Monday, April 30, 2012


പുതിയ ബാര്‍സ? 

ബോബ്‌ പൈസ്ലിയെപ്പോലെയോ ഓട്ട്‌മര്‍ ഹിറ്റ്‌സ്‌ഫീല്‍ഡിനെ പോലെയോ, മാഴ്‌സലോ ലിപ്പിയെ പോലെയോ ഒട്ടേറെ ട്രോഫികള്‍ വാരിക്കൂട്ടിയിട്ടില്ല ഗ്വാര്‍ഡിയോള. ഹോസെ മൗറീഞ്ഞോയെ പോലെ വിവിധ രാജ്യങ്ങളില്‍ കഴിവ്‌  തെളിയിച്ചിട്ടുമില്ല. എന്നാല്‍, അയാക്‌സിന്റെ പ്രസിദ്ധമായ ടോട്ടല്‍ ഫുട്‌ബോളിന്റെ സമ്പൂര്‍ത്തിയെ കവച്ചുവെക്കാനും പെലെയുടെ ബ്രസീല്‍ കാഴ്‌ചവെച്ച അവബോധജന്യമായ ആക്രമണം കാഴ്‌ചവെക്കാനും ഗ്വാര്‍ഡിയോളയുടെ ബാര്‍സലോണക്കായി. അതുവഴി, കാവ്യാത്മക ഫുട്‌ബോള്‍ കൊണ്ട്‌ കളിജയിക്കാനാകില്ലെന്ന്‌ പുതിയ കാലത്തെ വിശ്വാസം തിരുത്താനുമായി.



ഒടുവില്‍ പെപ്‌ ഗ്വാര്‍ഡിയോളയെന്ന ജോസപ്‌ ഗ്വാര്‍ഡിയോള പടിയിറങ്ങുകയാണ്‌. ബാര്‍സലോണക്കൊപ്പം സ്വയം വളര്‍ന്ന ബാര്‍സലോണയെ സൗന്ദര്യ ഫുട്‌ബോളിന്റെ ഉപാസകരാക്കിയ ഗ്വാര്‍ഡിയോള കളംമാറിച്ചവിട്ടുകയാണ്‌. ഇനി സ്ലാട്ടന്‍ ഇബ്രാഹിമോവിച്ചും സീഡോര്‍ഫും റോബീഞ്ഞോയും പന്തു തട്ടുമ്പോള്‍ നിര്‍ദേശങ്ങളുമായി എ.സി മിലാന്‍ സൈഡ്‌്‌ ബെഞ്ചിനരികെ കാണാം.

ഒരു മുന്‍നിര ക്ലബിനെ കളിപഠിപ്പിച്ച പരിചയമേതുമില്ലാതെയാണ്‌ ബാര്‍സയുടെ അമരത്തു വന്നത്‌.  കളിപഠിപ്പിക്കുന്ന ആദ്യ സ്‌പാനിഷ്‌ ടീമായിരുന്നു ബാര്‍സലോണ. അരങ്ങേറ്റ ക്ലബില്‍ നാലു സീസണില്‍ 13 ട്രോഫികള്‍ സ്വന്തമാക്കുക വഴി ഗ്വാര്‍ഡിയോളയുടെ നേട്ടങ്ങള്‍ കൂടുതല്‍ മാറ്റുള്ളതായി. എന്നാല്‍, ബാര്‍സലോണയുടെ ഫുട്‌ബോള്‍ ശൈലി ഏറ്റവും ആകര്‍ഷകവും അതേസമയം, ആധികാരികവുമാക്കിയതായിരിക്കും ഗ്വാര്‍ഡിയോള എന്ന പരിശീലകന്റെ യഥാര്‍ത്ഥ നേട്ടം.






തുടരെ മൂന്നുവട്ടം ബാര്‍സലോണയെ സ്‌പാനിഷ്‌ ലീഗില്‍ ചാമ്പ്യന്മാരാക്കാന്‍ ഗ്വാര്‍ഡിയോളക്കായി. രണ്ടു തവണ യൂറോപ്പിലെ ചാമ്പ്യന്മാരായതു മാത്രമല്ല ചാമ്പ്യന്മാരാകാത്ത വര്‍ഷങ്ങളില്‍ ബാര്‍സ സെമിഫൈനല്‍ വരെയെങ്കിലും മുന്നേറി. ഒരു കോപ്പ ഡെല്‍റേ, രണ്ടു യുവേഫ സൂപ്പര്‍ കപ്പ്‌, രണ്ട്‌ ഫിഫ ക്ലബ്‌ വേള്‍ഡ്‌ കപ്പ്‌, മൂന്നു സ്‌പാനിഷ്‌ സൂപ്പര്‍ കപ്പ്‌ എന്നിവയും ഇക്കാലത്ത്‌ ബാര്‍സയുടെ ഷോക്കേസിലെത്തി. മറ്റു ക്ലബുകള്‍ പത്തു വര്‍ഷങ്ങള്‍ കൊണ്ടെങ്കിലും ഉണ്ടാക്കിയ നേട്ടങ്ങളാണ്‌ 46 മാസങ്ങള്‍ കൊണ്ട്‌ ഗ്വാര്‍ഡിയോള നേടിയെടുത്തത്‌.


