Saturday, April 21, 2012




സച്ചിന്റെ കടുത്ത ആരാധകനായിരുന്ന ഞാന്‍.... ക്ലാസെടുക്കുന്നത് ശ്രദ്ധിക്കാതെ സച്ചിനെക്കുറിച്ച് കവിതയെഴുതിയ ഞാന്‍.... സച്ചിന്റെ നേട്ടങ്ങളുടെ പത്രക്കട്ടിംഗുകള്‍ വെട്ടിയെടുത്ത് നോട്ടു പുസ്തകത്തില്‍ ഒട്ടിച്ച ഞാന്‍... പോസ്റ്ററുകള്‍ റൂമില്‍ ഒരുപാട് കാലം ചുമരില്‍ തൂക്കിയ ഞാന്‍ (പിന്നീട് ആ 'പിരാന്ത്' ഉണ്ടായിട്ടില്ല).... സച്ചിന്‍ നൂറാം സെഞ്ച്വറിയടിച്ച് വളരെ ദിവസങ്ങള്‍ക്കു ശേഷമിതാ സച്ചിനെക്കുറിച്ച് എന്തെങ്കിലുമൊക്കെ എന്റെ ബ്ലോഗില്‍ പോസ്റ്റ് ചെയ്യുന്നു... ഇന്നും വളരെ വളരെ വൈകി. മലബാര്‍ പോസ്റ്റില്‍ എന്റെ പേരില്‍ പ്രസിദ്ധീകരിച്ച ലേഖനമാണ് ഇവിടെ ചേര്‍ക്കുന്നത്‌
  




ആരാണ് സച്ചിന്‍...?







ഇനിയൊരു സച്ചിന്‍ തെണ്ടുല്‍ക്കര്‍ പിറക്കില്ല. ശാരാദ മന്ദിര്‍ സ്‌കൂളിലെ കളിക്കമ്പക്കാരനായ കുട്ടി; കൂട്ടുകാരുടെ തെണ്ടിയ ലോക ക്രിക്കറ്റിലെ വന്മരമായി മാറിയത് സ്വ്പ്‌നാടനങ്ങളില്‍ മാത്രം സാധ്യമാകുന്നതെന്ന് തോന്നുന്ന നേട്ടങ്ങള്‍ വാരിക്കൂട്ടിയാണ്. ഡെന്നിസ് ലില്ലി പേസ് ഫൗണ്ടേഷനില്‍ ഫാസ്റ്റ് ബൗളറാകാന്‍ പോകുകയും ഉയരക്കുറവു മൂലം നിരാശനായി മടങ്ങുകയും ചെയ്തയാള്‍ ബാറ്റ്‌സ്മാന്മാരുടെ ആചാര്യനായ കഥയാണ് സച്ചിന്‍. അടുത്ത തലമുറയിലെ മഹാനായ ഒരു ക്രിക്കറ്റര്‍ക്ക് മാത്രമേ രണ്ടു പതിറ്റാണ്ടിലേറെ നീണ്ട സച്ചിന്റെ പ്രയാണം എത്ര മഹത്തരമായിരുന്നുവെന്ന് ബോധ്യമാകാനിടയുള്ളൂ. ഗ്യാലറിയിലിരിക്കുന്നവനറിയാത്തതാണ് സച്ചിനിലേക്കുള്ള ദൂരം.

