സച്ചിന് കളിച്ച കാലം
ഓരോ ക്രിക്കറ്റ് കഥകള്‍ പറഞ്ഞ് അയല്പക്കത്തെ ആല്യാക്കാന്റെ വീട്ടില്‍ ടി.വിയില്‍ കളികാണാന്‍ എന്നെ കൊണ്ടു പോകുകയും ചെയ്യുമായിരുന്നു ഇക്കാക്ക. ഇക്കാക്ക എന്നിവിടെ എഴുതുമെങ്കിലും ഞാന്‍ വിളിക്കുന്ന പേര് മറ്റൊന്നാണ്. വീട്ടിലെ അവന്റെ ഓമനപ്പേര്. ആളുകള്‍ കളിയാക്കിപ്പറയുന്ന വിരസമായ ടെസ്റ്റ് മത്സരങ്ങളാണ് അവന് കമ്പനി കൊടുക്കാന്‍ വേണ്ടി ഞാന്‍ പോയി കണ്ടിരുന്നതെന്ന് വളരെ കാലത്തിനു ശേഷം മനസിലായി. അധിക സംസാരിയല്ലാത്ത അവനു വേണ്ടി കലപിലാ സംസാരിക്കുന്ന ഞാന്‍ വേണമായിരുന്നു ടി.വി തുറക്കാന്‍ വേണ്ടി വീട്ടുകാരോടു ചോദിക്കാന്‍. ഇക്കാക്കയുടെ കളിപ്പിരാന്തിനു വേണ്ടി കളികാണാന്‍ പോകുന്ന ആ കാലമങ്ങനെ കഴിഞ്ഞു.
അറബിക്കോളേജില്‍ രാത്രി പഠന സമയത്താണ് സച്ചിന് ചരിതം ഞാന്‍ വിശാലാര്‍ത്ഥത്തില്‍ കേട്ടുതുടങ്ങുന്നത്. രാവിലെ പഠിപ്പിച്ചത് പഠിക്കാനായി എല്ലാവരും ക്ലാസില്‍ പോയിരിക്കുന്ന സമയത്താണിത്. കെ.പി എന്ന് ചുരുക്കപ്പേരില്‍ ഞങ്ങള്‍ വിളിക്കുന്ന അബൂത്വാഹിര്‍ കെ.പിയായിരുന്നു കാഥികന്. ഇടക്കിടെ പുറത്തു നിന്നു പതുങ്ങി പതുങ്ങി ക്ലാസില്‍ വന്നു കയറുകയും അതുപോലെ പുറത്തേക്കു പോകുകയും ചെയ്തു കൊണ്ടിരിക്കുന്നവരോട് കെ.പി സ്കോറുകള്‍ ചോദിച്ചു കൊണ്ടിരിക്കും. റേഡിയോയില്‍ ഇന്ത്യ-പാകിസ്താന് മത്സരത്തിന്റെ കമന്ററി കേള്‍ക്കാന്‍ വേണ്ടി റൂമിലേക്ക് ഒളിച്ചുകടക്കുന്നവര് എല്ലാവരുടേയും മൊബൈല്‍ സ്കോര്‍ ബോര്‍ഡായി സേവനം ചെയ്യുകയായിരിക്കും. കാടുമൂടിയ ക്ലാസിന്റെ പിന്‍ഭാഗം.... സിങ്കിട്ട ക്ലാസ് മുറി.. തുടങ്ങി വെളിച്ചക്കുറവിനും അതുവഴി ഉസ്താദുമാര്‍ കാണാതെ ക്ലാസ്-റൂം സഞ്ചാരത്തിനും സഹായിക്കുന്ന ഘടകങ്ങള്‍ അവിടുണ്ടായിരുന്നു.