ഈ കണക്കുകളായിരുന്നില്ല ബാര്‍സലോണയെ ആരാധകരുടെ ടീമാക്കി മാറ്റിയത്‌. കളിയില്‍ ഗ്വാര്‍ഡിയോളക്കുണ്ടായിരുന്ന സൗന്ദര്യ വാസനയായിരുന്നു. റൊണാള്‍ഡീഞ്ഞോ വിരാജിച്ചിരുന്ന കാലത്ത്‌ ബാര്‍സലോണ എതിരാളികള്‍ക്ക്‌ വെല്ലുവിളിയായിരുന്നു. പക്ഷേ, റൊണാള്‍ഡീഞ്ഞോ ഇല്ലാത്ത ബാര്‍സലോണയെയാണ്‌ ഗ്വാര്‍ഡിയോളക്കു കിട്ടിയത്‌. 2008ല്‍ ബ്രസീലിയന്‍ താരത്തെ ബാര്‍സ എ.സി മിലാന്‌ വിറ്റിരുന്നു. 






റൈക്കാര്‍ഡില്‍ നിന്ന്‌ ബാര്‍സലോണയുടെ ചുമതല ഏറ്റുവാങ്ങുമ്പോള്‍ റൊണാള്‍ഡീഞ്ഞോ ഫാക്ടര്‍ ഗ്വാര്‍ഡിയോളയെയും ബാര്‍സലോണയെയും ദുര്‍ബല സംഘമാക്കുമെന്ന നിരീക്ഷണം ശക്തമായിരുന്നു. റൊണാള്‍ഡീഞ്ഞോ-ഡെക്കോ-സാമുവല്‍ എറ്റൂ എന്ന സമവാക്യം പൂര്‍ണമായും തിരുത്തിയിട്ടും അതിനേക്കാള്‍ മികച്ച ഫലം കൊയ്യാന്‍ ഗ്വാര്‍ഡിയോളക്കായി. ലയണല്‍ മെസ്സി-സാവി-ആന്ദ്രെ ഇനിയേസ്‌റ്റ എന്ന പുതിയ കൂട്ടുകെട്ടിനെ സൃഷ്ടിക്കുകയായിരുന്നു അദ്ദേഹം. ഫുട്‌ബോളിലെ വിജയ സമവാക്യമായി മാറിയ ത്രയം ബാര്‍സലോണയുടെ അച്ചുതണ്ടായാണ്‌ വര്‍ത്തിച്ചിരുന്നത്‌.


21-ാം വയസില്‍ വലിയ ഒരു ടീമിന്റെ നെടും തൂണാകാന്‍ മെസ്സിക്കു കഴിഞ്ഞതിനു പിന്നില്‍ കോച്ചിന്റെ വിശ്വാസമാണെന്നു പറയേണ്ടതില്ലല്ലോ. സീസണില്‍ ശരാശരി 50നു മുകളിലാണ്‌ ഗ്വാര്‍ഡിയോള യുഗത്തില്‍ മെസ്സിയുടെ സ്‌കോറിംഗ്‌ പാടവം. ആക്രമണത്തിന്റെ ഉജ്ജ്വല ശോഭയില്‍ മുങ്ങിപ്പോയതെങ്കിലും മറ്റു ടീമുകളെ അപേക്ഷിച്ച്‌ കരുത്തുറ്റ പ്രതിരോധമാണ്‌ ബാര്‍സയുടേത്‌.

