പ്രണയം ജന്മത്തിലുടനീളം അനുഭവേദ്യമാകും. കൗമാരവും യൗവനവും അതിന്റെ മൂര്ധന്യ ദശമാത്രം... പ്രണയം കേവലം പ്രകടനങ്ങളല്ല, മനസിനകത്താണ് അത് തീവ്രത കൈക്കൊള്ളുന്നത്... പുറമെ പ്രേമ ജീവിതം നയിക്കാത്തവരും അകമെ തന്റെ പ്രേയസിക്കൊപ്പം/പ്രിയനൊപ്പം ജീവിക്കുന്നുവെന്നും വരാം... പ്രണയത്തെക്കുറിച്ചുള്ള എന്റെ ചില ചിതറിയ ചിന്തകളാണ് ഇവിടെ...
(19 -നവംബര്‍ -2011)
(...............എന്റെ കുടുംബ സുഹൃത്ത് ആവശ്യപ്പെട്ടതു പ്രകാരം പ്രണയത്തെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങള്‍ വെറുതെ കുത്തിക്കുറിക്കുകയായിരുന്നു. പിന്നീട്.. അത് ബ്ലോഗിലേക്ക് അപ്ലോഡ് ചെയ്യാമെന്നു കരുതി. അങ്ങിങ്ങായി മാത്രം പരാമര്‍ശിക്കുന്ന ഒരു അപൂര്‍ണ നിരീക്ഷണമാണിതെന്ന് എനിക്കു തന്നെ തോന്നുന്നു...................)
എതിര് ലിംഗത്തോട് ആകര്‍ഷണം തോന്നുന്നത് ജീവജാലങ്ങളുടെ പ്രത്യേകതകളിലൊന്നാണ്. എന്നാല്‍ മറ്റു ജീവികളെപ്പോലെ മനുഷ്യനില്‍ ആകര്‍ഷണത്തിന്റെ ഘടകം ശരീരം മാത്രമല്ല. ശരീരം മാത്രമാകുമ്പോള്‍ അത് കാമവും മൃഗീയ വികാരവുമാകും. പ്രണയം സ്നേഹം തന്നെയാണ്. എന്നാല്‍ പ്രണയിനികളുടെ സ്നേഹം നിഷ്കളങ്കമായിരിക്കില്ല. (അമ്മയ്ക്ക് മകനോടും, സഹോദരന് സഹോദരിയോടും ഉള്ളതു പോലെ). അവന്/അവള്‍ക്ക് മറ്റൊരാളെ ഇഷ്ടമാണെന്നറിയുമ്പോള് പ്രണയ സൂചിക കുത്തനെ ഇടിയുന്നത് കാണാം.
എന്നിട്ടും രക്തബന്ധത്തില്‍ പ്രകടമാക്കുന്നതിനെക്കാള്‍ അളവില്‍ സ്നേഹം കൈമാറ്റം ചെയ്യപ്പെടുന്ന വിരോധാഭാസം പ്രണയത്തിന്റെ വയര്‍ലെസ് ബന്ധത്തിലെ അത്ഭുതങ്ങളില്‍ ഒന്നുമാത്രം. ആകര്‍ഷണത്തിന്റെ എന്തെങ്കിലും ഒരു ഘടകം എല്ലാ പ്രണയത്തിലുമുണ്ട്; 'എന്റേത'് എന്ന ബോധവും കാണാം.
മനസിന്റെ ഏതോ ഒരു കോണില്‍ അപ്രതീക്ഷിതമായാകും പ്രണയം മുള പൊട്ടുന്നത്. ഒരു ദിവസം ഒരു പെണ്‍കുട്ടിയുമായി/ ആണ്‍കുട്ടിയുമായി ചെലവിട്ട ദൈര്‍ഘ്യമുള്ള -എങ്കിലും പെട്ടെന്നു തീര്‍ന്നു പോയ- ഒരു നിമിഷമായിരിക്കും പ്രണയത്തിന്റെ വിത്ത് മുളപ്പിക്കുന്നത്. അല്ലെങ്കില്‍ നിത്യേന കാണുന്ന ഒരാളുമായി ചെറിയ ചെറിയ ചില സന്തോഷ വര്‍ത്തമാനങ്ങളില്‍ നിന്ന്, മറ്റു ചിലപ്പോള്‍ കണ്ണില്‍ അര്‍ത്ഥം നിറച്ചുള്ള നോട്ടവുമായി കിട്ടിയ ഒരു പുഞ്ചിരിയും മതിയാകും. ചിലര്‍ക്ക് സംസാര രീതിയും മറ്റു ചിലര്‍ക്ക് ചില പ്രത്യേക ആംഗ്യങ്ങളുമെല്ലാം പ്രണയത്തിലേക്കുള്ള വാതായനം തുറക്കുന്നു.