ഏതായാലും വാശിയേറിയ മത്സരത്തില്‍ ഇന്ത്യ ജയിച്ചു. വീരനായത് സാക്ഷാല്‍ സച്ചിന്. സച്ചിന്റെ വിക്കറ്റ് നേടുമെന്ന് പാകിസ്താന്റെ വീരശൂര പരാക്രമി ശുഐബ് അക്തര്‍ വീരവാദം മുഴക്കിയത് പത്രത്തിലെ പെട്ടിക്കോളത്തില്‍ രാവിലെ വായിച്ചതു മുതല്‍ എല്ലാവര്‍ക്കുമിടയില്‍ അതായിരുന്നു ചര്‍ച്ച. കൂട്ടത്തിലെ കളിവിധഗ്ദരുടെ അഭിപ്രായങ്ങളും വാഗ്വാദങ്ങളും ആവേശപൂര്‍വം കേള്‍ക്കുക മാത്രമായിരുന്നു പൊതുവെ ആവേശക്കാരനായ എന്റെ ജോലി. ഏതായാലും പാകിസ്താനെ അടിച്ച് സ്റ്റേഡിയം കയറ്റിയ ശേഷം 98 റണ്‍സില്‍ സച്ചിന് പുറത്തായതായി. മത്സര ശേഷവും ചര്‍ച്ച പുരോഗമിച്ചു. സൂപ്പര്‍താരം അടിച്ചു തകര്‍ത്തതിലുള്ള ആവേശത്തിനിടയിലും ഒടുവില്‍ അക്തര്‍ തന്നെ ആ വിക്കറ്റ് നേടിയല്ലോ എന്ന് ദുഖിക്കുന്നവരുമുണ്ടായിരുന്നു. ഏതായാലും സച്ചിന്റെ വീരകഥകള്‍ കേട്ട രാത്രി തന്നെ അദ്ദേഹം അതിലേക്ക് മറ്റൊരു ഏട് എഴുതിച്ചേര്‍ത്തത് ആഹ്ലാദം പകര്‍ന്നു. ഞാന്‍ ഒരു കടുത്ത സച്ചിന് ഫാനായി മാറുകയായിരുന്നു. നേരില്‍ കണ്ടതോടെ...., സൗന്ദര്യമുള്ളതിലെന്തിലും ആകര്‍ഷണം തോന്നുന്ന ഞാന്‍ ആ കളിയില്‍ ആകൃഷ്ടനായത് സ്വാഭാവികം.
ഫൈനലില്‍ ഓസ്ട്രേലിയ മുന്നോട്ടുവെച്ച ഭീമന് ടോട്ടലിനു മുന്നില്‍ എല്ലാവരും സച്ചിനെ ഉറ്റുനോക്കിയപ്പോള്‍ ഗ്ലെന്‍ മഗ്രാത്തിന്റെ പന്തില്‍ തുടക്കത്തിലേ സച്ചിന് മടങ്ങി. ഫൈനല്‍ വരെ ടീമിനെ തോളിലേറ്റിയ സച്ചിന് വീണതോടെ ടീം തോറ്റു. വീരേന്ദര്‍ സെവാഗ് കൂട്ടിനാരുമില്ലാതെ നിസഹായനായത് പിറ്റേന്ന് പത്രത്തിലുണ്ടായതായി ഓര്‍ക്കുന്നു.