ഉപഭൂഖണ്ഡത്തിലെ ചത്തപിച്ചുകള്‍ ഏഷ്യന്‍ ടീമുകളെ സൗന്ദര്യവാദികളാക്കുന്നതില്‍ പങ്ക് വഹിച്ചിട്ടുണ്ടാകാം. ലോക ക്രിക്കറ്റില്‍ ഏറ്റവും സുന്ദരമായി ബാറ്റുപിടിക്കുന്നവര്‍ ഏഷ്യയിലാണ്. സൗന്ദര്യ പ്രകാശനത്തില്‍ മറ്റുള്ളവരെക്കാള്‍ രണ്ടുചുവടെങ്കിലും മുന്നിലാണ് ഇന്ത്യയുടെ സ്ഥാനം. ഏഷ്യന്‍ കളിക്കാര്‍ പന്ത് വായുമാര്‍ഗം കാണികളിലെത്തിക്കുമ്പോള്‍ പോലും അവരുടെ ചുവടുകളും മേനിയനക്കങ്ങളും താളാത്മകമാണെന്ന് നാം കാണുന്നു. മാത്യു ഹെയ്ഡന്റെയോ ബ്രന്‍ഡന്‍ മക്കല്ലത്തിന്റെയോ ഷെയ്ന്‍ വാട്‌സന്റെയോ അലസ്റ്റര്‍ കുക്കിന്റെയോ ആന്‍ഡ്ര്യൂ $ിന്റോഫിന്റെയോ നെടുനീളന്‍ ഇന്നിംഗ്‌സുകളില്‍ പോലും അത്തരം അനുഭവസുഖങ്ങള്‍ നമുക്കന്യം നില്‍ക്കുകയും ചെയ്തു; അന്നും ഇന്നും. വെസ്റ്റിന്‍ഡീസ് മാത്രമാണ് അപവാദം.






സച്ചിന്‍ തെണ്ടുല്‍ക്കറുടെ കളിച്ചന്തം എത്ര മുകളിലായിരുന്നുവെന്നു കാണിക്കാണ് ഇത്രയും എഴുതിയത്. സുനില്‍ ഗവാസ്‌കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, രാഹുല്‍ ദ്രാവിഡ്, സൗരവ് ഗാംഗുലി, വി.വി.എസ് ലക്ഷ്മണ്‍, സുരേഷ് റെയ്‌ന, യുവരാജ് സിംഗ്, ഗൗതം ഗംഭീര്‍, വിരാട് കോഹ്‌ലി, രോഹിത് ശര്‍മ... പലതലമുറകളിലായി മനോഹരമായി ബാറ്റേന്തിയവരും ഏന്തുന്നവരുമൊന്നും സച്ചിനെന്ന കലാകാരനോളം വരില്ല. ഇന്ത്യന്‍ ക്രിക്കറ്റിലെ ആദ്യത്തെ സൗന്ദര്യവാദി സുനില്‍ ഗവാസ്‌കറായിരിക്കും. ഗവാസ്‌കറിനെ ആരാധ്യപുരുഷനായി കൊണ്ടുനടന്ന സച്ചിന്‍ സ്‌ട്രൈറ്റ് ഡ്രൈവുകള്‍ക്ക് പ്രസിദ്ധനായ ഗവാസ്‌കറിനെ തന്റെ പിന്നിലാക്കിയത് അതിനെക്കാള്‍ പൂര്‍ണതയുള്ള സ്‌ട്രൈറ്റ് ഡ്രൈവുകള്‍ കൊണ്ടായിരുന്നു.






മനോഹരമായി കളിച്ചപ്പോഴും ടീമിനു മുതല്‍ക്കൂട്ടാകാനായി എന്നിടത്താണ് സച്ചിന്‍ കേവല സൗന്ദര്യവാദിയായിരുന്നില്ല എന്ന് ബോധ്യപ്പെടുന്നത്. ബംഗ്ലാദേശിന്റെ മുഹമ്മദ് അശ്‌റഫുലും പാകിസ്താന്റെ ഉമര്‍ അക്മലും അവരുടെ നാട്ടുകാരുടെ സച്ചിനായി വാഴ്ത്തപ്പെടുമ്പോഴും ചില ഷോട്ടുകളിലെ സാമ്യതകള്‍ക്കപ്പുറത്ത് അവര്‍ അവര്‍ മാത്രമാകുന്നു. അശ്‌റഫുലാകട്ടെ കരിയറിന്റെ തുടക്കത്തില്‍ തന്നെ അസ്ഥിരതയും തകര്‍ച്ചയുമായി വിസ്മൃതിയിലായി. അക്മലും സ്ഥിരതക്കു വേണ്ടിയുള്ള തിരച്ചിലിലാണ്.