എന്താണ് പ്രണയം...? പ്രണയമെന്നാല്‍ കാത്തിരിപ്പാണ്, സല്ലാപമാണ്, മനസു കൊണ്ട് അനുഭൂതികളുടെ ചിത്ര ലോകം തീര്‍ക്കലാണ്, മാനസികോല്ലാസമാണ്, മനസ് നിറഞ്ഞ് സന്തോഷിക്കലാണ്... ആരംഭത്തില്‍
മനസില്‍ വരച്ചു തീര്‍ത്ത ചിത്രങ്ങള്‍ക്ക് നിറം കൊടുക്കലാണ്, ഇഷ്ട മിത്രത്തിന്റെ അസാന്നിധ്യം അസ്വസ്ഥത നിറയ്ക്കലാണ്, പരസ്പരം കൂടുതല്‍ കൂടുതല്‍ കരുതലാണ്, രസാവഹമായ കലഹങ്ങളാണ്, അനുഭവിച്ചറിഞ്ഞിട്ടില്ലാത്ത മന:സ്പര്‍ശങ്ങളാണ്, വീട്ടുകാര്യങ്ങളിലും ബന്ധപ്പെടുന്ന മറ്റു മേഖലകളിലും താല്പര്യക്കുറവ്് തോന്നലാണ്്... മധ്യവേളയില്‍
മനസ് ഒരിടത്ത് മാത്രം തളച്ചിടപ്പെടലാണ്, ദര്‍ശനങ്ങള്‍ സ്പര്‍ശനങ്ങളിലേക്കും 'ദുര്‍ബല നിമിഷങ്ങളിലെ' ധ്വംസനങ്ങളിലേക്കും (വല്ലപ്പോഴും) വഴിമാറിപ്പോകലാണ്, ചില സാഹസങ്ങള്ക്ക്് മനസ് വെമ്പലാണ്, ഏത് ഭീരുവിനും ധൈര്യം കൈവരലാണ്, മരണം പോലും തോറ്റു പോകലാണ്, പ്രണയമൊഴികെ എല്ലാം നിസാരമാകലാണ്.....
പിന്നെ, ജീവിതം തകര്‍ന്നു പോയെന്ന തിരിച്ചറിവാണ്, കരകാണാ പ്രണയക്കടലില്‍ നിന്ന് ജീവിത തീരം തേടി നീന്തിത്തുഴയലാണ്, ഓര്‍മകളുടെ ഓളങ്ങളില്‍ തട്ടി പിന്നോട്ട് മറിയലാണ്, ചുഴികളില്‍ വീണുഴയലാണ്, മുറിവേറ്റ ജീവിതം പതുക്കെ പതുക്കെ തിരിച്ചു പിടിക്കലാണ്... ഒടുവില്‍
ഞാന്‍ പറഞ്ഞത് പരാജിതന്റെ പ്രണയത്തെക്കുറിച്ചാണ്. പ്രണയം വിജയമാണെങ്കില്‍ അതില്‍ പുതുമയായി ഒന്നും തോന്നില്ല. ഒളിച്ചോട്ടവും വിവാഹവും. ഒളിച്ചോട്ടമില്ലാതെ വേണ്ടപ്പെട്ടവരുടെ സമ്മതത്തോടെയുമാകാം. അതോടെ പ്രണയിനികള്‍ മനസില്‍ പടച്ചുണ്ടാക്കിയ ചീട്ടുസ്വര്ഗം തകര്‍ന്ന് ജീവിതയാഥാര്‍ത്ഥ്യങ്ങളുടെ കൈപ്പുഭൂമിയില് അവര്‍ പതിക്കുന്നു. പണിയെടുത്താല്‍ പണം കിട്ടുമെന്നും പണം കൊണ്ട് അരിവാങ്ങാമെന്നും അരിയില്ലാതെ ചോറുണ്ടാക്കാനാകില്ലെന്നും സ്വയം ബോധ്യരാകുന്നു...! ഇവിടെ കാല്‍പ്പനിക പ്രണയം മരിക്കുന്നു. പ്രണയ ജീവികള്‍ പരസ്പരാശ്രയങ്ങളുള്ള സാമൂഹ്യജീവിയായി പരിണമിക്കുന്നു. ഹൃദയത്തോടൊപ്പം തലച്ചോറും പ്രവര്‍ത്തിക്കുന്നു. പക്വതയുള്ള സ്നേഹം കൈവരിക്കുന്നു.