ഏതായാലും അന്നുമുതല്‍ ഞാന്‍ സച്ചിന് ആരാധകനായി. ഒരുപാട് സച്ചിന് ആരാധകരുണ്ടായിരുന്നു കോളേജില്‍. അതുപോലെ സെവാഗിനും, ദ്രാവിഡിനും, ഗാംഗുലിക്കും കുറേകാലത്തിനു ശേഷം യുവരാജിനുമെല്ലാം ആരാധകരുണ്ടായി. കളി തുടങ്ങുന്നതിന് ഒരാഴ്ച മുമ്പു തന്നെ വീരവാദങ്ങള്‍ തുടങ്ങിയാലും ആരും അത്ഭുതപ്പെടില്ല. റൂമില്‍, കാന്റീനില്‍, ക്ലാസില്‍ എല്ലാം ഇതായിരിക്കും ചര്‍ച്ച. ചര്‍ച്ച മൂക്കുമ്പോള്‍ ഓരോരുത്തരും തങ്ങളുടെ താരത്തിന്റെ മഹത്വങ്ങള്‍ എടുത്തുപറഞ്ഞ് എതിരാളിയെ (എതിരെ വാദിക്കുന്നവന്റെ കളിക്കാരനെ) താഴ്ത്തിക്കെട്ടാന്‍ ശ്രമിക്കും. പതിയെ പതിയെ വാദങ്ങളില്‍ ഞാനും സച്ചിനും തോല്ക്കാതിരിക്കലായി എന്റെ ലക്ഷ്യം. പഴയതും പുതിയതുമായ സ്പോര്‍ട്സ് മാസികകളില്‍ നിന്ന് എനിക്കാവശ്യമായ പോയിന്റുകള്‍ മനപ്പാഠമാക്കി. ശക്തമായി വാദിച്ചു. ടെസ്റ്റ് മത്സരങ്ങള്‍ കാണാന്‍ വളരെ സാഹസപ്പെട്ട് ക്ലാസ് മുടക്കി. ക്ലാസ് തുടങ്ങിയ ശേഷം കളികാണാന്‍ പോകുന്നവരെ പിടിക്കാന്‍ മൂന്നു നേരം ഹാജര്‍ വിളിക്കുന്ന നിയമം കൊണ്ടു വന്നപ്പോള്‍ ഇടവേളയിട്ട് കളികണ്ടു. 7.45ന് ക്ലാസ് തുടങ്ങും. ആദ്യത്തെ പിരീഡ് കഴിഞ്ഞാല്‍ ഞാനും റിയാസ്.ടിയും മറ്റുചിലരും മുങ്ങും. പത്തു മണിക്ക് ചായ കുടിക്കാന്‍ കാന്റീനിലെത്തും. അതുകഴിഞ്ഞുള്ള ആദ്യത്തെ പിരീഡില്‍ വീണ്ടും ഹാജറെടുക്കുമ്പോള്‍ ഞങ്ങള്‍ ക്ലാസിലുണ്ടാകും. അടുത്ത പിരീഡിനിനെ വീണ്ടും പുറത്തേക്കോടും. ഉച്ചയ്ക്ക് വീണ്ടും വരും. വീണ്ടും പോകും.
തുറന്നിട്ട ഒരു മൊട്ടക്കുന്നിലെ ക്ലാസില്‍ നിന്ന് ആരും കാണാത്തിടത്ത് എത്തിയെന്ന് ഉറപ്പുവരുത്താന്‍ പത്തുമിനുട്ടിനടുത്തു സമയം വേണം. ആരെങ്കിലും കണ്ടോ ഇല്ലയോ എന്നതു പോലും ഉറപ്പുണ്ടാകില്ല. തിരിച്ചെത്തും വരെ ആശങ്കയോടെയാകും ടി.വിക്കു മുമ്പിലിരിക്കുന്നത്.