ചന്തം തുളുമ്പുന്ന ബാറ്റിംഗിനൊപ്പം തന്റെ ചെപ്പടിവിദ്യകള്‍ കൂടി ചേര്‍ത്തുവെച്ചാണ് അസാമാന്യരായ സമകാലികരെ സച്ചിന്‍ പിറകിലാക്കിയത്. കളിവിദഗ്ധര്‍ അതിനെ സാങ്കേതിക പരിജ്ഞാനമെന്ന് വിലയിരുത്തി. കളിമതമാക്കിയവര്‍ അതില്‍ ദൈവത്തെ കണ്ടു; അങ്ങനെയല്ലെന്ന് ബോധമനസില്‍ അറിവുണ്ടായപ്പോഴും ആ വിളിക്ക് ക്രിക്കറ്റില്‍ മറ്റാരെ വിളിക്കുമെന്നവര്‍ക്കു തോന്നി. കിടയറ്റ ഫീല്‍ഡിംഗ് വിന്യാസങ്ങളൊരുക്കിയ മഹാനായകരെ ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ അത്ഭുതപ്പെടുത്തിയിടത്തോളം മറ്റാരും അത്ഭുതപ്പെടുത്തിക്കാണില്ല. ഓഫ് സൈഡില്‍ ബൗണ്ടറികള്‍ കണ്ടെത്താന്‍ ഗാംഗുലിക്കും വിഷമ വൃത്തങ്ങളില്‍ പ്രതിരോധം ചമക്കാന്‍ ദ്രാവിഡിനുമുളള കഴിവുകള്‍ ഒരുകാലത്തെ ക്രിക്കറ്റ് ചര്‍ച്ചകളില്‍ പ്രധാനമായിരുന്നു. പന്ത് എവിടെ വരെ ചലിപ്പിക്കണമെന്ന് അളന്നു തിട്ടപ്പെടുത്തിയ പോലെയാണ് ചിലപ്പോള്‍ ദ്രാവിഡിന്റെ ബാറ്റിംഗ്. സിക്‌സര്‍ നേടുമ്പോള്‍ പോലും (വല്ലപ്പോഴും) ഗ്യാലറിയിലെത്തിക്കാത്തതായിരുന്നു ശീലം. ശുഐബ് അക്തറിനെപ്പോലൊരു പന്തേറുകാരന്റെ മിന്നിമറയുന്ന ബൗണ്‍സര്‍ ഉയര്‍ന്നുചാടി തട്ടിവീഴ്ത്തി ക്രീസിന്റെ കുമ്മായ വരക്കുള്ളില്‍ നിശ്ചലമാക്കുക, നെഞ്ചിനും ഹെല്‍മറ്റിനുമിടയിലൂടെ പന്ത് ലീവ് ചെയ്യുക... ഇതൊക്കെ ദ്രാവിഡ് ഒഴുക്കന്‍ മട്ടില്‍ ചെയ്യുന്ന കാര്യങ്ങളാണ്. പക്ഷേ, സച്ചിന്റെയും ദ്രാവിഡിന്റെയും സാങ്കേതിക വൈഭവത്തില്‍ പഠനം നടന്നപ്പോള്‍ കൂട്ടുകാരനെ ഏറെ പിന്നിലാക്കി സച്ചിന്‍. സച്ചിന്‍ 60 ശതമാനം സാങ്കേതികത്തികവുള്ള കളിക്കാരനാണെന്നും ദ്രാവിഡിന്റെ സാങ്കേതിക വിജ്ഞാനം 40 ശതമാനമാണെന്നുമായിരുന്നു പഠനഫലം.








