ആളുണ്ടോ വെല്ലാന്‍...
ബാര്‍സലോണക്കൊത്തൊരു പ്രതിയോഗിയെ ഭൂലോക ഫുട്‌ബോളില്‍ ഇനിയെവിടെക്കിട്ടും..? ആരാധകര്‍ക്ക് തര്‍ക്കിച്ചു നില്‍ക്കാന്‍, മാധ്യമങ്ങള്‍ക്ക് ചര്‍ച്ച ചെയ്യാന്‍ ലയണല്‍ മെസ്സിക്കെതിരെ ഇനിയാരെ അണിനിരത്തും..? ഫിഫ ക്ലബ് ലോകകപ്പിന്റെ ഫൈനലിന് ജപ്പാനിലെ യോക്കോഹാമയിലെ നിസ്സാന്‍ സ്‌റ്റേഡിയത്തില്‍ ലോംഗ് വിസില്‍ മുഴങ്ങിയപ്പോള്‍ കാല്‍പ്പന്തുകളിയുടെ ഉന്നത ഭൂമികകളിലൂടെ മനസ് നടത്തിച്ച ആര്‍ക്കും തോന്നിപ്പോകുന്ന ചോദ്യങ്ങളായി ഇവ രണ്ടും. എഴുത്തുകളിലും മനസിലും മാത്രം വിരിയാവുന്ന, ചരിത്രത്തിലെ അപൂര്‍വ കോണുകളില്‍ കണ്ടെത്താവുന്ന സ്വപ്‌ന വര്‍ണനകളുടെ നേര്‍ചിത്രമാകുകയാണ് രണ്ട് നാമങ്ങള്‍; ലയണല്‍ മെസ്സിയും ബാര്‍സലോണയും.
ബ്രസീലിയന്‍ ടീം സാന്റോസിനെ 4-0ന് ബാര്‍സ തോല്‍പ്പിക്കുമ്പോള്‍ ഒരു ഫൈനല്‍ എന്നല്ല, ഒരു ലീഗ് മത്സരത്തിന്റെ പോലും വെല്ലുവിളി എതിര്‍ ഭാഗത്തു നിന്നുണ്ടായില്ല. ലോക ഫുട്‌ബോളിലെ ഒന്നാം തരക്കാര്‍ സംഗമിക്കുന്ന യൂറോപ്പിന്റെ ചാമ്പ്യന്‍പട്ടവുമായി വരുന്നവര്‍ക്കു മുമ്പില്‍ സാന്റോസിന് അത്രയേ ചെയ്യാനാവൂ എന്ന്‌് തോന്നിപ്പോകുന്ന ഏകപക്ഷീയത. സാവി-ഇനിയേസ്റ്റ-ഫാബ്രിഗാസ്-മെസ്സി കളിയില്‍ പ്രതിഭ കൊണ്ട് അടയാളപ്പെടുത്തപ്പെട്ടവര്‍ ചേര്‍ന്നുണ്ടാക്കിയ വളയത്തിന് നടുവില്‍ സാന്റോസ് അപമാനിതരാവുകയായിരുന്നു.
ഒടുവിലെ മൂന്നര സീസണില്‍ സ്‌പാനിഷ് ക്ലബ് ബാര്‍സലോണയുടെ ഷോക്കേസിലെത്തിയ ട്രോഫികളുടെ എണ്ണം ലോക ഫുട്‌ബോളിലെ ഏകപക്ഷീയ വിഹാരത്തിന്റെ ചുരുക്ക വിവരണമാണ്. 13 കിരീടങ്ങളാണ് ഈ കാലയളവില്‍ നൗകാമ്പിലേക്കെത്തിയത്. പരമാവധി സാധ്യമായത് 16 ട്രോഫികളാണെന്നോര്‍ക്കണം. ഇക്കാലയളവു കൊണ്ട് എതിരാളികളുമായി മാറ്റുരച്ചു നോക്കല്‍ പോലും ആവശ്യമില്ലാത്ത വിധം ബാര്‍സ മേല്‍ക്കൈ നേടി. ആ സ്വപ്‌നപടയോട്ടത്തിന്റെ നായകന്‍ ലയണല്‍ മെസ്സി സമകാലികരെ വിട്ട് ചരിത്രപുരുഷന്മാരിലേക്ക് ഓടിയടുക്കുന്നത് അതിനോളമോ അതിനു മുകളിലോ മഹത്തരമുള്ള
കാഴ്‌ചയായി.