അപ്പോള്‍, തീവ്ര പ്രണയം വേര്പ്പാടിലാണ് അനുഭവിക്കുന്നത്. കാത്തിരിപ്പ്, വിരഹം എന്ന രണ്ടു വാക്കുകള്‍ക്ക് പ്രണയത്തെ ഉള്ക്കൊള്ളാനാകുമെന്നാണെന്റെ കണക്കുകൂട്ടല്‍. പ്രണയം ചൂടുപിടിക്കുന്നത്്് കാത്തിരിപ്പിലാണ്. ഇന്ന് പിരിഞ്ഞതു മുതല്‍ നാളെ ആദ്യമായി കാണും വരെ പ്രണയ ലോകം രണ്ടു മനസുകളില്‍ കിടന്നു വളരുകയും പടര്‍ന്നു പിടിക്കുകയും ചെയ്യുന്നു. സ്വപ്നങ്ങളാണ് പ്രണയച്ചെടിയുടെ വെള്ളം, അനുഭവമാണതിന്റെ വളം. കാത്തിരിക്കുമ്പോഴും കാത്തു കിടക്കുമ്പോഴും കാത്തു നടക്കുമ്പോഴുമൊക്കെയാണ് പ്രണയച്ചെടി വളരുന്നത്.
അപ്പോള്‍ പ്രണയത്തിലെ വിരഹം.? വിരഹ നാളുകളില്‍ കൂട്ടുകാരന്/കൂട്ടുകാരി തന്റെ മനസില്‍ എത്രത്തോളം വേരൂന്നിയിരുന്നെന്നും അവനെ/അവളെ പറിച്ചെടുക്കുമ്പോള്‍ (പറിഞ്ഞു പോകുമ്പോള്‍) ഹൃദയ പാളികള്‍ വിണ്ടു പൊട്ടുന്നതും അവിടെ അസഹ്യമായ നീറ്റല്‍ ബാക്കിവെച്ച് രക്തം കിനിയുന്നതും അവന്/അവള് തിരിച്ചറിയും. പ്രണയ ലോകം ചൂടുപിടിച്ച് ചൂടുപിടിച്ച്് പുകഞ്ഞു കത്തുന്നതപ്പോഴാണ്. ചിലപ്പോള്‍ ആളിക്കത്തുകയും ഉടന്‍ അണയുകയും ചെയ്യും... ചിലപ്പോള്‍ കനല്‍ക്കട്ടകളില്‍ കാറ്റുപിടിക്കുന്നതു പോലെ ഓര്‍മകളുടെ കാറ്റോട്ടത്തില്‍ മനക്കോണുകളില് അങ്ങിങ്ങായി തീ നാളങ്ങളുയരും. കണ്ണീരിന്റെ ഉപ്പുവെള്ളം കൊണ്ടും നെടുവീര്‍പ്പിന്റെ ചുടുകാറ്റു കൊണ്ടുമൊക്കെ അതു കെടുത്തിക്കളയാന്‍ ദിവസങ്ങള്‍ എത്ര വേണ്ടി വരുമെന്നത് ഓരോരുത്തരുടെയും ജീവിതത്തിലെ ഏകാന്തതക്കനുസരിച്ചിരിക്കും.
മൊബൈല്‍ യുഗത്തിലെന്ത് പ്രണയം..?