കണക്കുകള്‍ അളവുകോലാക്കി അര്‍ഹിച്ച വലിപ്പംകിട്ടാതെ അനാദരിക്കപ്പെട്ട മഹാരഥന്മാരായ രണ്ടു ക്രിക്കറ്റര്‍മാരില്‍ ഒരാള്‍ സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കറാണ്. ബ്രയാന്‍ ലാറയാണ് മറ്റൊരാള്‍. 99.94 ശരാശരിയുള്ള ഡോണ്‍ ബ്രാഡ്മാനുമായി ചേര്‍ത്തുനോക്കിയാണ് അനലിസ്റ്റുകള്‍ ഈ കളിക്കാരെ വിലയിരുത്തിയത്. 190 ഓളം ടെസ്റ്റുകളും 460ലേറെ ഏകദിനങ്ങളും കളിച്ച സച്ചിനെയും 130ലധികം ടെസ്റ്റുകളും 300ഓളം ഏകദിനങ്ങളും കളിച്ച ലാറയെയും 52 ടെസ്റ്റുകളില്‍ മാത്രം പാഡുകെട്ടിയ ബ്രാഡ്മാനുമായി എങ്ങനെ താരതമ്യം നടത്തും? അതിനര്‍ത്ഥം ബ്രാഡ്മാന്‍ ഇതിഹാസമല്ലെന്നല്ല, അനന്യമായ ഇന്നിംഗ്‌സുകളാണ് ബ്രാഡ്മാനെ ക്രിക്കറ്റിലെ അജയ്യ പുരുഷനാക്കിയത്.
എങ്കിലും, ഇനിയും പിറന്നേക്കാവുന്ന പെരുങ്കളിയാട്ടക്കാരുടെ സംഖ്യാകളികളില്‍ താന്‍ തോറ്റുപോകാതിരിക്കാന്‍ സച്ചിന് കൂടുതല്‍ കൂടുതല്‍ കരുതിവെക്കേണ്ടി വന്നു. 30,000ലധികം റണ്‍സും നൂറു സെഞ്ച്വറികളും കളി മൈതാനങ്ങളുടെ പുറത്തിരുന്ന് സച്ചിന് ആസ്വദിക്കാനുള്ള കണക്കുകളായേക്കാം, പക്ഷേ, കളിയില്‍ ടീം സ്പിരിറ്റുള്ള ഒരു കലാകാരനാണദ്ദേഹം. 


സത്യത്തില്‍ കണക്കിന്റെ വിരസതകളില്ലാത്ത ലോകത്താണ് സച്ചിനും ലാറയും കളിപ്രേമിയുടെ താരങ്ങളാകുന്നത്. സ്പിന്നര്‍മാര്‍ക്കെതിരെ സ്വീപ് ഷോട്ട്, ഫാസ്റ്റ് ബൗളര്‍മാര്‍ക്കെതിരെ അപ്പര്‍ കട്ട് തുടങ്ങി ക്രിക്കറ്റിലെ അടിസ്ഥാന തത്വങ്ങള്‍ പോലും പ്രതിഭയുടെ മുമ്പില്‍ അങ്ങനെയാകണമെന്നില്ലെന്ന് തെളിയിച്ച സച്ചിനെ ആരോര്‍ക്കുന്നു. ചാമിന്ദ വാസിന്റെ ലൈനും ലെംഗ്തും തികഞ്ഞ പന്ത് തന്നെ പരീക്ഷിച്ചു കൊണ്ടിരുന്നപ്പോള്‍ ലങ്കയുടെ പേസ് പണ്ഢിറ്റിനെ പ്രതിഭകൊണ്ട് കീഴടക്കിയ സച്ചിനെ ആരും എവിടെയു കുറിച്ചുവെച്ചിട്ടുണ്ടാകില്ല. ഫ്രണ്ട്ഫൂട്ടിലേക്കു മാറി സ്റ്റാര്‍ട്ടിംഗ് ലൈനില്‍ നില്‍ക്കുന്ന ഓട്ടക്കാരനെപ്പോലെ വളഞ്ഞിരുന്ന് സച്ചിന്റെ സ്വീപ് ഷോട്ട്. വിക്കറ്റിനു പിന്നിലേക്ക് അതിവേഗം പാഞ്ഞ പന്ത് അതിര്‍വര കടന്നപ്പോള്‍ കാഴ്ചക്കാര്‍ മൂക്കത്ത് വിരല്‍വെച്ചു. ആ ഭാഗത്തെങ്ങും ഒരു ഫീല്‍ഡര്‍പോലുമുണ്ടായിരുന്നില്ല. അത്തരമൊരു പന്തില്‍ അത്തരമൊരു ഷോട്ട് വാസിന്റെ വിശാലമായ കണക്കുകൂട്ടലുകളില്‍ പോലും ഉണ്ടായിരുന്നിരിക്കില്ല.
ബീറ്റണായേക്കുമെന്നു തോന്നിച്ച ശാഹിദ് അഫ്രീദിയുടെ കുത്തിയുയര്‍ന്ന പന്ത് കമ്രാന്‍ അക്മലിന്റെ ഗ്ലൗസുകള്‍ക്കരികെ വെച്ച് ബൗണ്ടറിയിലേക്ക് പായിക്കാന്‍ സ്റ്റംപോളം കുനിഞ്ഞിരുന്ന സച്ചിന്‍ കാണിച്ച മാജിക്ക്... വെസ്റ്റിന്‍ഡീസിന്റെ സ്പിന്നറെ ഇരുന്ന ഇരുപ്പില്‍ സ്റ്റേഡിയത്തിനു മുകളിലേക്ക് സിക്‌സറായി പറഞ്ഞയച്ച് ശാന്തനായി ഇരിപ്പുവിട്ടെണീറ്റ സച്ചിന്‍.... ആസ്വാദകന്റെ മനസില്‍ കാലവും സ്ഥലവും കുറിക്കപ്പെടാതെ നിറമുള്ള ആല്‍ബങ്ങളായി മാറിയ ഒട്ടേറെ നിമിഷങ്ങള്‍... ഇവക്കൊക്കെ ചരിത്രത്തില്‍ എവിടെ തിരയും നാം..?








