Tuesday, June 26, 2018




നമ്മള്‍


ഒപ്പമാകാനാണ് നമുക്ക് മോഹം

പക്ഷേ, എപ്പോഴുമാകുന്നില്ല

ചിലപ്പോള്‍
ഒരു മെട്രോ യാത്ര പോലെ


ഒരാള്‍ക്ക് സമയം തെറ്റും
കതകടയും; അകത്തും പുറത്തുമാകും
സമയം തെറ്റിയതാര്‍ക്കെന്നു തര്‍ക്കിക്കും
പിന്നെ, ഒരു സ്റ്റേഷന്‍ ദൂരം മൗനം
മുമ്പേ പോയി കാത്തുനില്‍ക്കും
പിമ്പേ തേടിപ്പോയി കണ്ടെത്തും
അങ്ങനെ 
വീണ്ടും നമ്മള്‍ ഒപ്പമാകും



ചിലപ്പോള്‍
ഒരു സ്‌നേഹ ശയ്യ പോലെ


ദാമ്പത്യത്തിന്റെ വറ ചട്ടിയിലേക്ക്
ദൈവം ഇട്ട രണ്ടു കഷണം മാംസം
ഉരുണ്ടു ചേരും, കൂടിക്കുഴയും 
എല്ലാം മറന്ന് ഒട്ടിപ്പിടിക്കും
പിരിമുറുകുമ്പോള്‍, 
മാംസത്തേക്കാള്‍ ചൂടുള്ള മനസു കൊണ്ട്
രണ്ടിലകളെ ദൈവം വിളക്കിച്ചേര്‍ക്കും


വെന്തെണീക്കുമ്പോ 
തൂവിപ്പോകുന്ന അല്‍പ്പം സ്‌നേഹത്തുള്ളികളെച്ചൊല്ലി 
നിന്റേതെന്നും എന്റെേതന്നും 
പിന്നെയും നാം തര്‍ക്കിക്കും
ഞരമ്പുകളിലെ തീയണഞ്ഞ്
ചട്ടി തണുത്ത്
ഒരു മൂടിക്കു കീഴില്‍
ഒന്നുറങ്ങിയെണീക്കുമ്പോ
വീണ്ടും നമ്മള്‍ ഒപ്പമാകും


നിക്കാഹിന്റെ 
പെട്ടെന്നു പൊട്ടാത്ത ചങ്ങല കൊണ്ട് 
മനസുകള്‍ കെട്ടിത്തന്നു റബ്ബ്
ഒരാള്‍ ആകാശത്തും ഒരാള്‍ ഭൂമിയിലുമായകലുമ്പോ,
നീ മണ്ണിലും ഞാനീ മണലിലും നില്‍ക്കുമ്പോ,
നിനക്ക് മഴയും എനിക്ക് വെയിലും കിട്ടുമ്പോ,
കെട്ട് വലിഞ്ഞുമുറുകുന്നതിന്റെ വേദന 
ചുടുബാഷ്പങ്ങളായി അവിടെയും ഇവിടെയും 
ഇറ്റി വീഴുന്നുണ്ട് 
മനസിന്റെ മാംസ പേശികളില്‍ 
ലോഹം മുറുകി മുറിയുന്നുണ്ട്...
ഒരു ദര്‍ശനം കൊണ്ടതുണങ്ങും
ഒരു സ്പര്‍ശനം കൊണ്ടതു മറക്കും
നമ്മള്‍ തന്നെ മുറിവുകള്‍
നമ്മള്‍ തന്നെ മരുന്നുകള്‍...



എത്രയായാലും നമ്മള്‍ രണ്ടു കഷണം മാംസമല്ലേ ടീ...
എനിക്ക് എരിവധികമാണ്, അറിയാം...
നിനക്ക് ചിലപ്പോ ഉപ്പ് അല്‍പ്പം കൂടുതലാണ് കെട്ടോ
എന്നാലും,
ഞാന്‍ നിനക്കു നീറ്റരുത്
നീയെനിക്കു ചവര്‍ക്കുകയുമരുത്..


അറിയാലോ...
ഉപ്പോ മുളകോ കയ്‌പ്പോ പുളിപ്പോ
കൂടിയാലും കുറഞ്ഞാലും
നമുക്കൊരായുസ് അന്യോന്യം രുചിച്ചു കഴിയാനുള്ളതല്ലേ
എനിക്കു നീയും നിനക്ക് ഞാനും എത്ര കൂട്ടിയാലും മടുക്കാത്ത കൂട്ടാനാകണ്ടേ...
അതിനുള്ള ചട്ടി വട്ടം മാത്രമല്ലേയുള്ളൂ ഈ ദുനിയാവ്!