ഗ്വാര്‍ഡിയോളയുടെ നീക്കങ്ങള്‍ വിജയകരമായാണ്‌ വിലയിരുത്തപ്പെട്ടത്‌. വളരെക്കാലമായി ടീമിന്റെ പ്രധാന കണ്ണിയായിരുന്ന സാമുവല്‍ എറ്റൂവിനെയും ലോക ഫുട്‌ബോളിലെ തന്നെ വമ്പന്‍ ഗോളടിയന്ത്രമായ സുല്‍ത്താന്‍ ഇബ്രാഹിമോവിച്ചിനെയും കൈയൊഴിയുക എന്ന ധീരമാനമായ തീരുമാനം ഗ്വാര്‍ഡിയോള കൈകൊണ്ടു. അര്‍ജന്റീനയുടെ ഡിഫന്‍സീവ്‌ മിഡ്‌ഫീല്‍ഡര്‍ ഹാവിയര്‍ മസ്‌കരാനൊയെ സെന്റര്‍ ഡിഫന്‍ഡറാക്കി ടീമിലെത്തിച്ചു. അധികമെങ്ങും കേട്ടിട്ടില്ലാത്ത ജെറാര്‍ഡ്‌ പിക്വെയെ അറിയപ്പെട്ട പ്രതിരോധ ഭടനാക്കി. പരസ്‌പരം മനസു വായിക്കുന്നവരെപ്പോലെ ബാര്‍സലോണ ആക്രമിച്ചു. വ്യത്യസ്‌ത ശൈലിയില്‍ അവര്‍ പ്രതിരോധിച്ചു. കളിക്കാരില്‍ ഗ്വാര്‍ഡിയോള അര്‍പ്പിച്ച വിശ്വാസമാണ്‌ ആ ടീമിനെ അസമന്മാരാക്കിയത്‌. ഒരുപാട്‌ കാലം കൂടെക്കളിക്കാനായതാണ്‌ ബാര്‍സയുടെ അശ്വമേധത്തിന്റെ രഹസ്യമെന്ന വാദം ശക്തമാണ്‌. എന്നാല്‍ അതിനേക്കാള്‍ കൂടുതല്‍ കാലം ഒരുമിച്ചു കളിച്ചവരെ നിലനിര്‍ത്തിയിട്ടും മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്‌ അത്രത്തോളം വളരാനായിട്ടില്ല എന്ന്‌ തിരിച്ചറിയുന്നിടത്താണ്‌ ഗ്വാര്‍ഡിയോളയുടെ പ്രസക്തി.










പരാജയങ്ങളും വിമര്‍ശനങ്ങളും താങ്ങാന്‍ കഴിയാത്ത മനോനിലയാണ്‌ പെപ്പിന്റേതെന്ന പരാമര്‍ശങ്ങള്‍ ശക്തമായിരുന്നു. അതുകൊണ്ട്‌ തന്നെയാണ്‌ പരിശീലക വേഷത്തിലെ അരങ്ങേറ്റത്തില്‍ തന്നെ 13 ട്രോഫികള്‍ സ്വന്തമാക്കാനായ നേട്ടം അവയുടെ എണ്ണത്തേക്കാള്‍ മഹത്തരമായത്‌. ആര്‍സനലിന്റെ ആര്‍സീന്‍ വെംഗര്‍ നിരന്തര വിമര്‍ശനങ്ങള്‍ക്കു നടുവില്‍ നില്‍ക്കെ പൊട്ടിത്തകര്‍ന്ന ടീമിനെ ലീഗിലെ മൂന്നാം സ്ഥാനത്തെത്തിച്ചത്‌ അനുഭവ സമ്പത്തിന്റെ മാറ്റം വേറിട്ട്‌ കാണിക്കുന്നതാണ്‌. 41കാരന്‍ ഗ്വാര്‍ഡിയോള ഇനി പഠിക്കേണ്ട പാഠമായിരിക്കും വെംഗര്‍.

ബോബ്‌ പൈസ്ലിയെപ്പോലെയോ ഓട്ട്‌മര്‍ ഹിറ്റ്‌സ്‌ഫീല്‍ഡിനെ പോലെയോ, മാഴ്‌സലോ ലിപ്പിയെ പോലെയോ ഒട്ടേറെ ട്രോഫികള്‍ വാരിക്കൂട്ടിയിട്ടില്ല ഗ്വാര്‍ഡിയോള. ഹോസെ മൗറീഞ്ഞോയെ പോലെ വിവിധ രാജ്യങ്ങളില്‍ കഴിവ്‌ പരീക്ഷിച്ചിട്ടുമില്ല. എന്നാല്‍, അയാക്‌സിന്റെ പ്രസിദ്ധമായ ടോട്ടല്‍ ഫുട്‌ബോളിന്റെ സമ്പൂര്‍ത്തിയെ കവച്ചുവെക്കാനും പെലെയുടെ ബ്രസീല്‍ കാഴ്‌ചവെച്ച അവബോധജന്യമായ ആക്രമണം കാഴ്‌ചവെക്കാനും ഗ്വാര്‍ഡിയോളയുടെ ബാര്‍സലോണക്കായി. അതുവഴി, കാവ്യാത്മക ഫുട്‌ബോള്‍ കൊണ്ട്‌ കളിജയിക്കാനാകില്ലെന്ന്‌ പുതിയ കാലത്തെ വിശ്വാസം തിരുത്താനുമായി.





