Thursday, January 5, 2012


സ്‌റ്റാന്‍ലിയുടെ കരളിലില്ല

കൈയിലെ കരിക്കിന്റെ കുളിര്‌



2011 സംസ്ഥാന സ്‌കൂള്‍  കായിക മേള റിപ്പോര്‍ട്ട്‌ ചെയ്യാന്‍ കൊച്ചിയില്‍ പോയ സമയത്താണ്‌ സ്‌റ്റാന്‍ലിയെ കാണുന്നത്‌. ഓടിക്കിതക്കുന്ന താരങ്ങള്‍ക്കും കൂടെയോടിത്തളരുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കും പവലിയനടുത്തുള്ള കുടിവെള്ളമല്ലാത്തതൊന്നു തെരഞ്ഞെടുക്കണമെങ്കില്‍ സ്റ്റാന്‍ലി ജോസഫിന്റെ അടുത്തു പോകണമായിരുന്നു. സമീപത്തെങ്ങും കൂള്‍ബാറുകളില്ലാത്തതു കൊണ്ട്‌ പ്രവേശന കവാടങ്ങളിലൊന്നിനു മുന്നില്‍ സ്റ്റാന്‍ലി വില്‍ക്കുന്ന കരിക്കുകളാണ്‌ കായിക മേളയുടെ പ്രധാന ദാഹശമനികളിലൊന്ന്‌. പക്ഷേ, മുന്നിലെത്തുന്നവരുടെ ദാഹം കെടുത്തുമ്പോഴും ജീവിതത്തില്‍ നഷ്‌ടപ്പെട്ടതൊക്കെ തിരിച്ചു പിടിക്കാനുള്ള അടങ്ങാ ദാഹം ആളിക്കത്തുകയാണ്‌ ഈ അറുപതുകാരനില്‍.


ശത്രുക്കള്‍ ഒരുപാടുള്ള കൂട്ടത്തിലാണ്‌ താനെന്ന വിശ്വാസക്കാരനാണ്‌ തോപ്പുംപടിക്കല്‍ അത്തിപ്പൊഴിയില്‍ വീട്ടില്‍ സ്റ്റാന്‍ലി ജോസഫ്‌. എവിടെപ്പോകുമ്പോഴും കൈയിലൊരു കത്തി കരുതുന്നതും അതുകൊണ്ടാണ്‌. കാരണം, ആര്‍ക്കു മുമ്പിലും തലതാഴ്‌ത്താനോ തോറ്റുകൊടുക്കാനോ തയാറല്ല എന്നതു തന്നെ. പ്രതികാര ബുദ്ധി കൊണ്ടു നടന്നപ്പോള്‍ മൂന്നു കൊലപാതക കുറ്റങ്ങള്‍ക്ക്‌ രണ്ടു തവണ ജയിലില്‍ കിടക്കേണ്ടി വന്നു. 20 വര്‍ഷത്തെ ജയില്‍ വാസം കഴിഞ്ഞ്‌ കഴിഞ്ഞ മാസമാണ്‌ സ്റ്റാന്‍ലി പുറത്തു വന്നത്‌.


ജീവിതത്തില്‍ വലിയ സ്വപ്‌നങ്ങളോ ഒത്തിരി ആഗ്രഹങ്ങളോ ഇല്ലാത്തവരുടെ കൂട്ടത്തിലാണ്‌ സ്റ്റാന്‍ലി ജോസഫ്‌. വര്‍ഷങ്ങള്‍ക്കു മുമ്പ്‌ അഛന്‍ ജോസഫ്‌ മരിച്ചതോടെ അമ്മക്കൊപ്പമുള്ള ഇത്തിരിവട്ടമായിരുന്നു സ്റ്റാന്‍ലിയുടെ ലോകം. അവിവാഹിതനായതു കൊണ്ട്‌ മീന്‍ വിറ്റുകിട്ടുന്ന കാശ്‌ അമ്മക്കും മകനും മാത്രമുള്ളതായിരുന്നു.