സാഹസപ്പെട്ടുളള ഈ യാത്രയൊന്നും സച്ചിനറിയുന്നുണ്ടാവില്ല. ഒരു ബൗണ്ടറി കാണും വരെ അങ്ങനെ സ്റ്റേഡിയത്തിലെ പണിയില്ലാത്തവന്മാരെപ്പോലെ ഞങ്ങള്‍ ഇരിക്കും. സത്യം പറഞ്ഞാല്‍, വീരേന്ദര്‍ സെവാഗ് ക്രീസിലുണ്ടാകുമ്പോഴാണ് ഒരു ആശ്വാസം. കാണികളെ ആകെ പരിഗണിക്കുന്നത് സെവാഗാണ്. ദ്രാവിഡ് സുന്ദരമായി മുട്ടിക്കൊണ്ടിരിക്കും. ചാടിയും ഇരുന്നുമെല്ലാം വിക്കറ്റ് സംരക്ഷിക്കും. അതൊക്കെ കണ്ട് വൈകുന്നേരമങ്ങനെ തിരിച്ചു പോകും ഞങ്ങള്‍. ചായ കുടിക്കുന്ന സമയത്ത് സ്കോര്‍ ചോദിച്ച് ഓരോരുത്തര് വരും. റൂമില്‍ ചെന്നാല്‍ പിന്നെ എന്റെ കമന്ററിയാണ്. സച്ചിന് ആരാധകര്‍ പ്രത്യേകം വിളിച്ച് വിശദമായി ചോദിക്കും. അതുപോലെ ദ്രാവിഡ് ഫാന്‍സ് ദ്രാവിഡിന്റെ കളിയിലെ ഹൈലൈറ്റ്സ് ചോദിച്ചറിയും. ഞാന്‍ കളി കാണാന്‍ പോയതാണെന്ന് അവരൊന്നുമറിഞ്ഞു കൊള്ളണമെന്നില്ല. എങ്കിലും ഞാനത് കണ്ടിട്ടുണ്ടാകുമെന്ന് അവരൊക്ക വിശ്വസിച്ചിരുന്നു. ഞാന്‍ കളി കാണാന്‍ പോകാത്ത ദിവസങ്ങളില്‍ പോലും സ്കോര്‍ ചോദിച്ചു വരുന്നവരുണ്ട്. പിന്നീട് പിന്നീട് എന്നെക്കണ്ടാല്‍ കളിയല്ലാത്തതൊന്നും ചോദിക്കരുതെന്നതു പോലെയായി പലരുടെയും സംസാരം. കളിയില്ലാത്ത അന്നു പോലും (കളിയില്‍ താല്പര്യമില്ലാത്തവര്) സ്കോര്‍ ചോദിക്കാറുണ്ട്.
പണ്ട് കുറേ പേരുണ്ടായിരുന്നു കളികാണാന്‍. ശക്തരായ മുന്‍ഗാമികള്‍. അവരൊക്കെ മറ്റു പലതിലും താല്പര്യം കണ്ടെത്തിയതോടെ എന്റെ ഗതി അധോഗതി. റിയാസാണ് ഏക ആശ്വാസം. കളിപ്പിരാന്തന്മാര് വേറെയുമുണ്ടായിരുന്നെങ്കിലും അവരൊക്കെ സാഹസത്തിന് മുതിരാന്‍ താല്പര്യമില്ലാത്തവരായിരുന്നു.
ഒരു കളിയും ഒഴിവാക്കാതിരുന്ന മിദ്ലാജ് പിന്നീട് കോളേജിലെ മാതൃകാ വിദ്യാര്‍ത്ഥിയായി. റിയാസ് അതിനിടെ ഇന്നിംഗ്സ് അവസാനിപ്പിച്ചു. കേരളത്തിനപ്പുറത്തെവിടെയൊക്കെയോ ആയിരുന്നു അവന്റെ സങ്കേതമെന്നറിഞ്ഞു.
