Thursday, January 5, 2012



ഷിയറര്‍ ഒരു ഗോള്‍ അധികമടിച്ചു

പക്ഷേ, പേഴ്‌സി തോറ്റില്ല





ഇംഗ്ലീഷ്‌ പ്രീമിയര്‍ ലീഗില്‍ ഒരു കലണ്ടര്‍ വര്‍ഷം ഏറ്റവും ഗോളടിച്ച താരമെന്ന നേട്ടം അലന്‍ ഷിയററില്‍ നിന്ന്‌ തട്ടിയെടുക്കുമെന്ന തോന്നലുളവാക്കിയ ശേഷം റോബിന്‍ വാന്‍പേഴ്‌സി പരാജയപ്പെട്ടതോടെ ആര്‍സനലിന്റെ കൈയില്‍ നിന്ന്‌ വീണ്ടും റെക്കോര്‍ഡ്‌ വഴുതി. 2011ലെ അവസാന മത്സരത്തില്‍ രണ്ടു ഗോള്‍ നേടിയാല്‍ ഷിയറര്‍ക്കൊപ്പമെങ്കിലുമെത്താമായിരുന്ന ഡച്ച്‌ താരം ഒരു ഗോള്‍ നേടി 'തോല്‍വി' സമ്മതിക്കുകയായിരുന്നു. എട്ടു വര്‍ഷം മുമ്പ്‌ ആര്‍സനലിന്റെ ഗോളടി യന്ത്രമായി വാഴുമ്പോള്‍ തിയറി ഹെന്‍റി നഷ്ടപ്പെടുത്തിയ നേട്ടമാണ്‌ പേഴ്‌സിയും കൈവിട്ടിരിക്കുന്നത്‌. എന്നാല്‍, പ്രകടനത്തിന്റെ അടിസ്ഥാനത്തില്‍ ഷിയററെ നിഷ്‌പ്രഭമാക്കുന്നതാണ്‌ പേഴ്‌സിയുടെ പ്രകടനമെന്ന്‌ കണക്കുകള്‍ വ്യക്തമാക്കുന്നു




ഷിയറര്‍ 42 കളികളില്‍ 36 തവണ ലക്ഷ്യം കണ്ടപ്പോള്‍ 36 മത്സരങ്ങളില്‍ നിന്ന്‌ വാന്‍പേഴ്‌സി എതിര്‍വലയിളക്കിയത്‌ 35 വട്ടം. 0.97 എന്ന ഗോള്‍ സ്‌കോറിംഗ്‌ ശരാശരി സീസണില്‍ പേഴ്‌സിയുടെ ഫോം കാണിക്കുന്നു. 39 മത്സരങ്ങളില്‍ 34 ഗോള്‍ കണ്ടെത്തിയ ഹെന്‍റിയുടെ ഗോള്‍ സ്‌കോറിംഗ്‌ ശരാശരി 0.87 എന്ന കണക്കില്‍ രണ്ടാമത്‌ നില്‍ക്കുമ്പോള്‍ 0.86 ആണ്‌ ഷിയററുടെ ശരാശരി.





അതേസമയം, ലീഗില്‍ കിരീടം വീണ്ടെടുക്കാനുള്ള പ്രതീക്ഷ വറ്റാത്ത പോരാട്ടത്തിലാണ്‌ ആര്‍സനല്‍. മാഞ്ചസ്‌റ്റര്‍ സിറ്റി, മാഞ്ചസ്‌റ്റര്‍ യുണൈറ്റഡ്‌ ടീമുകളെക്കാള്‍ ഒമ്പതു പോയിന്റ്‌ കുറവില്‍ നാലാമത്‌ നില്‍ക്കുന്ന അവര്‍ക്ക്‌ അത്ഭുതങ്ങള്‍ തന്നെ സംഭവിക്കേണ്ടി വരുമെങ്കിലും. ഹെന്‍റിക്കു ശേഷം ഗണ്ണേഴ്‌സിന്റെ നെടും തൂണായിരുന്ന സെസ്‌ക്‌ ഫാബ്രിഗാസ്‌ ബാര്‍സലോണയിലേക്കു പോയ ശേഷം റോബിന്‍ വാന്‍പേഴ്‌സിയാണ്‌ ആയുധപ്പുരയിലെ ബ്രഹ്മാസ്‌ത്രം. സീസണില്‍ 17 ഗോള്‍ നേടി അത്‌ തെളിയിക്കാനും താരത്തിനായി. ലോണ്‍ അടിസ്ഥാനത്തില്‍ ഹെന്‍റിയെ വീണ്ടും ടീമിലെത്തിക്കാനുള്ള ആര്‍സനലിന്റെ ശ്രമങ്ങള്‍ വിജയം കണ്ടാല്‍ മികച്ച സ്ഥാനങ്ങളിലൊന്നുമായി ആര്‍സനലിന്‌ സീസണ്‍ അവസാനിപ്പിക്കാം.

No comments:

Post a Comment