പത്താന്‍ തിരിച്ചെത്തുമോ..
(2011 ഡിസംബര്‍-4)
ഇന്ത്യന്‍ ക്രിക്കറ്റിലെ അടുത്ത വലിയ സംഭവമെന്ന് 18-ാം വയസില്‍ വാഴ്‌ത്തപ്പെട്ട കളിക്കാരനാണ് ഇര്‍ഫാന്‍ പത്താന്‍. പിന്നീട് തകര്‍ന്നു പോയ കരിയറിനൊടുവില്‍ പത്താന്‍ വീണ്ടും സെലക്ടര്‍മാര്‍ക്ക് മുന്നില്‍ തലയുയര്‍ത്തി നില്‍ക്കുകയാണ്. പരിക്കും ഫോം ഔട്ടും മറികടന്ന് രഞ്‌ജി സീസണില്‍ നാലു മത്സരങ്ങളില്‍ 21 വിക്കറ്റ് നേടിക്കഴിഞ്ഞു ബറോഡ ബോംബര്‍. പരിക്കേറ്റ വലംകൈയന്‍ പേസര്‍ പ്രവീണ്‍ കുമാറിനു പകരം ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള ടീമില്‍ പത്താന് ഇടംലഭിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
ബാറ്റ്‌സ്‌മാന്‍മാരെ മോഹിപ്പിക്കുന്ന ഔട്ട് സ്വിംഗറുകള്‍ കൊണ്ട് പാക്‌് ഇതിഹാസം വസീം അക്രമിന്റെ പിന്‍ഗാമിയെന്നു വരെ പേരെടുത്തിരുന്നു പത്താന്‍. വെട്ടിത്തിളങ്ങിയ കാലത്ത്, വാശിയേറിയ ഇന്ത്യ-പാകിസ്‌താന്‍ ടെസ്‌്‌റ്റ് മത്സരത്തില്‍ ഹാട്രിക് നേടിയതോടെ പത്താന്‍ പത്തരമാറ്റുള്ള തങ്കവുമായി. എന്നാല്‍ മൂന്നു വര്‍ഷം കൊണ്ട് ഇര്‍ഫാന്‍ പത്താന്‍ എന്ന കളിക്കാരന്റെ ഗ്രാഫ് താഴോട്ടായി. പരിക്കും ഫോം ഔട്ടുമാണ് പത്താന്റെ കരിയറില്‍ വില്ലനായത്. 2006 ഡിസംബറിലെ ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ തിളങ്ങാനാകാതെ പോയത് യുവതാരത്തിന് ടീമിനു പുറത്തേക്കുള്ള വഴിതെളിച്ചു. പിന്നീട് ആരോഗ്യവും ഫോമും നിലനിര്‍ത്തി ടീമില്‍ പ്രവേശിക്കാനുള്ള പോരാട്ടങ്ങളായിരുന്നു. പുറംവേദന കാരണം തിരിച്ചടി നേരിട്ടതാണ് പത്താന്റെ മടങ്ങിവരവ് ദൈര്‍ഘ്യമുള്ളതാക്കുന്നത്. ഫസ്റ്റ് ക്ലാസ് മത്സരങ്ങളില്‍ കളിക്കുന്നതിനു പോലും പരിക്ക് തടസം നിന്നു.
എല്ലാം മറികടന്ന് പത്താന്‍ വീണ്ടും സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയിരിക്കുകയാണ്. ഇടവേള സൃഷ്ടിച്ചേക്കാവുന്ന പ്രയാസങ്ങളെയും തരണം ചെയ്‌ത് ഫോം വീണ്ടെടുക്കാനും അദ്ദേഹത്തിനായി. രഞ്‌ജിയില്‍ ബറോഡക്കു വേണ്ടി 21 വിക്കറ്റുകളുമായി മിന്നും പ്രകടനം പുറത്തെടുത്ത പത്താന് മോഹിപ്പിക്കുന്ന ശരാശരിയുമുണ്ട് - 14.14. നാലു കളിയില്‍ മൂന്നു അഞ്ചു വിക്കറ്റ് പ്രകടനങ്ങളുമുണ്ടായി.
പ്രവീണിന്റെ സ്ഥാനത്തേക്ക് മത്സരിക്കാനായി കര്‍ണാടക സീമര്‍മാരായ അഭിമന്യു മിഥുന്‍, വിനയ് കുമാര്‍ എന്നിവരുണ്ടെങ്കിലും ഓസ്‌ട്രേലിയയിലെ സാഹചര്യങ്ങള്‍ കണക്കിലെടുക്കുമ്പോള്‍ പത്താന്റെ പരിചയ സമ്പത്തും ഓള്‍റൗണ്ട് മികവും അദ്ദേഹത്തിന് ഗുണംചെയ്‌തേക്കുമെന്നാണ് നിരീക്ഷണങ്ങള്‍. മലയാളി താരം ശ്രീശാന്തിനു കൂടി പരിക്കേറ്റത് ബറോഡ താരത്തിന് ഗുണമായേക്കും.
കേവലം വിക്കറ്റുകളുടെ എണ്ണം കൊണ്ടു മാത്രമല്ല, സെലക്ഷന്‍ പാനലിലുള്ളവരും ക്രിക്കറ്റ് നിരീക്ഷകരുമടക്കം പ്രമുഖര്‍ക്കെല്ലാം പത്താന്റെ തിരിച്ചുവരവില്‍ മതിപ്പു തോന്നിയിട്ടുണ്ട്. ഐ.പി.എല്‍ ടീം ഡല്‍ഹി ഡയര്‍ ഡെവിള്‍സ് ഉപദേശകന്‍ ടി.എ ശേഖര്‍ ഫിറോസ് ശാ കോട്‌ലയില്‍ ഇര്‍ഫാന്റെ ഏഴു വിക്കറ്റ് പ്രകടനം തന്നെ അതിശയിപ്പിച്ചെന്നു പറയുന്നു. സെലക്ഷന്‍ പാനലില്‍ അംഗമായ അദ്ദേഹം പത്താന്റെ സാധ്യതയെക്കുറിച്ചു പ്രതികരിച്ചത് ഇങ്ങനെ: 'ഇര്‍ഫാന്‍ ഒരു ഓള്‍റൗണ്ടര്‍ കൂടിയാണ്. ഇപ്പോള്‍ ഇന്ത്യക്കു വേണ്ടത് ഒരു ഓള്‍റൗണ്ടറെയാണ്.'
No comments:
Post a Comment