ചുവരവില്ലെന്ന് കാതിലാരോ മന്ത്രിക്കും പോലെ...






ഹോസ്റ്റല്‍ മുറിയിലും ഷട്ടില്‍ കോര്‍ട്ടിലും കാന്റീനിലെ ടേബിളുകളിലും തിരിച്ചറിവ് തന്ന ഓരോ ക്ലാസ് മുറികളിലും ബാക്കിയായ സ്വപ്‌നങ്ങള്‍ എന്നെ തന്നെ നോക്കി നില്‍ക്കുകയാണ്. എല്ലായിടത്തും എന്റെ വലിയ ശൂന്യത തിരിച്ചറിയാനാകുന്നുണ്ട്. പിന്‍മറഞ്ഞതെല്ലാം ഓര്‍മകളാവുകയാണെന്ന സത്യം പാതിമനസാല്‍ അംഗീകരിച്ചു കൊണ്ട് മുടന്തി നീങ്ങി.

മുന്നിലൂടെ ബാറ്റും പന്തുമായി ഗ്രൗണ്ടിലേക്കോടിയ കുട്ടികള്‍ എന്നില്‍ പ്രായത്തിന്റെ അപാരമായ നഷ്ടബോധം വളര്‍ത്തി. എല്ലാം ഇവിടെ തീരുകയാണ്. നിറങ്ങളുടെ ലോകത്ത് എന്നെ പിടിച്ചു നിര്‍ത്താന്‍ ആര്‍ക്കുമാകില്ല; പുതിയ ലോകത്തിന്റെ വിരസതകളില്‍ നിന്നു തടയാനും.




ക്ലാസ് മുറികളുടെ വരാന്തകളില്‍ കൂട്ടുകാര്‍ പരസ്പരം യാത്രയാക്കുന്നുണ്ടായിരുന്നു. പലരും  ഓട്ടോഗ്രാഫുകള്‍ എഴുതിവാങ്ങുന്നു. എത്രയോ തവണ കൂടെയുണ്ടും കളിച്ചും പരീക്ഷാകാലങ്ങളില്‍ ഒരു പുസ്തകത്തില്‍ പഠിച്ചും പടുത്ത ഈടുറ്റ ആത്മബന്ധം. എല്ലാം കഴിഞ്ഞപ്പോള്‍ ഞാന്‍ വീണ്ടും തനിച്ചാണെന്നു തോന്നി. ആരോടും മിണ്ടാതെ മുന്നോട്ടു നടന്നു.

ഗ്രൗണ്ടിനരികില്‍. ഓരോ കോണിലും എന്റെ സ്വപ്‌നങ്ങളുടെ മാളികപ്പുരകള്‍. ഇ.എസ്.പി.എനിലോ സ്റ്റാര്‍ സ്‌പോര്‍ട്‌സിലോ സ്റ്റാര്‍ ക്രിക്കറ്റിലോ ഒരിക്കല്‍പോലും കണ്ടിട്ടില്ലാത്ത വിധം വന്യമായിരുന്നു അവയില്‍ പലതും.




നിസ്‌കാരപപ്പള്ളിയുടെ മുന്നിലെത്തിയപ്പോള്‍ പരീക്ഷാനാളുകളും സന്തോഷം മാത്രം പകര്‍ന്നിട്ടുള്ള നോമ്പുകാലവും ഓടിയെത്തി. ഗേറ്റ് കടന്ന് റോട്ടിലെത്തി. മനസ് നിര്‍വികാരമായിരുന്നു. അപ്പോഴും അതെന്തെക്കെയോ ആഗ്രഹിക്കുന്നതായി തോന്നി. 

ബസ് വരുന്നതും കാത്ത് ഇരുന്നു. കണ്ടക്ടര്‍ക്കുള്ള 20 രൂപയൊഴികെ കീശകാലിയായിരുന്നു; മനസും. തിരിച്ചു കിട്ടാത്ത സ്‌നേഹത്തെച്ചൊല്ലി ആദ്യമായി പരിഭവം തോന്നിയില്ല.
ബസ് വന്നു നിന്നു. ഇനിയൊന്നും ആലോചിക്കാനില്ല. അതില്‍ കയറി. പെട്ടെന്ന്.. ആകാശം ഇരുണ്ടുകൂടി. നക്ഷത്രങ്ങള്‍ വിതുമ്പാനൊരുങ്ങി നിന്നു. പിടിവഴുതിച്ച് മനസ് വീണ്ടും ആ മഴക്കാല നാളുകളിലേക്ക് തെന്നിവീണു. ആത്മാവ് ക്യാമ്പസ് ഓര്‍മകളിലേക്കു പറന്നു. സീറ്റില്‍ 'ജഡം' ഏകനായി ഇരുന്നു.






No comments:

Post a Comment