അര്‍ബുദത്തിനു മുന്നില്‍ പ്രതിരോധം തകര്‍ന്നു
ആബ്‌ലെറ്റിന്റെ ജീവിതത്തിന് ലോംഗ് വിസില്‍
16 മാസത്തെ പ്രതിരോധമവസാനിപ്പിച്ച് തോളെല്ലിനും കഴുത്തിനുമിടയില്‍ കാര്‍ന്നെടുത്ത അര്‍ബുദത്തിനു മുന്നില്‍ ഗാരി ആബ്‌്‌ലെറ്റ് കീഴടങ്ങി. ചിര വൈരികളായ ലിവര്‍പൂളിന്റെയും എവര്‍ട്ടണിന്റെയും കുപ്പായങ്ങളില്‍ പ്രതിരോധ നിര അലങ്കരിച്ച ആബ്‌്‌ലെറ്റിന്റെ അന്ത്യം 46-ാം വയസിലായിരുന്നു. ഈ രണ്ട് ടീമുകള്‍ക്കും വേണ്ടി എഫ്.എ കപ്പ് സ്വന്തമാക്കിയ ഏകതാരമാണ് ഗാരി ആബ്‌്‌ലെറ്റ്. ഇരുടീമുകളിലും നൂറിലധികം മത്സരങ്ങള്‍ കളിച്ചിട്ടുമുണ്ട് ഈ ഇംഗ്ലീഷുകരാന്‍. ബിര്‍മിംഗ്‌ഹാം സിറ്റിക്കു വേണ്ടിയും മത്സരങ്ങളുടെ എണ്ണത്തില്‍ സെഞ്ച്വറി തികച്ചിട്ടുണ്ട് ആബ്‌ലെറ്റ്.
നിലവില്‍ ലിവര്‍പൂള്‍ പരിശീലകനായ കെന്നി ഡാഗ്ലിഷ് ആദ്യമായി റെഡ്‌സിനെ കളി പഠിപ്പിക്കുന്ന കാലത്തായിരുന്നു ഗാരി ആബ്‌്‌ലെറ്റിന്റെ ലിവര്‍പൂള്‍ അരങ്ങേറ്റം. 1986ലായിരുന്നു അത്. ഡാഗ്ലിഷിനു കീഴില്‍ ആബ്‌്‌ലെറ്റ് അടങ്ങുന്ന ലിവര്‍പൂള്‍ മികച്ച നേട്ടം കൊയ്‌തു. 1988ലും 1990ലും പ്രീമിയര്‍ ലീഗ് കിരീടവും 1989ല്‍ എഫ്.എ കപ്പും ആന്‍ഫീല്‍ഡിലെത്തിച്ച് ലീഗില്‍ ആധിപത്യം പുലര്‍ത്താന്‍ ലിവര്‍പൂളിനായി.
1992 ജനുവരിയിലാണ് എവര്‍ട്ടണിലേക്കുള്ള ആബ്‌്‌ലെറ്റിന്റെ കൂടുമാറ്റം. 7,50,000 പൗണ്ടാണ് ആബ്‌്‌ലെറ്റിന്റെ കാലുകള്‍ക്ക് ലിവര്‍പൂള്‍ വിലയിട്ടത്. 1995ല്‍ വെംബ്ലിയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ കീഴടക്കി എവര്‍ട്ടണ്‍ എഫ്.എ കപ്പ് ചാമ്പ്യന്മാരായപ്പോള്‍ ആ കാലുകളുടെ വില ലോകമറിഞ്ഞു. ലിവര്‍പൂളിനായി 147 മത്സരങ്ങളില്‍ ഒരു ഗോള്‍ കുറിച്ച ആബ്‌്‌ലെറ്റ് എവര്‍ട്ടണില്‍ കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം പുറത്തെടുത്തു. 156 കളികളില്‍ നീലക്കുപ്പായമണിഞ്ഞ ഡിഫന്‍ഡര്‍ എട്ടു ഗോളുകളും പേരിലാക്കി. 1996 മുതല്‍ 1999 വരെ ബിര്‍മിംഗ്‌ഹാം സിറ്റിക്കു വേണ്ടി 124 മത്സരങ്ങള്‍ കളിച്ച ഗാരി ഒരു ഗോളും നേടി. ഡര്‍ബി കൗണ്ടി, ഹള്‍ സിറ്റി, ഷഫീള്‍ഡ് യുണൈറ്റഡ്, വൈകോം വാന്‍ഡറേഴ്‌സ്, ബ്ലാക്‌പൂള്‍, ലോംഗ് ഐലന്‍ഡ് റഫ് റൈഡേഴ്‌സ് ടീമുകള്‍ക്കു വേണ്ടിയും അല്‍പ്പനാള്‍ ഗാരി ആബ്‌്‌ലെറ്റ് ബൂട്ടുകെട്ടിയിട്ടുണ്ട്. ഇംഗ്ലണ്ട് അണ്ടര്‍-21, ബി ടീമുകള്‍ക്കു വേണ്ടി ഓരോ മത്സരങ്ങള്‍ കളിച്ചു.
2002ല്‍ എവര്‍ട്ടണ്‍ യൂത്ത് അക്കാദമിയിലൂടെ ആബ്‌്‌ലെറ്റ് പരിശീലക ജോലിയില്‍ പ്രവേശിച്ചു. 2006ല്‍ ലിവര്‍പൂളിന്റെ റിസര്‍വ് ടീം കോച്ചാകും വരെയും അവിടെ തുടര്‍ന്നു. ജൂലൈ 2009ല്‍ സ്‌റ്റോക്‌പോര്‍ട്ടിന്റെ പരിശീലകനായി. 2010 ജൂലൈയില്‍ ഇപ്‌സ്വിച്ചിന്റെ കോച്ചായി ചുമതലയേറ്റെങ്കിലും അധികം വൈകാതെ രോഗബാധിതനായതോടെ അതുപേക്ഷിക്കേണ്ടി വന്നു.
No comments:
Post a Comment