ഫ്രാങ്ക്‌ റൈക്കാര്‍ഡിന്റെ മഹത്തായ കരിയറിനെ ബി ടീം പരിശീലകനായ ഗ്വാര്‍ഡിയോള മറികടന്നതു പോലെ ഗ്വാര്‍ഡിയോളയുടെ മികവിനെ പിന്നിലാക്കാന്‍ അദ്ദേഹത്തിന്റെ അസിസ്‌റ്റന്റും യൂത്ത്‌ അക്കാദമി മുതലേ ഉറ്റമിത്രവുമായ ടിറ്റോ വിലാനോവക്ക്‌ കഴിയുമോ എന്നതാണ്‌ ഇനിയുള്ള ചോദ്യം. യൂറോപ്യന്‍ ചാമ്പ്യന്മാരായ ബാര്‍സലോണ പുതിയ പരിശീലകനെ ഉറ്റുനോക്കുകയാണ്‌. മറ്റു ക്ലബുകളുടെ വമ്പന്‍ പരിശീലകരെ കൂട്ടിലെത്തിക്കുന്നതിനു പകരം വിലാനോവയില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു ബാര്‍സലോണ.


ഗ്വാര്‍ഡിയോളയെ പോലെ സ്‌പെയ്‌നിന്റെയും ബാര്‍സലോണയുടെയും സ്വന്തം പുത്രനാണ്‌ വിലാനോവ. കാറ്റാലന്‍ പ്രവിശ്യയായ ഗിറോനയില്‍ 1969ലായിരുന്നു ജനനം. 1989ല്‍ ബാര്‍സലോണയുടെ ലാ മാസിയ അക്കാദമിയില്‍ ചേര്‍ന്നു. പിന്നീട്‌ ടീമിന്റെ ക്യാപ്‌റ്റനും കോച്ചുമായ  ഗ്വാര്‍ഡിയോളയും അക്കൂട്ടത്തിലുണ്ടായിരുന്നു. ഇരുവരും തമ്മില്‍ ഗാഢമായ ബന്ധമായിരുന്നു. പക്ഷേ, ഗ്വാര്‍ഡിയോളക്കൊപ്പം ബാര്‍സയുടെ ഒന്നാം ടീമിലെത്താന്‍ വിലാനോവക്കായില്ല. 1990ല്‍ ബാര്‍സ വിട്ട താരം 92ല്‍ സെല്‍റ്റ വിഗോക്കു വേണ്ടി ലാലീഗയില്‍ അരങ്ങേറി. ടെറാസയില്‍ സെഗുണ്ട ബി ഡിവിഷനില്‍ ഫുട്‌ബോള്‍ ഡയരക്ടറായി ജോലി ചെയ്യുമ്പോള്‍ ഗ്വാര്‍ഡിയോളയുടെ ക്ഷണപ്രകാരം ബാര്‍സയുടെ ബി ടീമിലെത്തി. ബി ടീമിന്റെ പരിശീലകനായിരുന്ന ഗ്വാര്‍ഡിയോള അസിസ്‌റ്റന്റായി വിലാനോവയെ ആവശ്യപ്പെടുകയായിരുന്നു. ഫ്രാങ്ക്‌ റൈക്കാര്‍ഡിനു ശേഷം ഗ്വാര്‍ഡിയോള ബാര്‍സലോണ സീനിയര്‍ ടീമിന്റെ കോച്ചായും വിലാനോവ അസിസ്‌റ്റാന്റായും ചുമതലയേറ്റു.

മുമ്പ്‌ ഹോസെ മൗറീഞ്ഞോ ചെല്‍സി വിട്ടപ്പോള്‍ ടീമിനെ ഏറ്റെടുത്ത അസിസ്റ്റന്റ്‌ ഔറം ഗ്രാന്റ്‌ വിജയങ്ങള്‍ സ്വന്തമാക്കിയിരുന്നു. ഈ സീസണിലും ചെല്‍സി തോല്‍വികളുമായി പതറിയപ്പോള്‍ കോച്ച്‌ ബോസ്‌ വില്ലാസിനെ ക്ലബ്‌ പുറത്താക്കി. പകരമെത്തിയ അസിസ്റ്റന്റ്‌ ഡി മറ്റോ നീലപ്പടയെ  ചാമ്പ്യന്‍സ്‌ ലീഗ്‌ ഫൈനലിലെത്തിച്ചു. ഗ്വാര്‍ഡിയോളയുടെ അസിസ്‌റ്റന്റും വിജയങ്ങളുടെ തോഴനാകുമെന്ന പ്രതീക്ഷയിലാണ്‌ ആരാധകര്‍

No comments:

Post a Comment