നൗകാമ്പിലെ ആ രാത്രി
നിലവിലെ ചാമ്പ്യന്മാര്‍ ബാര്‍സലോണ ചാമ്പ്യന്‍സ് ലീഗ് ഫുട്‌ബോളില്‍ നിന്നു പുറത്തായിരിക്കുന്നു. 10 പേരുമായി ഒരു മണിക്കൂറോളം മത്സരിക്കേണ്ടി വന്ന ചെല്‍സിക്കെതിരെ സ്വന്തം മുറ്റത്തെ ബാര്‍സയുടെ തോല്‍വിയില്‍ ആരാധകര്‍ നിരാശപ്പെടുക സ്വാഭാവികം. എന്നാല്‍, കളികാണാന്‍ നില്‍ക്കാതെ ചാറ്റല്‍മഴയുടെ കുളിരില്‍ മൂടിപ്പുതച്ചുറങ്ങിയവര്‍ മാത്രമേ പിറ്റേനാള്‍ മത്സര ഫലം കേട്ട് ഞെട്ടൂ. സ്വന്തം കാണികളോട് ക്ഷമാപണം നടത്തും മുമ്പ് ഒരു ഫുട്‌ബോള്‍ ടീമിന് പരമാവധി ചെയ്യാനാവുന്നത് ചെയ്‌തു നോക്കിയിരുന്നു ബാര്‍സലോണയെന്ന് കളികണ്ടവര്‍ പറയും. എന്നാല്‍, ആവശ്യ ഘട്ടത്തില്‍ ടീമിന്റെ ശൈലിയെ മാറ്റിപ്പിടിക്കാന്‍ ബാര്‍സക്കു കഴിയുന്നില്ലെന്നായിരിക്കും ഫുട്‌ബോള്‍ പണ്ഡിതരുടെ വിലയിരുത്തല്‍.
2010 ചാമ്പ്യന്‍സ് ലീഗില്‍ ഇതേ ഘട്ടത്തില്‍ ഇന്റര്‍ മിലാനോട് ബാര്‍സക്കു സംഭവിച്ചതിന്റെ മറ്റൊരു പതിപ്പാണ് ഇത്തവണത്തേത്. എന്തു തന്നെയായാലും നൗകാമ്പിന്റെ പൊന്നോമനയും ലോകതാരവുമായ ലയണല്‍ മെസ്സി തന്നെയായിരുന്നു ചൊവ്വാഴ്‌ച രാത്രിയിലെ ദുരന്തനായകന്‍. രണ്ടാം പകുതിയില്‍ മെസ്സി പെനാല്‍ട്ടി നഷ്ടപ്പെടുത്തിയതു കൂടാതെ ആദ്യപകുതിയില്‍ മികച്ച പൊസിഷനില്‍ നില്‍ക്കെ പീറ്റര്‍ചെക്കിനെ കൂട്ടപ്പൊരിച്ചിലിനിടെയെങ്കിലും കീഴടക്കാന്‍ മെസ്സിക്കായില്ല.
പ്രതിരോധിക്കാന്‍ തീരുമാനിച്ചുറപ്പിച്ചവരെ പോലെ തുടക്കത്തിലേ കളിച്ച ചെല്‍സി ബാര്‍സയുടെ നിരന്തരാക്രമണങ്ങള്‍ക്കു മുമ്പില്‍ എന്തുചെയ്യണമെന്നറിയാതെ കുഴഞ്ഞു പോയിരുന്നു. 35-ാം മിനുട്ടില്‍ ക്യുവന്‍കയുടെ പാസില്‍ നിന്ന് ബുസ്‌ക്വെറ്റ്‌സ് ലക്ഷ്യം കണ്ടതോടെ ചെല്‍സി ശരിക്കും വിറച്ചു. രണ്ടു മിനുട്ടിനു ശേഷം പന്തില്ലാത്തിടത്ത് അലക്‌സിസ് സാഞ്ചസിനെ ഫൗള്‍ ചെയ്‌ത് പിന്‍നിരയിലെ ഉരുക്കുമനുഷ്യന്‍ ജോണ്‍ടെറി നേരിട്ട് ചുവപ്പുകാര്‍ഡ് കണ്ടത് അതിന്റെ പ്രതിഫലനമായിരുന്നു.