കേളീ മികവിനെച്ചൊല്ലിയുള്ള തര്‍ക്കങ്ങളില്‍ ശേഷിക്കുന്ന രണ്ട് എതിരാളികളെ ഒരാഴ്‌ച കൊണ്ട് അനായാസം മറികടന്നാണ് ലയണല്‍ മെസ്സി വീണ്ടും മഹാരഥന്മാരുമായുള്ള താരതമ്യത്തിന് വഴിയിട്ടിരിക്കുന്നത്. ഡിസംബര്‍ 11ന് റയല്‍ മാഡ്രിഡിന്റെ ക്രിസ്‌റ്റിയാനൊ റൊണാള്‍ഡൊയും 18ന് സാന്റോസിന്റെ നെയ്‌മറും മെസ്സിയോട്‌്‌് തോല്‍വി സമ്മതിച്ചിരിക്കുകയാണ്.
റൊണാള്‍ഡീന്യോയുടെ പിന്നില്‍ നിന്നാരംഭിച്ച് അദ്ദേഹത്തെയും ബ്രസീലിന്റെ തന്നെ കക്കയെയും കടന്ന് ക്രിസ്‌റ്റിയാനൊയുമായി തോളുരച്ചു നില്‍ക്കുകയായിരുന്നു മെസ്സി, രണ്ടു വര്‍ഷം മുമ്പ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡില്‍ നിന്ന് സ്‌പെയ്‌നിലെ റയല്‍ മാഡ്രിഡില്‍ റൊണാള്‍ഡൊ എത്തിയതോടെ താരതമ്യങ്ങള്‍ എളുപ്പമായി. ക്രിസ്റ്റ്യാനൊയെ പിന്നിലാക്കി തുടരെ രണ്ടു വര്‍ഷം ലോക ഫുട്‌ബോളര്‍ പുരസ്‌കാരം ഏറ്റുവാങ്ങിയതോടെ സംശയങ്ങള്‍ നീങ്ങിത്തുടങ്ങിയതായിരുന്നു. അപ്പോഴാണ് നെയ്‌മറിന്റെ വരവ്.
കഴിഞ്ഞ ഒരാഴ്‌ച മെസ്സിയുടേതും ബാര്‍സയുടേതും മാത്രമായിരുന്നു. സ്‌പാനിഷ് ലീഗില്‍ ബാര്‍സലോണയില്‍ നിന്ന് ഒന്നാം സ്ഥാനം പിടിച്ചെടുത്ത് കുതിക്കുകയായിരുന്ന, ഉജ്ജ്വല ഫോമിലുള്ള റയല്‍ മാഡ്രിഡിനെ അവരുടെ മൈതാനം സാന്റിയാഗോ ബെര്‍ണബ്യൂവില്‍ നേരിടുമ്പോള്‍ എല്‍ക്ലാസിക്കോ മത്സരങ്ങളില്‍ സമീപ കാലത്ത് ബാര്‍സയുടെ ആദ്യ തോല്‍വി പ്രവചിക്കാന്‍ ധൈര്യമുള്ളവര്‍ കുറവായിരുന്നില്ല. പക്ഷേ, മത്സരം കഴിഞ്ഞപ്പോള്‍ 62 ശതമാനം പന്ത് കൈവശം വെയ്‌ക്കുകയും 1-3ന് ജയിക്കുകയും ചെയ്‌ത ബാര്‍സ റയലിന് വ്യക്തമായ പരാജയം സമ്മാനിച്ചു. മെസ്സി തെളിയുന്നതും ക്രിസ്റ്റ്യാനൊ മങ്ങുന്നതും അന്നു കണ്ടു. ഞായറാഴ്‌ച റയലിനെ 6-2 വിജയത്തിലേക്ക് നയിച്ച മത്സരത്തില്‍ ക്രിസ്റ്റ്യാനൊ ഹാട്രിക് നേടിയെങ്കിലും ലോകത്തെ മികച്ച ടീമിനെതിരെ ഒന്നും ചെയ്യാനാകാത്തവന്‍ എന്ന ചീത്തപ്പേര് ആ പ്രകടനത്തിനു മുകളില്‍ നില്‍ക്കുന്നു. മെസ്സി ഒന്നാമനെന്ന് സപ്‌തംബറില്‍ ക്രിസ്റ്റ്യാനൊ തന്നെ സാക്ഷ്യപ്പെടുത്തിയിരുന്നു: മെസ്സിക്ക് മെസ്സിയുടെ ശൈലിയുണ്ട്, എനിക്ക് എന്റേതും. മെസ്സിയെപ്പോലെ ഞാനും വലിയ ക്ലബില്‍ കളിക്കുന്നു. പലകാര്യങ്ങളിലും ഞങ്ങള്‍ വ്യത്യസ്‌തരാണ്. എങ്കിലും, ഇപ്പോള്‍ അവനാണ് മികച്ചവന്‍.