ഒരിക്കല്‍ ഉച്ചക്കു ശേഷം കളികാണാന്‍ ഞാനും റിയാസും തീരുമാനിച്ചിറങ്ങിയപ്പോള്‍ റൂമിനു പുറത്ത് വരാന്തയില്‍ ഞങ്ങളുടെ ബഡാ ഉസ്താദ് ഇരിക്കുന്നു. കാര്യസ്ഥന്റെ റോള്‍ വഹിക്കുന്ന അടുത്ത വീട്ടിലെ ബേബിച്ചേട്ടനോട് തൊള്ളായിരത്തി എണ്‍പതുകളിലെ കഥ പറയുകയാണ് അദ്ദേഹം. ഉടനെയൊന്നും തീരില്ലെന്നു തോന്നി. റേഡിയോ എടുത്ത് കമന്ററി കേട്ടുനോക്കി. ഇന്ത്യ ബാറ്റിംഗ് ആരംഭിച്ചിരിക്കുന്നു. എന്തു വിലകൊടുത്തും 'കളിവീട്ടില്‍' എത്തലായി ലക്ഷ്യം. സച്ചിന് ഓപണറാണ് പെട്ടെന്നു പുറത്തായാല്‍ കളികണ്ടത് മുതലാകില്ല. ഒടുവില്‍ ഞങ്ങള്‍ ബാത്റൂമിലേക്കു കയറി. വലിയ വെന്റിലേറ്ററാണ്. ചുരുണ്ടുകൂടിയാല്‍ അതിലൂടെ അപ്പുറം കടക്കാം. ക്ലാസിന്റെ പരിസരത്തു നിന്ന് ആരും കാണുന്നില്ലെന്നു ഉറപ്പായാല്‍ ഒറ്റയോട്ടത്തിന് പിന്‍വശത്തെ റബര്‍ തോട്ടത്തിലെത്തുകയും ചെയ്യാം. ആദ്യം ഞാനാണ് കയറിയത്. നീളക്കൂടുതലുള്ള റിയാസ് ആ കാലുകള്‍ എങ്ങനെയാണ് അതിലൂടെ അപ്പുറം കടത്തിയതെന്നത് അത്ഭുതമായിരുന്നു.
പിന്നീടൊരിക്കല്‍. രാത്രി കളികണ്ടു വരുമ്പോള്‍ അവന് അതേ സ്ഥലത്ത് പിടിക്കപ്പെടുകയും ചെയ്തു. റൂമിനകത്തുണ്ടായിരുന്നു ഉസ്താദ്. അദ്ദേഹം അകത്തേക്കും പുറത്തേക്കുമിറങ്ങിക്കൊണ്ടിരുന്നതിനാല് പുറത്തുള്ളവര്‍ അകത്തേക്കു കയറാനാകാതെ ഹോസ്റ്റലിനെ വട്ടംചുറ്റി. റൂമിലുള്ളവര്‍ സഹകരിച്ച് ഉസ്താദ് പുറത്തു പോകുന്ന അവസരം നോക്കി ചിലരെ ബാത്റൂം ഹോളിലൂടെ അകത്തേക്കു ക്ഷണിച്ചു. അങ്ങനെ കുറേപേര്‍ കയറിക്കൂടി. പിന്നീട് ഹോള്‍ കണ്ട ഉസ്താദ് ബാത് റൂം പുറത്തേക്കു പൂട്ടാന്‍ പറഞ്ഞു. ഞാന്‍ ബാത് റൂമില്‍ പോയതാണെന്ന ഭാവേന അകത്തു നിന്നു. (വലിയ സാഹസികനൊന്നുമല്ല ഞാന്‍ കെട്ടോ. കൂട്ടത്തില്‍ സാഹസം കുറഞ്ഞവനാണ്). റിയാസിനോട് ഞാന്‍ പെട്ടെന്ന് അകത്തേക്കു കയറാന്‍ പറഞ്ഞു. അവന് കയറുമെന്ന് ഉറപ്പായപ്പോള്‍ മെല്ലെ പുറത്തിറങ്ങി. എന്നാല്‍, ഹോളില്‍ ഒരു കാല് അപ്പുറവും ഒന്ന് ഇപ്പുറവും ഇട്ടു നില്‍ക്കേ റിയാസിന് 'കുളത്തിപ്പിടിച്ചു' . ഇനി എന്തു ചെയ്യുമെന്നറിയാതെ നില്‍ക്കെ അതാ വരുന്നു ഉസ്താദ്.... റിയാസിനെ കൈയോടെ പിടിച്ചു.
(കളികണ്ട കഥകള്‍ തുടരും.... )
sherikkum acadamiyil ippo ullath pole und. .
ReplyDeleteNostalgia feel cheyyunnu. . .
Support me
www.mtechblitz.blogspot.com