(തോരാമഴ ബ്ലോഗ്‌സ്‌പോട്ട് ഡോട്ട് കോം)

Tuesday, November 11, 2014

ഓണനാളില്‍ തമിഴ്‌നാട്ടിലേക്കൊരു യാത്ര പോയി. കള്ളവും ചതിയുമില്ലാത്ത കാലത്ത് നാടു വാണു എന്ന് ഒരു രാജാവിനെ മലയാളികള്‍ പാടിപ്പുകഴ്ത്തുമ്പോള്‍, അയല്‍ രാജാക്കാന്‍മാര്‍ ചതിച്ചു കൊന്ന ഒരു രാജാവിന്റെ അടുത്തേക്കായിരുന്നു ആ യാത്ര. അവിടുത്തെ രാജാവിനെ അവരിന്നും സ്‌നേഹിക്കുന്നു. മതത്തിന്റെ അതിര് കെട്ടാത്ത ദര്‍ബാറില്‍ എല്ലാവിധ ജനങ്ങളും വന്നുപോകുന്നു. കേരളത്തെ വെല്ലുന്ന മതമൈത്രി. പള്ളിയെവിടെയെന്നു ചോദിച്ചാല്‍, നെറ്റിയില്‍ ഭസ്മക്കുറിയുള്ളവരും കൈപിടിച്ച് കൊണ്ടുപോയി തൊട്ടുകാണിച്ചു തരും.

മലയാളിയുടെ പുറംതോലാണ് തമിഴന്റെ ഉള്ളെന്നു തോന്നി; അവരുടെ പുറം നമ്മുടെ ഉള്ളും. യാത്രയിലുടനീളം അത് ബോധ്യപ്പെട്ടു. ഉള്ളം തെളിഞ്ഞ മനുഷ്യരെ കണ്ട് ഉള്ളം നിറഞ്ഞു. പുറംതോടില്‍ പറ്റിയ പെര്‍ഫ്യൂമുകള്‍ക്ക് നല്‍കാനാവാത്തത്ര വരും അവരുടെ നിഷ്‌കളങ്ക പെരുമാറ്റത്തിന്റെ സുഗന്ധം.


പിറ്റേദിവസം ചെന്നൈയിലേക്ക് തിരിച്ചു; ഒരു വലിയ മനുഷ്യന്റെ അടുത്തേക്ക്. സ്‌നേഹമാണ് അദ്ദേഹത്തിന്റെ മതം. സത്യത്തില്‍, ദൈവത്തില്‍ നിന്ന് ദാസന്‍മാരിലൂടെ ദൈവത്തിലേക്ക് തന്നെ ചെന്നെത്തുന്ന സ്‌നേഹത്തിന്റെ ഒരു ഒറ്റച്ചരടാണല്ലോ മതം. ഞങ്ങളെ പറഞ്ഞയച്ച ആളിനു വേണ്ടി അദ്ദേഹം മനസില്‍ കുഴിച്ചുവെച്ച സ്‌നേഹക്കിണര്‍ എത്ര റിംഗ് ആഴമുള്ളതാണെന്ന് പെരുമാറ്റത്തില്‍ നിന്ന് ഊഹിച്ചെടുത്തു. ദക്ഷിണാമൂര്‍ത്തിക്കൊപ്പം വേദി പങ്കിട്ട ഒരു തമിഴ് സംഗീത ചക്രവര്‍ത്തിയുടെ എളിമ കണ്ട് അന്തിച്ചു പോയി. പൊരിവെയിലില്‍ മുഷിഞ്ഞു വലഞ്ഞ ഞങ്ങള്‍ക്ക്, വീട്ടില്‍ എത്തിപ്പെട്ടതു പോലെയാണ് തോന്നിയത്.