ഇന്ത്യന്‍ ആരാധകന്റെയല്ല, ക്രിക്കറ്റ് ആരാധകരന്റെ താരമായിരുന്നു സച്ചിന്‍. ഇന്ത്യ തോറ്റപ്പോഴും സച്ചിന്‍ അവരെ തൃപ്തിപ്പെടുത്തി. അതേസമയം, സച്ചിന്‍ നേടിയ സെഞ്ച്വറികളില്‍ വലിയ ഭാഗവും ടീമിന്റെ പരാജയങ്ങളിലായിരുന്നുവെന്നതില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സ്‌നേഹിച്ചവര്‍ രോഷംകൊണ്ടു. അവര്‍ക്ക് വിജയം മാത്രമായിരുന്നു വേണ്ടിയിരുന്നത്. അതാര്, എങ്ങനെ നേടിയാലും അവനാണ് ഹീറോ.
വിജയത്തിലേക്കാവശ്യമായ ടോട്ടലിന്റെ മൂന്നിലൊന്നോ രണ്ടിലൊന്നോ സ്‌കോര്‍ ചെയ്ത ഒരു കളിക്കാരനെ തോല്‍വിയില്‍ പഴിക്കുന്നത് വിചിത്ര സമീപനം തന്നെയാണ്. സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു മെല്ലെപ്പോക്കുകാരനായിരുന്നെങ്കില്‍ അങ്ങനെ പറയാമായിരുന്നു. 86.26 റണ്‍സ് സ്‌ട്രൈക് റേറ്റുള്ള ഒരാളെ മെല്ലെപ്പോക്കുകരാനെന്ന് എങ്ങനെ വിളിക്കും!