തെളിയിക്കാന്‍ കാലം ശേഷിക്കുന്നുണ്ടെങ്കിലും 19കാരന്‍ നെയ്‌മറും തോല്‍വി സമ്മതിച്ചിരുന്നു. എങ്ങനെ ഫുട്‌ബോള്‍ കളിക്കണമെന്ന് ബാര്‍സലോണ ഞങ്ങളെ പഠിപ്പിച്ചുവെന്ന നെയ്‌മറിന്റെ പ്രതികരണം പരാജയത്തിന്റെ ആഴങ്ങളില്‍ നിന്നുള്ളതാണ്. ബാര്‍സയുടെ താരം രണ്ടു ഗോള്‍ നേടുകയും ഒന്നിനു വഴിയൊരുക്കുകയും ചെയ്‌ത മെസ്സിയാണെന്നു വരുമ്പോള്‍ വ്യക്തിപരാജയം കൂടിയുണ്ട് നെയ്‌മറിന്റെ വാക്കുകളില്‍. തനിക്ക് മെസ്സിയെക്കാള്‍ വളരാനാവുമെന്ന് മുമ്പ് നെയ്‌മര്‍ പറഞ്ഞതിന് പിന്തുണ കിട്ടാന്‍ തല്‍ക്കാലം വഴിയേതുമില്ല.
2009ല്‍ ബ്രസീലിയന്‍ ക്ലബ് എസ്റ്റൂഡിയന്‍സിനെ ക്ലബ് ലോകകപ്പ് ഫൈനലിലും മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് കലാശപ്പോരിലും കീഴടക്കിയതുള്‍പ്പെടെ സീസണിലെ സാധ്യമായ ആറു കിരീടങ്ങളും ബാര്‍സ സ്വന്തമാക്കി. ആ ഫൈനലുകളില്‍ ബാര്‍സ നേടിയ മൂന്നു ഗോളുകളില്‍ രണ്ടെണ്ണം (ഇരു ഫൈനലിലും ഓരോന്ന്) മെസ്സിയുടെ വകയായിരുന്നു. ആ വര്‍ഷത്തെ ഫിഫ ഫുട്‌ബോളറും മെസ്സി തന്നെ.
യോക്കോഹാമയില്‍ കരാഘോഷങ്ങള്‍ക്ക് നടുവില്‍ ബാര്‍സലോണ കിരീടമുയര്‍ത്തിയപ്പോഴും മെസ്സിയുടെ അക്കൗണ്ടില്‍ ഒരു റെക്കോര്‍ഡെത്തി. ഒരു കലണ്ടര്‍ വര്‍ഷത്തെ എല്ലാ പ്രധാന ചാമ്പ്യന്‍ഷിപ്പിലും ഗോളടിക്കുകയും വഴിയൊരുക്കുകയും ചെയ്‌ത ആദ്യ കളിക്കാരന്‍. ചാമ്പ്യന്‍സ് ലീഗിലെപ്പോലെ ക്ലബ് ലോകകപ്പിലും ടൂര്‍ണമെന്റിന്റെ താരം അര്‍ജന്റീനയുടെ 24കാരന്‍ തന്നെ. ഈ വര്‍ഷത്തെ മികച്ച ഫുട്‌ബോളര്‍ക്കുള്ള ബോളന്‍ഡി ഓര്‍ പുരസ്‌കാരത്തിന്റെ ചുരുക്കപ്പട്ടിക തയാറായപ്പോള്‍ അതിലുള്ളത് മെസ്സിയും സാവിയും ക്രിസ്‌റ്റിയാനൊ റൊണാള്‍ഡൊയും. ക്ലബ് ലോകകപ്പ് കഴിഞ്ഞയുടന്‍ ഈ വര്‍ഷത്തെ മികച്ച കായിക താരത്തിനുള്ള ലോറിയസ് അവാര്‍ഡിനും മെസ്സി നാമനിര്‍ദേശം ചെയ്യപ്പെട്ടു. ലോറിയസ് സ്വന്തമാക്കാനായാല്‍ ആ നേട്ടം കൈ വരിക്കുന്ന ആദ്യത്തെ ടീം മാന്‍ ആകും മെസ്സി.
No comments:
Post a Comment