Tuesday, December 6, 2011

ദിവ്യ പ്രണയം





സ്‌നേഹം അനിവര്‍ചനീയമായ വസ്‌തുതയാണ്‌. ഹൃദയം കൊണ്ട്‌ മാത്രം തൊട്ടു നോക്കാനാവുന്ന പ്രതിഭാസം. മനുഷ്യരിലധികവും ജീവിതത്തിലെ നിരര്‍ത്ഥകമായ പ്രണയം അനുഭവിക്കുന്നവരാണ്‌. അതിന്റെ തീവ്രതയില്‍ അവന്‍ സര്‍വവും മറക്കുകയും ചെയ്യുന്നു. തന്നെ ഏറ്റവും സ്‌നേഹിക്കുന്നത്‌ തന്റെ ഭാര്യ, കാമിനി, അമ്മ, സുഹൃത്ത്‌, പിതാവ്‌ ആണെന്ന്‌ അവന്‍ തെറ്റിദ്ധരിക്കുന്നു...!



ദൈവമാണ്‌ മനുഷ്യനെ ഏറ്റവും സ്‌നേഹിക്കുന്നവന്‍. ദൈവത്തെ മനസിലാക്കാന്‍ ഭാഗ്യം ലഭിച്ച അപൂര്‍വ ഭാഗ്യവാന്മാര്‍ മാത്രമാണ്‌ ദിവ്യ പ്രണയത്തിന്റെ രുചിയറിഞ്ഞവര്‍. ഓരോ മിനുട്ടുകളിലും മനുഷ്യന്‍ കഴിക്കുന്ന ശ്വാസം ആരുടെ ഔദാര്യമാണെന്ന്‌ അവന്‍ ആലോചിച്ചിട്ടുണ്ടാകുമോ... ഭൂമിയില്‍ എവിടെക്കുഴിച്ചാലും കിട്ടുന്ന വെള്ളത്തെക്കുറിച്ചോ....?

ശാസ്‌ത്രലോകം തലകുത്തി മറിഞ്ഞാല്‍ പോലും കണ്ണിനോളം സുതാര്യമായ, അത്ര ചെറുതും അത്രയും വിലപിടിപ്പുള്ളതുമായ ഒന്നുണ്ടാക്കാന്‍ കഴിയുമോ... അനുസരണയുള്ളവര്‍ക്കു മാത്രമല്ല ഈ അനുഗ്രഹവര്‍ഷമെന്നു ചിന്തിക്കുമ്പോള്‍ ദൈവത്തിനോളം സ്‌നേഹമുള്ള മറ്റാരുണ്ട്‌.





മുസ്‌ലിംകളുടെ വേദഗ്രന്ഥമായ ഖുര്‍ആനില്‍ വാഖിഅ എന്ന അധ്യായത്തിലെ ചില സൂക്തങ്ങള്‍ ഇങ്ങനെയാണ്‌. ദൈവം (അല്ലാഹു) പറയുന്നു: 'നിങ്ങള്‍ കുടിക്കുന്ന വെള്ളത്തെപ്പറ്റി എന്തു പറയുന്നു. അതിനെ മേഘങ്ങളില്‍ നിന്നിറക്കിത്തരുന്നത്‌ നാമാണോ അതോ നിങ്ങളാണോ. നാമുദ്ദേശിച്ചിരുന്നെങ്കില്‍ അവയെ ഉപ്പുരുചിയുള്ളതാക്കാമായിരുന്നു.'



മറ്റൊരു സൂക്തം: 'നിങ്ങള്‍ ചെയ്യുന്ന കൃഷിയെക്കുറിച്ച്‌ ചിന്തിച്ചിട്ടുണ്ടോ. അതിനെ മുളപ്പിക്കുന്നത്‌ നിങ്ങളാണോ അതോ നാമാണോ. നാം ഉദ്ദേശിച്ചിരുന്നെങ്കില്‍ അവയെ നശിപ്പിച്ചു കളയമായാമായിരുന്നു.'


മുല്‍ക്ക്‌ എന്ന അധ്യായത്തിലെ രണ്ടു സൂക്തങ്ങള്‍ ഇങ്ങനെ- 'നീ പറയുക അവന്‍ (അല്ലാഹു) കരുണാവാരിധിയാണ്‌. ഞങ്ങളവനില്‍  വിശ്വസിക്കുകയും അവനില്‍ ഭരമേല്‍പ്പിക്കുകയും ചെയ്യുന്നു. ആരൊക്കെയാണ്‌ വഴികേടിലെന്ന്‌ നിങ്ങള്‍ അറിയും. നിങ്ങള്‍ ചിന്തിച്ചു നോക്കിയിട്ടുണ്ടോ... നിങ്ങളുടെ (നിങ്ങള്‍ കുടിക്കുന്ന) വെള്ളം ചവര്‍പ്പുള്ളതായാല്‍ ശുദ്ധമായ ഉറവ ജലം ആരു നിങ്ങള്‍ക്ക്‌ കൊണ്ടു തരും.'