(ഇന്നിന്റെ കാമുകീ കാമുകന്മാരുടെ വെറുപ്പ് സമ്പാദിക്കാതിക്കാനായിരിക്കും ഞാനിതെഴുന്നത്. മൊബൈല്‍ യുഗത്തിലെ പ്രണയങ്ങള്‍ ക്വാണ്ടിറ്റി കൂടിയവയും ക്വാളിറ്റി കുറഞ്ഞവയുമാണ്)
കാത്തിരിപ്പാണ് പ്രണയമെന്നു പറഞ്ഞല്ലോ. മൊബൈല്‍ യുഗത്തില്‍ എന്തു കാത്തിരിപ്പ്. മെയ്ലിലെ അല്ലെങ്കില്‍ മൊബൈലിലെ ഇന്‍ബോക്സില്‍, ഫെയ്സ് ബുക്കിലോ മറ്റേതെങ്കിലും സോഷ്യല്‍ നെറ്റ്വര്ക്കുകളിലോ ഒക്കെ നിങ്ങള്‍ കാത്തിരിക്കുന്ന മറുപടികള്‍, സല്ലാപങ്ങള്‍.. കാത്തിരിപ്പിന്റെ വിങ്ങലറിയിക്കാതെ വരുമ്പോള്‍ അതില്‍ കാത്തിരിപ്പില്ലല്ലോ... ആ ബന്ധങ്ങള്‍ക്ക് തീവ്രത കുറയുമെന്നു കരുതുന്നില്ല, എങ്കിലും പലതും ഉപരിപ്ലവ ലവ് സ്റ്റോറികളിലെ 'സോറി ഡാ.. മിസ് യു ഡാ..' ബന്ധങ്ങളും പൊട്ടിയ ചെരുപ്പ്് മാറി പുതിയത് എടുത്തിടുന്ന തുമ്മിയാല്‍ തെറിക്കുന്ന മൂക്കുകളുമാണ്.
ആരും കാണാതെ വിളക്കിന്റെ മറയത്തിരുന്ന് ചുറ്റിലും കണ്ണെറിഞ്ഞ് എഴുതിപ്പൂര്‍ത്തിയാക്കുന്ന കത്തു വേണ്ട, പുസ്തകത്താളിനിടയില്‍ നിന്ന് അതു വീണു പോകുമോ അതോ ആരെങ്കിലുമെടുത്ത് വായിച്ചു നോക്കുമോ എന്ന ജാഗ്രത വേണ്ട, എവിടെ വെച്ച് എങ്ങനെ കൈമാറുമെന്ന കണക്കുകൂട്ടലും പിരിമുറുക്കവും വേണ്ട...
ആരും കാണാത്തിടത്ത് ചെന്നിരുന്ന് അത് വായിച്ചു തീര്ക്കണമല്ലോയെന്ന ആധി വേണ്ട (അതിന്റെ അനുഭൂതിയുമില്ല), വായിച്ച ശേഷം ചേര്‍ത്തു വായിക്കാന്‍ കഴിയാത്ത വിധം അത് തുണ്ടുതുണ്ടാക്കി പലഭാഗത്ത് വിതറിയിടും വരെ മുള്ളില്‍ ചവുട്ടിയ പോലെ കഴിയുകയും വേണ്ട, വായിച്ച ശേഷം എന്തു മറുപടിയായിരിക്കും കിട്ടുന്നതെന്ന ആശങ്ക വേണ്ട, അതിനു വേണ്ടി രാത്രി തള്ളി നീക്കേണ്ട... ഒന്നും വേണ്ട. ആരും കാണാതിരിക്കാന്‍ നിങ്ങള്‍ക്ക് ഇരുട്ടത്ത് പുതപ്പിനുള്ളില്‍ കയറിക്കൂടാം. മൊബൈലിലെ വെളിച്ചത്തില്‍ വായിക്കാം. ഉടന്‍ മറുപടി നല്‍കാം. ആരും കാണാതിരിക്കാന്‍ ഡിലീറ്റ് ചെയ്യാം. സാഹസങ്ങള്‍ കുറവായതുകൊണ്ടു തന്നെ ഒരു 'ഗുഡ്ബൈ' കൊണ്ട് അവസാനിപ്പിക്കാനും മതി.
വിജയന് മാഷിന്റെ വാക്കുകളില്‍ പറഞ്ഞാല്‍... ഇന്ന് കത്ത് കാത്തിരിക്കുന്ന ആളില്ല. ഇ-മെയ്ല് കാത്തിരിക്കുന്നവരേയുള്ളൂ. കാത്തിരിപ്പ് ഒന്നിലുമില്ല. പ്രണയത്തിനും ബാധകമാണത്. പ്രണയം കാത്തിരിപ്പാണ്. അതുകൊണ്ട് പ്രണയ കവിത എഴുതാന്‍ കഴിയില്ല.