ബാര്‍സലോണ ശരിക്കും ട്രാക്കില്‍ കയറിയ സമയമായിരുന്നു അത്; കളത്തില്‍ ശേഷിച്ച ചെല്‍സിയുടെ പത്തുപേര്‍ വിരണ്ടു പോയ നിമിഷവും. ബാര്‍സ താളമിട്ടെന്നുറപ്പിക്കാന്‍ അഞ്ചു മിനുട്ടിനു ശേഷം വീണ്ടും ഗോളെത്തി. ലയണല്‍ മെസ്സിയുടെ പാസില്‍ നിന്ന് ആന്ദ്രെ ഇനിയേസ്റ്റയുടെ ഫിനിഷിംഗ്. പക്ഷേ, രണ്ടു ഗോളുകള്‍ക്ക് മുന്നിട്ടു നിന്നതിന്റെ ആഹ്ലാദത്തില്‍ ആതിഥേയര്‍ മതിമറന്നപ്പോള്‍ പ്രത്യാക്രമണത്തില്‍ നിന്ന് ചെല്‍സി തിരിച്ചടിച്ചു. ഓടിക്കയറിയ റാമിറസ് വാല്‍ഡസിനു മുകളിലൂടെ അനായസമാണ് പന്ത് ചിപ്പ് ചെയ്‌തത്. അതോടെ നൗകാമ്പ് ശാന്തമായി. 2-1ന് മുന്നിലാണെങ്കിലും ഒരു ഗോള്‍ കൂടി നേടിയില്ലെങ്കില്‍ ആദ്യപാദം 1-0ന് ജയിച്ച ചെല്‍സി എവേ ഗോളിന്റെ പിന്‍ബലത്തില്‍ ഫൈനലിലേക്ക്‌് മുന്നേറുമെന്ന തിരിച്ചറിവോടെ ബാര്‍സലോണ ഇടവേളക്കു പിരിഞ്ഞു.
രണ്ടാം പകുതിയുടെ മൂന്നാം മിനുട്ടില്‍ ബാര്‍സലോണക്ക് അനുകൂലമായി പെനാല്‍ട്ടി ലഭിച്ചു. പാര്‍ട് ടൈം ലെഫ്‌റ്റ് ബാക്കായി വേഷമിട്ടു കൊണ്ടിരുന്ന സ്റ്റാര്‍ സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്‌ബ സെസ്‌ക് ഫാബ്രിഗാസിനെ വീഴ്‌ത്തിയതിനായിരുന്നു കിക്ക്. ഇടത്തോട്ടു ചാടിയ ചെല്‍സി കീപ്പര്‍ പീറ്റര്‍ ചെക്കിനെ കബളിപ്പിച്ച മെസ്സിയുടെ കരുത്തുറ്റ ഷോട്ട് ബാറില്‍തട്ടി പ്രകമ്പനം കൊണ്ട് ചെല്‍സി കളിക്കാരുടെ കാലിലേക്ക് വീണതോടെ ആ രാത്രി ബാര്‍സയുടേതല്ലെന്നു തോന്നിച്ചു.