 ദൈവത്തിന്റെ കാരുണ്യവും സ്‌നേഹവും എത്രത്തോളം മാറ്റുള്ളതാണെന്നറിയാന്‍ മറ്റൊരു ഉദാഹരണം പറയാം. മുസ്‌്‌ലിംകളുടെ വിശ്വാസ പ്രകാരം ലോകത്തെ ഏറ്റവും ശ്രേഷ്‌ഠനായ സൃഷ്ടിയാണ്‌ പ്രവാചകന്‍ മുഹമ്മദ്‌ (സ്വ). അവിടുന്ന്‌  ഒരിക്കല്‍ പറഞ്ഞു. ആരും താന്‍ ചെയ്‌ത പുണ്യകര്‍മങ്ങളുടെ ഫലമായി സ്വര്‍ഗത്തില്‍ പ്രവേശിക്കുന്നില്ല, അവരെ അല്ലാഹുവിന്റെ കരുണാകടാക്ഷം പൊതിഞ്ഞിട്ടല്ലാതെ.
അനുചരന്മാര്‍ക്ക്‌ അത്ഭുതമായി. 'പ്രവാചകരേ അങ്ങും..?' അവര്‍  ചോദിച്ചു.
'ഞാനും, എന്നെ അല്ലാഹു അനുഗ്രഹം കൊണ്ട്‌ മൂടിയാലല്ലാതെ'. പ്രവാചകന്‍ മറുപടി നല്‍കി.
ഒരു മനുഷ്യന്‍ ചെയ്‌തതില്‍ വെച്ചേറ്റവും വലിയ പുണ്യത്തെക്കാള്‍  വലുപ്പം ഒരു തവണ ദൈവം അവനോടു കാണിക്കുന്ന കരുണക്കുണ്ടെന്നറിയുമ്പോള്‍ അവന്‍ എത്ര ഔദാര്യവാനാണ്‌.


ദിവ്യ പ്രണയം അനുഭവിച്ച സാത്വികരാണ്‌ ഇമാം റൂമിയെയും ഇമാം ഗസാലിയെയും പോലുള്ളവര്‍. ജീവിതം ദൈവിക പ്രീതി തേടിയുള്ള കര്‍മങ്ങള്‍ക്കായി ഒഴിച്ചിട്ടവര്‍. എന്നാല്‍ തന്റെ ആരാധനകള്‍ പോലും ശരിയല്ലെന്ന്‌ റൂമി തിരിച്ചറിയുന്ന ഒരു സന്ദര്‍ഭമുണ്ട്‌. അതിന്റെ ഉര്‍ദു പതിപ്പാണ്‌ താഴെ.








സംഭവം ചുരുക്കത്തില്‍ ഇങ്ങനെ. ഒരിക്കല്‍ അങ്ങാടിയില്‍ വെച്ച്‌്‌ റൂമി ഒരു സംഭവത്തിന്‌ സാക്ഷിയായി. ഒരു കടയില്‍ സാധനം വാങ്ങിയ സ്‌്‌ത്രീ കടക്കാരനു നല്‍കാനുള്ള പണം എണ്ണിയെടുക്കുമ്പോള്‍ കടക്കാരന്‍ പറഞ്ഞു.

'സ്‌നേഹത്തില്‍ പണത്തിനെന്തു സ്ഥാനം. പണം വേണ്ട പൊയ്‌ക്കൊള്ളൂ'

അവര്‍ രണ്ടു പേരും നേരത്തേ തന്നെ പരസ്‌പരം ഇഷ്ടത്തിലായിരുന്നു. കടക്കാരന്റെ വാക്കു കേട്ട റൂമി ബോധരഹിതനായി വീണു. കടക്കാരന്‍ പേടിച്ചമ്പരന്നു. സാധനം വാങ്ങിയ സ്‌ത്രീ ഉടന്‍ അവിടെ നിന്നു പോയി. കുറച്ചു സമയം കഴിഞ്ഞ്‌ റൂമിക്ക്‌ ബോധം തിരിച്ചു കിട്ടിയപ്പോള്‍ കടക്കാരന്‍ ചോദിച്ചു.
'മൗലാനാ... നിങ്ങളെന്തിനാണ്‌ ബോധരഹിതനായത്‌..?'
റൂമിയുടെ മറുപടി ഇങ്ങനെയായിരുന്നു
'ഒരു കാര്യത്തിലും കണക്കും രേഖയുമില്ലാത്ത വിധം ശക്തമാണ്‌ നിങ്ങള്‍ രണ്ടു പേര്‍ക്കുമിടയിലെ പ്രണയം. അതേസമയം, അല്ലാഹുവുമായുള്ള എന്റെ സ്‌നേഹം എത്ര ചെറുതാണെന്നു നോക്കൂ. എന്റെ തസ്‌ബീഹുകള്‍ (കീര്‍ത്തനങ്ങള്‍) എണ്ണിക്കൊണ്ടാണ്‌ ഞാന്‍ ഉരുവിടുന്നത്‌. എന്റെ മനോ നില തെറ്റിച്ച കാര്യമതാണ്‌.'