അതേസമയം, വിജയം മാത്രം ആഗ്രഹിച്ച ദേശസ്‌നേഹിയാണ് താനെന്ന് സച്ചിന്‍ പലവട്ടം തെളിയിച്ചു. ഇന്ത്യന്‍ പതാക പതിച്ച ഹെല്‍മറ്റും, ഐ.പി.എല്‍ ടീമിനു കണ്ടെത്തിയ പേരില്‍ ഇന്ത്യന്‍സ് (മുംബൈ ഇന്ത്യന്‍സ്) എന്നുവന്നതുമെല്ലാം ഉദാഹരണങ്ങള്‍. ഏറെ സന്തോഷിപ്പിച്ച സെഞ്ച്വറി ചിന്നസ്വാമിയില്‍ ഇംഗ്ലണ്ടിനെതിരെ നേടിയതെന്നു പറഞ്ഞ സച്ചിന്‍, അതിനു കാരണം പറഞ്ഞത് മുംബൈ ആക്രമണത്തില്‍ രാജ്യം വിറങ്ങലിച്ചു നില്‍ക്കുമ്പോഴാണ് അത് നേടിയത് എന്നായിരുന്നു. 2003 ലോകകപ്പില്‍ റെക്കോര്‍ഡ് പ്രകടനവുമായി ചാമ്പ്യന്‍ഷിപ്പിന്റെ താരമായപ്പോഴും ട്രോഫി വാങ്ങിയ സച്ചിന്റെ മുഖത്ത് ഫൈനലിലെ തോല്‍വിയുടെ നിരാശയായിരുന്നു.






വിരമിക്കലിനു വേണ്ടി മുറവിളി കൂട്ടുന്നിടത്താണ് സച്ചിന്‍ വാര്‍ത്തകള്‍ ഒടുവില്‍ എത്തിനില്‍ക്കുന്നത്. ക്രിക്കറ്റില്‍ ഫലമാണ് മുഖ്യമെന്നു വിശ്വസിക്കുന്നവരുടെ കാലത്ത് ഒരു അപൂര്‍വ ജീനിയസിന്റെ മൂല്യത്തിനെന്തു പ്രസക്തി. കരിയറിന്റെ തുടക്കത്തില്‍ കണ്ട ആക്രമണോത്സുകത സച്ചിന് നഷ്ടമായെന്നായിരുന്നു നേരത്തെയുയര്‍ന്ന പരാതികളില്‍ മുന്നില്‍. രവിശാസ്ത്രിയുടെ സംഘത്തിലെ യുവതാരമായിരുന്ന താന്‍ മഹേന്ദ്രസിംഗ് ധോണിയുടെ കളിക്കൂട്ടത്തിലെ മുതിര്‍ന്ന താരമാണെന്നും സമയത്തിനും കാലത്തിനും അനുസരിച്ച് ഉത്തരവാദിത്തങ്ങള്‍ മാറുമെന്നും ആവേശത്തിന് അടിപ്പെട്ടവര്‍ക്ക് ബോധ്യമുണ്ടാക്കാന്‍ കളിക്കുന്നതിനെക്കാള്‍ സച്ചിന്‍ പാടുപെട്ടു. തന്റെ കഴിവുകളില്‍ സംശയിച്ചവര്‍ക്കു വേണ്ടി ഏകദിന ക്രിക്കറ്റിലെ ആദ്യ ഡബിള്‍ സെഞ്ച്വറി ഗ്വാളിയോറില്‍ സച്ചിന്‍ തികച്ചത് മൂന്നു വര്‍ഷം മുമ്പാണ്. ബൗളിംഗിലും ഫീല്‍ഡിംഗിലും ആര്‍ക്കും പിന്നിലല്ലതാത്ത ദക്ഷിണാഫ്രിക്കക്കൈതിരെ 147 പന്തില്‍ നിന്നായിരുന്നു ആ നേട്ടമെന്നത് അതിന്റെ മാറ്ററിയിക്കുന്നു. ലിറ്റില്‍ മാസ്റ്ററില്‍ നിന്ന് മാസ്റ്റര്‍ ബ്ലാസ്റ്ററായും അവിടെ നിന്ന് ഇന്ത്യന്‍ ക്രിക്കറ്റിന്റെ ഐക്കണായും സച്ചിന്‍ വളര്‍ന്നു. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, ഷോണ്‍ പൊള്ളോക്ക്, വഖാര്‍ യൂനുസ്, മുത്തയ്യ മുരളീധരന്‍.... തുടങ്ങിയ ബൗളിംഗ് ജീനിയസുകളെ നേരിട്ടാണ് സച്ചിന്‍ തെണ്ടുല്‍ക്കര്‍ ഒരു പടുവൃക്ഷമായത് എന്നതു തന്നെയാണ് സച്ചിന്റെ മഹത്വം. 

No comments:

Post a Comment