പെനാല്‍ട്ടി ബോക്‌സില്‍ തമ്പടിച്ചു കഴിഞ്ഞ ചെല്‍സിതാരങ്ങള്‍ക്കിടയില്‍ വിള്ളല്‍ സൃഷ്ടിക്കുക ഓരോ നിമിഷം കഴിയും തോറും ബാര്‍സലോണക്ക് എളുപ്പമല്ലാതായി. കുരുക്ക് പൊട്ടിക്കാന്‍ എന്തെങ്കിലും തന്ത്രങ്ങള്‍ മെനയുന്നതിനു പകരം ചെല്‍സിക്ക് പിഴയ്‌ക്കുന്നതും കാത്ത് അതേനില തുടരാന്‍ തീരുമാനിച്ചു ബാര്‍സ കോച്ച് പെപ് ഗ്വാര്‍ഡിയോള. ഭാഗ്യത്തിന്റെ കൂടി അകമ്പടിയോടെ ചെല്‍സി ഉരുക്കുകോട്ട തന്നെ തീര്‍ത്തു. പെനാല്‍ട്ടി ബോക്‌സിനു ചുറ്റും അലഞ്ഞുകൊണ്ടിരുന്ന ബാര്‍സതാരങ്ങള്‍ വിടവ് കാണാതെ വലഞ്ഞു. അപൂര്‍വമായി തൊടുത്ത ഷോട്ടുകള്‍ എതിരാളികളുടെ കാലില്‍ തട്ടിയോ പീറ്റര്‍ ചെക്കിന്റെ കൈകളില്‍ കൊണ്ടോ എങ്ങോട്ടെങ്കിലും തെറിച്ചു. പെനാല്‍ട്ടി ബോക്‌സ് വിട്ടിറങ്ങില്ലെന്ന് ദൃഢപ്രതജ്ഞയെടുത്തവരെപ്പോലെയായിരുന്നു നീലപ്പട. ഇടക്കിടെ മെസ്സി ഉയര്‍ത്തിവിട്ട ചിപ്പിംഗ് പാസുകള്‍ ഹെഡര്‍മിടുക്കരായ ചെല്‍സിയുടെ ഉയര്‍ന്ന താരങ്ങള്‍ തകര്‍ത്തു കളഞ്ഞു. കളി ഒരു മണിക്കൂര്‍ പിന്നിടും മുമ്പ് തന്നെ ചെല്‍സി ക്രൂരമായ വിജയ തന്ത്രം പയറ്റിത്തുടങ്ങിയിരുന്നു. കിട്ടുന്ന പന്ത് അവര്‍ മൈതാനത്തിന്റെ ആളില്ലാ മൂലയിലേക്ക് ഉയര്‍ത്തിയടിച്ച് സമയം പാഴാക്കി. ഇങ്ങേക്കരയില്‍ നിന്നോടിയെത്തി ബാര്‍സ കളിക്കാര്‍ അതെടുത്ത് സമയം പാഴാകുന്നത് തടയാന്‍ കീപ്പര്‍ വാല്‍ഡസ് ഓടിച്ചെന്ന് അവ കൂട്ടുകാര്‍ക്കെത്തിച്ചുകൊടുത്തു.
കളിതീരാന്‍ 10 മിനുട്ടുള്ളപ്പോള്‍ ദ്രോഗ്‌ബക്കു പകരം ഫെര്‍ണാണ്ടോ ടോറസ് കളത്തിലെത്തി. ഒരു ഗോളിനായി ബാര്‍സാതാങ്ങള്‍ കിണഞ്ഞു ശ്രമിക്കവെ വീണുകിട്ടിയ പന്ത് ആഷ്‌ലി കോള്‍ ടോറസിന് നല്‍കുന്നു. സ്വന്തം പകുതിയില്‍ നിന്ന് ഒഴിഞ്ഞ എതിര്‍ പകുതിയിലേക്ക് ടോറസ് കുതിക്കുമ്പോള്‍ ഗോളുറപ്പായിരുന്നു. മുന്നില്‍ വാല്‍ഡസും വിശാലമായ പോസ്‌റ്റും മാത്രം. വാല്‍ഡസ് ഓടിക്കയറിയെങ്കിലും വെട്ടിയൊഴിഞ്ഞ് ടോറസ് പന്ത് വലയിലേക്ക് തട്ടി. 92-ാം മിനുട്ടിലെ ആ ഗോളോടെ ബാര്‍സ കളി 'മതിയാക്കി'.
തോല്‍ക്കണമെങ്കില്‍ എതിരാളികള്‍ ഏറെ അധ്വാനിക്കുകയൊന്നും വേണ്ട എന്ന പാഠവുമായാണ് ബാര്‍സാതാരങ്ങള്‍ തിരിച്ചു കയറിയത്. ഒരാഴ്‌ചക്കിടെ രണ്ടുതവണ ചെല്‍സിയോടും ഒരു തവണ റയല്‍ മാഡ്രിഡിനോടും ഏറ്റുമുട്ടി ക്ഷീണിച്ച ബാര്‍സാ കളിക്കാര്‍ക്ക് നിരാശപൂണ്ട മൂന്നാം രാത്രിയെന്നോ പ്രതീക്ഷയുടെ സമ്മര്‍ദമില്ലാതെ ഉറങ്ങാനൊരു പുതിയ രാത്രിയെന്നോ എന്ത് വിശേഷിപ്പിച്ചാലും ശരിതന്നെ.
No comments:
Post a Comment