പത്താം ക്ലാസോടെ പഠനമവസാനിപ്പിച്ച്‌ അഛനൊപ്പം തുടങ്ങിയ മീന്‍ കച്ചവടമാണ്‌ സ്റ്റാന്‍ലി ജോസഫിനെ ജീവിതത്തിന്റെ വേറിട്ട വഴികളിലെത്തിക്കുന്നത്‌. സ്റ്റാന്‍ലിക്കത്‌ കേവലം മീന്‍ കച്ചവടമല്ല, മീന്‍ബിസിനസാണ്‌്‌. കേരളത്തിന്റെ ഒരറ്റം മുതല്‍ മറ്റേ അറ്റം വരെ ജോസഫും സ്റ്റാന്‍ലിയും മീന്‍വിറ്റിട്ടുണ്ട്‌. പക്ഷേ, പിന്നീട്‌ സ്വന്തം കാലില്‍ നില്‍ക്കാനായതോടെ സ്റ്റാന്‍ലിയുടെ ബിസിനസ്‌ കേരളത്തിനു പുറത്തേക്കു വ്യാപിച്ചു. 30-ാം വയസു മുതല്‍ ഗോവ, മദ്രാസ്‌, ബാംഗ്ലൂര്‍, ബോംബെ പോലുള്ള പട്ടണങ്ങളിലേക്ക്‌ താന്‍ കച്ചവടത്തിനു പോയിട്ടുണ്ടെന്ന്‌ സ്റ്റാന്‍ലി ഓര്‍ക്കുന്നു.


കച്ചവടത്തിനിടെ പലപ്പോഴും വാക്കേറ്റങ്ങളും ഉരസലുകളുമുണ്ടാകാറുണ്ടെങ്കിലും ഒരിക്കല്‍ അത്‌ സ്റ്റാന്‍ലിയുടെ ജീവിതം തന്നെ ദുരന്ത സഹചാരിയാക്കി. തോപ്പുംപടി പടിഞ്ഞാറു വെച്ച്‌ ഉന്തും തളളിനുമിടയില്‍ എതിരെ വന്നവന്‍ സ്റ്റാന്‍ലിയുടെ വയറ്റത്ത്‌ കുത്തി. വലതു കാല്‍ ഇരുമ്പുവടി കൊണ്ട്‌ തല്ലിത്തകര്‍ക്കുകയും ചെയ്‌തു. എട്ടു മാസം ആശുപത്രിയിലും മൂന്നു വര്‍ഷം ബെഡ്‌ റെസ്റ്റിലും കഴിഞ്ഞ ശേഷമാണ്‌ സ്റ്റാന്‍ലി പുറംലോകം കാണുന്നത്‌. ഇപ്പോഴും കമ്പിയിട്ടു നടക്കുന്ന കാലിലും വയറ്റിനിരുവശത്തും അന്നേറ്റ അടിയുടെയും കുത്തിന്റെയും പാടുകള്‍ കരുവാളിച്ചു കിടക്കുന്നത്‌ കാണാം.


പക്ഷേ, പുറത്തിറങ്ങാനായതോടെ സ്റ്റാന്‍ലി പ്രതികാരം ചെയ്‌തു. 1985 ഏപ്രില്‍ 11ന്‌ രാത്രി 8.15ന്‌ മൂന്നു സഹായികളെയും കൂട്ടി എതിരാളി വരുന്നതും കാത്തുനിന്നു. തന്റെ വീട്ടിനും റോഡിനുമിടയില്‍ നിര്‍ത്തിയ ലോറിക്കു പിന്നില്‍ മറഞ്ഞു നിന്നു കൊണ്ട്‌ ആസൂത്രിത ആക്രമണമായിരുന്നു. എതിര്‍ഭാഗത്തുണ്ടായിരുന്ന നാലു പേരും ആശുപത്രിയിലാകുകയും അതില്‍ രണ്ടു പേര്‍ കൊല്ലപ്പെടുകയും ചെയ്‌തു. പത്തു വര്‍ഷം ജയില്‍ ശിക്ഷ അനുഭവിച്ച്‌ പുറത്തിറങ്ങിയെങ്കിലും സ്റ്റാന്‍ലിയുടെ വഴി പിന്നേയും അസമാധാനത്തിന്റെതായിരുന്നു.