ഇസ്‌്‌ലാമിക വിശ്വാസ പ്രകാരം ദിവ്യ പ്രണയത്തിന്‌ പത്ത്‌ പദവികളുണ്ട്‌. പത്തു ഘട്ടങ്ങളെന്നും ഇതിനെ പറയാമെന്നു തോന്നുന്നു

1. അല്‍അലാഖ (ബന്ധ സ്‌നേഹം): സ്‌നേഹ ഭാജനങ്ങളുടെ ഹൃദയങ്ങള്‍ തമ്മില്‍ പ്രത്യേകമൊരു ബന്ധമുള്ളതു കൊ ണ്ടാണ്‌ ഈ പേര്‌.

2.അല്‍ഇറാദ (സ്‌നേഹാധിക്യം): സ്‌നേഹഭാജനത്തിലേക്ക്‌ ഹൃദയത്തിന്‌ പ്രത്യേകമൊരു ചായ്‌വുണ്ടാകും, ഹൃദയമതിനെ അന്വേഷിച്ചു കൊണ്ടിരിക്കുകയും ചെയ്യും.

3.അസ്വബാബ (അതീവ സ്‌നേഹം): താഴ്‌ചയിലേക്ക്‌ വെള്ളമൊലിക്കുന്നതു പോലെ സ്‌നേഹഭാജനത്തിലേക്ക്‌ സ്‌നേഹം പവഹിക്കലാണ്‌. ഈ ഘട്ടമെത്തുന്നതോടെ വ്യക്തിക്ക്‌ ഹൃദയത്തെ നിയന്ത്രിക്കാനാകാതെ വരുന്നു.

4.അല്‍ഗറാം (പ്രണയം): ഹൃദയത്തില്‍ അനിവാര്യമായ സ്‌നേഹമാണിത്‌. ഒരിക്കലും വിട്ടുപോകില്ലത്‌. ഒരാള്‍ തന്റെ കടക്കാരനെയെന്ന പോലെ ആ സ്‌നേഹം അവനെ വിടാതെ പിന്തുടരുന്നു.

5.അല്‍വിദാദ്‌ (പ്രണയ വിലയം): സ്വഛവും തെളിമയാര്‍ന്നതുമായ സ്‌നേഹമാണിത്‌. ആത്മാര്‍ത്ഥ സ്‌നേഹത്തിന്റെ കഴമ്പെന്നും പറയാം.

6. അശ്ശറഫ്‌ (പ്രണയ പാരമ്യം): ഹൃദയത്തിന്റെ ഉള്ളിലേക്കെത്തിച്ചേര്‍ന്ന സ്‌നേഹമാണിത്‌. ഇമാം ജുനൈദുല്‍ ബഗ്‌ദാദി പറയുന്നു പ്രണയ പാരമ്യമെന്നാല്‍ സ്‌നേഹിക്കുന്നവന്‌ പ്രണയ ഭാജനത്തില്‍ നി്‌ന്ന്‌ യാതൊരു പിണക്കവും അനുഭവപ്പെടാതിരിക്കലാണ്‌. അങ്ങനെയെന്തെങ്കിലും ഉണ്ടായാല്‍ തന്നെ അവനില്‍ നിന്നുള്ള നീതിയും കരാര്‍ പാലനവുമായി മാത്രമേ സ്‌നേഹിക്കുന്നവന്‍ അതിനെ മനസിലാക്കുകയുള്ളൂ.

7.അല്‍ഇശ്‌ഖ്‌ (അനുരാഗം): പരിധിവിട്ട സ്‌നേഹമാണിത്‌ ഈ ഘട്ടത്തില്‍ ഇയാള്‍ക്ക്‌ അപകടാവസ്ഥകള്‍ തന്നെ വന്നേക്കാനിടയുണ്ട്‌.

8. അത്തദയ്യൂം (വര്‍ധിതാനുരാഗം): പ്രണയത്തിന്‌ കീഴ്‌പ്പെടലും അതിന്‌ അടിമയാകലുമാണിത്‌.

9.അത്തഅബ്ബുദ്‌ (പരമാനുരാഗം): വര്‍ധിതാനുരാഗത്തിനും മുകളിലാണിത്‌. അടിമത്തം മൂര്‍ചിച്ച്‌ മനസില്‍ മറ്റൊന്നും ഇല്ലാതിരിക്കലാണിത്‌.

10. അല്‍ഖുല്ല (തീവ്ര പ്രണയ പാരവശ്യം): പ്രവാചകന്‍ ഇബ്‌്‌റാഹീം (അ), പ്രവാചകന്‍ മുഹമ്മദ്‌ (സ്വ) എന്നീ രണ്ടു പേര്‍ മാത്രമേ ഈ പദവിക്ക്‌ അര്‍ഹരായത്‌.

No comments:

Post a Comment