Sunday, December 4, 2011

മാനുവല്‍ ഗോമസ്‌ 
ഇന്ത്യയിലെത്തുമ്പോള്‍


(2011 ജൂണ്‍)  





പോര്‍ചുഗലിന്റെ മുന്‍ അസിസ്‌റ്റന്റ്‌ കോച്ച്‌ മാനുവല്‍ ഗോണ്‍സാല്‍വസ്‌ ഗോമസ്‌ ചര്‍ച്ചില്‍ ബ്രദേഴ്‌സിന്റെ പരിശീലകനാകുമെന്ന കാര്യം ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. രണ്ടാം കിരീടം തേടുന്ന ഗോവക്കാരുടെ ഏഴാമത്തെ പരീക്ഷണമാണ്‌ ലോകകപ്പ്‌ പരിചയം പോലുമുള്ള മാനുവല്‍ ഗോമസ്‌. ഒരു വര്‍ഷത്തേക്കാണ്‌ ഗോമസിന്‌ ചര്‍ച്ചിലുമായി കരാറുള്ളത്‌.




 അടുത്ത വര്‍ഷത്തെ കിരീട പോരാട്ടത്തില്‍ നിലവിലെ ചാമ്പ്യന്‍മാരായ സാല്‍ഗോക്കറിനും രണ്ടാം സ്ഥാനക്കാരായ കൊല്‍ക്കത്തന്‍ കരുത്തര്‍ ഈസ്റ്റ്‌ ബംഗാളിനും അടുത്ത സീസണില്‍ വെല്ലുവിളി ഉയര്‍ന്നേക്കുമെന്ന സൂചനയാണ്‌ ചര്‍ച്ചിലിന്റെ ജാഗ്രത കാണിക്കുന്നത്‌. മാല്‍ദീവ്‌സിന്റെ മുന്‍ ദേശീയ പരിശീലകനായ മാനുവല്‍ ഗോമസ്‌ കഴിഞ്ഞ സമ്മറില്‍ ഈസ്‌റ്റ്‌ ബംഗാളുമായി കരാര്‍ ചെയ്യാനൊരുങ്ങിയിരുന്നു. 




എന്നാല്‍ ട്രവര്‍ മോര്‍ഗന്റെ കീഴില്‍ ടീമിന്റെ പ്രകടനത്തില്‍ സംതൃപ്‌തരായ ബംഗാള്‍ ടീം ഇംഗ്ലീഷുകാരനില്‍ വിശ്വാസമര്‍പ്പിക്കുകയായിരുന്നു. സീസണില്‍ രണ്ട്‌ കിരീടങ്ങളിലേക്കക്കാണ്‌ മോര്‍ഗന്‍ ടീമിനെ നയിച്ചത്‌. ലീഗില്‍ രണ്ടാം സ്ഥാനവും നേടിക്കൊടുത്തു. നെക്ക എന്നു വിളിക്കപ്പെടുന്ന ഗോമസ്‌ 2002 ലോകകപ്പില്‍ പോര്‍ചുഗലിന്റെ കോച്ചിംഗ്‌ സ്‌റ്റാഫുകളിലുണ്ടായിരുന്നു. 


പക്ഷേ നോക്കൗട്ട്‌ ഘട്ടം കാണും മുമ്പ്‌ പറങ്കികള്‍ പുറത്തായി. പിന്നീട്‌ രണ്ടുവര്‍ഷം പോര്‍ചുഗലിലെ മുന്‍നിര ക്ലബ്‌ ബെനഫിക്കയുടെ സഹപരിശീലകനായി. അതുകഴിഞ്ഞ്‌ പോര്‍ചുഗല്‍ രണ്ടാം ഡിവിഷന്‍ ക്ലബായ എസ്‌റ്റോറില്‍ പ്രൈയ സാഡിന്റെ കോച്ചായി. ലിഗ ഇന്റര്‍കലാര്‍ ഫൈനലില്‍ തന്റെ മുന്‍ക്ലബിന്റെ ബി ടീമിനെ 4-3ന്‌ അട്ടിമറിച്ചു കൊണ്ടാണ്‌ ഗോമസ്‌ പരിശീലന രംഗത്ത്‌ മികവറിയിച്ചത്‌. 59കാരനായ മാനുവല്‍ ഗോമസിന്‌ 30 വര്‍ഷത്തെ പരിശീലനാനുഭവമുണ്ട്‌. യുവേഫയുടെ പ്രോ-ലൈസന്‍സ്‌ കോച്ച്‌ സെര്‍ട്ടിഫിക്കറ്റ്‌ നേടിയിട്ടുണ്ട്‌ അദ്ദേഹം. ഏഷ്യയില്‍ മാല്‍ദീവ്‌സിന്റെ പരിശീലകനായി ചുമതലയേറ്റ ഗോമസ്‌ 2006 ഫിഫ ലോകകപ്പ്‌ യോഗ്യതാ മത്സരങ്ങളില്‍ ദ്വീപുകാരെക്കൊണ്ട്‌ അത്ഭുതം കാണിച്ചു. മംഗോളിയയെ അവര്‍ 12-0ന്‌ തോ|ിച്ചു. മാല്‍ദീവ്‌സിന്റെ അതുവരെയുള്ള വലിയ വിജയമായിരുന്നു അത്‌. 




ലോകകപ്പ്‌ സെമി ഫൈനലിസ്റ്റുകളായ ദക്ഷിണ കൊറിയയുമായി ഹോം മത്സരത്തില്‍ സമനിലയും നേടി. 1998ല്‍ അംഗോളയുടെ പരിശീലകനായിരുന്നു ഗോമസ്‌. അപ്രാവശ്യം ആഫ്രിക്കന്‍ നാഷന്‍സ്‌ കപ്പില്‍ മത്സരിക്കാന്‍ അംഗോള യോഗ്യത നേടി. 2006ല്‍ ഡ്രാഗോ മാമിക്കിനെ പുറത്താക്കിയതിനു ശേഷം ചര്‍ച്ചില്‍ പരീക്ഷിക്കുന്ന ഏഴാമത്തെ പരിശീലകനാണ്‌ ഗോമസ്‌. ഐ ലീഗില്‍ നാലാം സ്ഥാനത്ത്‌ ഫിനിഷ്‌ ചെയ്‌തതിന്റെ പേരിലാണ്‌ ഡ്രാഗോ മാമിക്കിനെ ഗോവക്കാര്‍ പുറത്താക്കിയത്‌. 




ഒഡാഫെ ഒക്കോലി തകര്‍ത്താടിയിട്ടും ഇത്തവണയും നാലാം സ്ഥാനം കൊണ്ട്‌ തൃപ്‌തിപ്പെടേണ്ടി വന്നത്‌ കോച്ചിന്റെ പിടിപ്പുകേടുകൊണ്ടാണെന്നുള്ള നിഗമനത്തിലാണ്‌ ക്ലബ്‌ അധികൃതര്‍. ഏതായാലും അനുഭവങ്ങളുടെ കടല്‍ കടന്നെത്തുന്ന മാനുവല്‍ ഗോമസ്‌ ഐ ലീഗിലും കൈയൊപ്പ്‌ ചാര്‍ത്തുമോ എന്നതാണ്‌ ഫുട്‌ബോള്‍ ലോകം കാത്തിരിക്കുന്നത്‌.  

No comments:

Post a Comment