കൊച്ചി നഗര പ്രാന്തത്തില്‍ സ്റ്റാന്‍ലി ജോസഫിന്റെ വീടു നിന്ന സ്ഥലത്തിന്‌ പൊന്നും വിലയായിരുന്നു. പല അബ്‌കാരികളും പലപ്പോഴായി സ്ഥലം ചോദിച്ചെങ്കിലും കൊടുത്തില്ല. മൂലംകുഴിയില്‍ പ്രധാന റോഡിനും വീടിനുമിടയിലുള്ളത്‌ കേവലം 50 മീറ്റര്‍ ദൂരം. വീടു നില്‍ക്കുന്ന 8.88 സെന്റ്‌ സ്ഥലം 45 ലക്ഷം വിലവരുമെന്നാണ്‌ സ്റ്റാന്‍ലി ജോസഫ്‌ കണക്കാക്കുന്നത്‌. സ്ഥലം കൈശപ്പെടുത്താന്‍ പലയിടത്തു നിന്നും സ്റ്റാന്‍ലിക്കു നേരെ ആക്രമണങ്ങളുണ്ടായി. രാത്രി കിടന്നാല്‍ ഉറക്കം വരാത്ത രാത്രികളായിരുന്നു അതെന്ന്‌ സ്റ്റാന്‍ലി ഓര്‍ക്കുന്നു. സമാധാനം നഷ്‌ടപ്പെട്ടതോടെ പകരംചെയ്യാന്‍ തീരുമാനിച്ചു. വാടക ഗുണ്ടയായി പ്രവര്‍ത്തിച്ചെന്നു സ്റ്റാന്‍ലി പറയുന്ന ഒരു സ്വകാര്യ സ്ഥാപനത്തിലെ സുരക്ഷാ ഉദ്യോഗസ്ഥനെ 2005 ഒക്‌ടോബറില്‍ വകവരുത്തി വീണ്ടും ജയിലില്‍ പോയി.


ജയില്‍വാസം കഴിയുന്നതിനിടെ അമ്മ മരിച്ചു. പ്രായം 90 ആയിരുന്നെങ്കിലും തന്റെ കാര്യമോര്‍ത്തു പേടിച്ചാണ്‌ അമ്മയുടെ മരണം സംഭവിച്ചതെന്നാണ്‌ സ്റ്റാന്‍ലി വിശ്വസിക്കുന്നത്‌. വീണ്ടും പത്തു വര്‍ഷം തടവു കഴിഞ്ഞ്‌ തിരിച്ചെത്തിയപ്പോള്‍ വീടു നിന്ന സ്ഥലത്ത്‌ സ്റ്റാന്‍ലി ജോസഫ്‌ കാണുന്നത്‌ രണ്ടു നില ഫ്‌ളാറ്റാണ്‌. വീടിന്റെ ആധാരം പോലും ഫ്‌ളാറ്റുടമ കൈക്കലാക്കി. മീന്‍ കച്ചവടം മതിയാക്കി കരിക്ക്‌ വിറ്റ്‌ ജീവിതം തള്ളുന്ന സ്റ്റാന്‍ലിയുടെ കിടപ്പാടമിപ്പോള്‍ കൂട്ടുകാരന്റെ വീടാണ്‌. ``ആരുടെ മുന്നിലും കൈ നീട്ടാതിരിക്കാന്‍ വേണ്ടിയാണ്‌ ജോലി ചെയ്യുന്നത്‌. നഷ്‌ടപ്പെട്ട വീടും സ്ഥലവും സ്വന്തമാക്കുക മാത്രമാണ്‌ ജീവിതത്തില്‍ ശേഷിക്കുന്ന ലക്ഷ്യം. ആരെങ്കിലും ആക്രമിച്ചാലോ എന്ന ഭയത്തിലാണ്‌ കൈയിലെപ്പോഴും കത്തി കരുതുന്നത്‌.'' സ്റ്റാന്‍ലി പറയുന്നു.

1 comment:

  1. നന്നായി ട്ടോ... കൊലപാതകിയായതിലും സ്റ്റാന്‍ലിക്കു പറയാനേറെയുണ്ടെന്നു തോന്നുന്നു... നിസാം...

    ReplyDelete