Friday, November 11, 2011


തീവ്രവാദി
(04-11-2008)





വിശ്വാസം കൊണ്ട്‌ തറപാകി
വെള്ള കൊണ്ട്‌ ചുമര്‌ കെട്ടി
തലപ്പാവ്‌ കൊണ്ട്‌ മേല്‍ക്കൂര വച്ചു
അഞ്ചു നേരം നനച്ച്‌ ഉമ്മറത്തൊരു
താടിയും വളര്‍ത്തി



പിന്നീട്‌...
ഗേറ്റില്‍ പതിച്ച ചന്ദ്രക്കലക്ക്‌
മൂര്‍ച്ചയുണ്ടെന്നാരോ...
കൂടെയുള്ള നക്ഷത്രത്തിന്റെ
കൂര്‍ത്ത അഗ്രങ്ങള്‍
അപകട സൂചകമത്രെ..

വല്യുപ്പ കുത്തിപ്പിടിച്ച ഊന്നുവടിയും
അരയില പച്ച ബെല്‍റ്റും
ശണ്‌ഠ കൂടാന്‍ കരുതിവെച്ചതെന്ന്‌ ചിലര്‍
അടുക്കളയിലെ 
അടക്കാകത്തിയും കൂട്ടാന്‍ കത്തിയും
പാകിസ്‌താനില്‍ നിന്ന്‌ കൊണ്ടു വന്നത്‌..!!

കുണ്ടമുറിയിലെ കോളാമ്പിയില്‍
വല്യുപ്പ ചവച്ചരച്ച വെറ്റില
ചുവപ്പുകറയായി ഉണങ്ങിയിരുന്നു
ഉച്ചയ്‌ക്കുള്ള ബുള്ളറ്റിനില്‍
അതിലേക്ക്‌ സൂം ചെയ്‌ത ക്യാമറക്കുമേല്‍
'എന്തൊരുവിഷം' എക്‌സ്‌ക്ലൂസീവ്‌
കാഫിറിന്റെ രക്തക്കറയാണെന്ന്‌ സംശയിക്കുന്നതായി
റിപ്പോര്‍ട്ടര്‍ ആണയിടുന്നു...
കശ്‌മീരിലെ ബന്ധുക്കളെക്കുറിച്ച്‌
ഒരു ബിസിനസ്‌ പത്രത്തില്‍ പരമ്പര
.........'അതിര്‍ത്തിയിലെ ചാരന്‍മാര്‍'............




ഇന്നലെ...
ഖുത്‌ബ ഓതുമ്പോള്‍
ബാപ്പാനെ അവര്‍ പിടിച്ചു
വാള്‍തലയില്‍ തീവ്രവാദം..!

വയള്‌ പറയുമ്പോള്‍
ഇക്കായെ അവര്‍ പിടിച്ചു
തീവ്രവാദ റിക്രൂട്ട്‌മെന്റ്‌ ശ്രമം...
മദ്‌റസ വിട്ട്‌ സ്‌കൂളില്‍ പോകുമ്പോള്‍
ബാഗില്‍ ഖുര്‍ആന്‍; നിര്‍ബന്ധിത മതപരിവര്‍ത്തന ശ്രമം
കുഞ്ഞനുജനും പിടിയില്‍




ഇന്ന്‌....
അവര്‍ വീട്ടില്‍ വന്നു
പുറത്തിറങ്ങാതെ ചടഞ്ഞിരുന്ന
എന്നെയും പിടിച്ചു
'സ്‌ഫോടനങ്ങള്‍ നടത്തി ഒളിഞ്ഞു കഴിയുകയാണല്ലേ...'
ആമം കടിച്ച കൈകളുമായി
മുറ്റത്തേക്കിറങ്ങുമ്പോള്‍
എനിക്കും സംശയമായി...
ഞാന്‍ തന്നെയാണോ അതു ചെയ്‌തത്‌...?!!


No comments:

Post a Comment