(ചന്ദ്രികയെക്കുറിച്ചോര്ത്ത് നടക്കുന്ന രമണനോട് മദനന് കാര്യമന്വേഷിക്കുന്ന രംഗം)
പ്രണയത്തിന്റെ വിശുദ്ധതയും പുതിയ കാലത്ത് കൈമോശം വന്നിരിക്കുന്നു. സാഹിത്യങ്ങളിലും ചലചിത്രങ്ങളിലും അത് പ്രതിനിധാനം ചെയ്യുന്ന കാലത്തെ കാണാമല്ലോ. ഈ കണ്ണാടിയിലൂടെ നോക്കിയാണ് എന്റെ നിരീക്ഷണം. കാനന ചായയില്‍ ആടുമേക്കാന്‍ ഞാനും വരട്ടയോ നിന്റെ കൂടെയെന്ന് ചോദിക്കുന്ന ചന്ദ്രികയോട് പാടില്ല പാടില്ല നമ്മെ നമ്മള് പാടെ മറന്നൊന്നും ചെയ്തുകൂടാ... എന്നുപദേശിക്കുന്ന രമണന് (1936) പ്രണയാന്ധത ബാധിക്കുമ്പോഴും കരുതലുകളുള്ള പഴയ കാലത്തെ കാമുകന്മാരുടെ പ്രതിനിധിയാണ്. ഞാനും വരട്ടെ ഞാനും വരട്ടെ ആടുമേക്കാന്‍ കാട്ടിനുള്ളില്‍... എന്നു ചോദിക്കുന്ന കാമിനിയോട് പോരൂ പുന്നാരേ.. പോരൂ പുന്നാരേ മാമ്പുപൂക്കും മാസമല്ലേ... എന്നു മറുപടി പറയുന്ന കാമുകന്മാരും, ഡാഡി മമ്മി വീട്ടിലില്ല തുണകൂടെയാരുമില്ല വിളയാടാമെന്ന് കാമുകനെ ക്ഷണിക്കുന്ന കാമുകിമാരും പുതിയ കാലത്തിന്റെയും...
നിസൂ, കുറെ കാലത്തെ നിശബ്ദത യാവം നിന്റെ വര്‍ത്തമാനത്തില്‍ എന്തോ നഷ്ടപ്പെട്ട ഒന്ന് വീണ്ടുകിട്ടിയ സന്തോഷം ഉളവാക്കിയത്. നമ്മള് തീര്‍ത്തും മാറിപ്പോകുമെന്ന് ഞാന്‍ വിശ്വസിച്ചിരുന്നു. പക്ഷെ, നമ്മള് മാറിയൊടാ? ഇല്ലെന്നാണ് എന്റെ നിരീക്ഷണം. എന്നിരുന്നാലും ഞാന്‍ നിന്റെ നോട്ട് ബുക്കില്‍ വായിച്ചിരുന്ന നിന്നെ ഇപ്പോഴിതാ എന്റെ ലാപ്ടോപില്‍ വായിക്കുന്നു. എന്തൊക്കെയോ പറയാനുണ്ട്. പക്ഷെ എന്താണെന്നു എനിക്ക് നിശ്ചയമില്ല. ഇനിയും നമുക്ക് പറയാം...നിനക്ക് സമയം കാണുമോ എന്നറിയില്ല. എങ്കിലും ഞാന്‍ മരിക്കും വരെ ഇങ്ങനെ കാണും.....പഴയ ആപിയായിട്ട്..........നന്മ നേരുന്നു.
ReplyDeleteഹായ് ആപ്പീ നിന്റെ ലോകം ഇതാണെന്നെനിക്കറിയാമായിരുന്നു. എങ്കിലും എപ്പോഴും ഇവിടെ പ്രതീക്ഷിച്ചില്ല കെട്ടോ... നിങ്ങളുടെ മനസില്‍ ഇപ്പോള്‍ എന്തൊക്കെയാണെന്നൊന്നും അറിയില്ല. എങ്കിലും എനിക്കീ open talk വളരെ ഇഷ്ടമാണ്; ആരോടും. നിന്റെ എഴുത്തുകളും ചിന്തകളും ഷെയര്‍ ചെയ്യണം. പ്ലീസ്.... i enjoy it very much
Delete