മലയാളിയാണ്. കരുണാനിധിയും മുഹമ്മദ് അലി ശിഹാബ് തങ്ങളും സി.എച് മുഹമ്മദ് കോയയും ഒന്നിച്ചിരുന്ന വേദിയില്‍ സംഗീതമഴ പെയ്യിക്കാന്‍ ക്ഷണിക്കപ്പെട്ട ചരിത്രമുള്ളയാള്‍. സംഗീതം പഠിച്ചിട്ടില്ല. പക്ഷേ, പാടിയാല്‍ മഴപെയ്യും. സംഗീതം പ്രമേയമാക്കുന്ന സിനിമകളിലെ ഡയലോഗു പോലെയല്ല. നിരവധി തവണ മഴ പെയ്യിച്ചിട്ടുണ്ട്. പ്രവാചക പ്രകീര്‍ത്തനങ്ങള്‍ പാടുമ്പോള്‍ ആകാശം കണ്ണീര്‍ പൊഴിക്കും. മുന്‍നിര ദേശീയ പത്രങ്ങളെല്ലാം അതിനു സാക്ഷ്യം. അംഗശുദ്ധി വരുത്തിയ ശേഷമാണ് അദ്ദേഹം സംസാരിക്കാനിരുന്നത്. പ്രായം ഏറെ ചെന്നിട്ടും സ്വരം തെല്ലും ഇടറിയിട്ടില്ല. ആ സംഗീതം പൊഴിക്കുന്നതും മഴ പെയ്യിക്കുന്നതും ദൈവം തന്നെ. ചെന്നൈ നഗരമധ്യത്തില്‍ അലക്കലും കുളിയുമായി ശരീരം കുളിരുകോരുമ്പോള്‍ അതിനേക്കാള്‍ ആര്‍ദ്രമായിരുന്നു മനസ്.

Friday, June 28, 2013



മടയൊന്ന്‌, പുലി രണ്ട്‌

ബാര്‍സയെ കാത്തിരിക്കുന്നതെന്ത്‌?




ഫുട്‌ബോളില്‍ യൊഹാന്‍ െ്രെകഫിന്റെ കാലമുണ്ടായിരുന്നു. െ്രെകഫ്‌ നേതൃത്വം നല്‍കിയ ഹോളണ്ടിന്റെ ഓറഞ്ചുപട ടോട്ടല്‍ ഫുട്‌ബോള്‍ കൊണ്ട്‌ വിരുന്നൂട്ടിയ കാലം; ക്ലബ്‌ തലത്തില്‍ ബാര്‍സലോണക്കു വേണ്ടിയും തകര്‍ത്തു കളിച്ച 1970കള്‍. െ്രെകഫ്‌ വീണ്ടും ചര്‍ച്ചയിലേക്കു വരുന്നത്‌ പുതിയ കാലത്തെ രണ്ടു പ്രതിഭകളുമായി ബന്ധപ്പെട്ടുള്ള 'പ്രതിസന്ധി'യില്‍ 'മധ്യസ്ഥം' പറഞ്ഞു കൊണ്ടാണ്‌.

ലയണല്‍ മെസ്സി വാഴുന്ന ബാര്‍സലോണയുടെ തട്ടകത്തേക്ക്‌ ബ്രസീലിന്റെ പുത്തന്‍ താരോദയം നെയ്‌്‌്‌മറിന്റെ വരവിനെക്കുറിച്ച്‌ െ്രെകഫ്‌ നടത്തിയ ദീര്‍ഘ വീക്ഷണം വലിയ ചര്‍ച്ചക്ക്‌ തുടക്കമിട്ടിരിക്കുകയാണ്‌. ഒരു ടീമിനു വേണ്ടി ഒരേ പ്രവര്‍ത്തനങ്ങള്‍ ചെയ്യുന്ന രണ്ടു പേര്‍ വേണ്ടെന്നും നെയ്‌മര്‍ വരുന്നതോടെ മെസ്സിയെ വില്‍ക്കണമെന്നുമായിരുന്നു െ്രെകഫിന്റെ നിലപാട്‌.

സത്യത്തില്‍ അധികാരപ്പെട്ട സ്ഥാനത്തിരുന്നു കൊണ്ടാണ്‌ െ്രെകഫ്‌ ഇതു പറഞ്ഞത്‌ എന്നതിനാല്‍ അതൊരു തീരുമാനമായി വേണമായിരുന്നു ഗണിക്കാന്‍. കാരണം, കാറ്റലോണിയ ഫുട്‌ബോള്‍ ക്ലബിന്റെ മാനേജറാണ്‌ െ്രെകഫ്‌. ബാര്‍സലോണയുടെ യൂത്ത്‌ ടീമും സീനിയര്‍ ടീമുമെല്ലാം ഉള്‍ക്കൊള്ളുന്നതാണ്‌ കാറ്റലോണിയ ഫുട്‌ബോള്‍ ക്ലബ്‌. എന്നാല്‍ കാര്യങ്ങള്‍ തീരുമാനിക്കുന്ന സമിതിയില്‍ െ്രെകഫിന്റെ അഭിപ്രായമുള്ളവരും ഇല്ലാത്തവരും ഉണ്ട്‌.

നെയ്‌മറുള്ളപ്പോള്‍ മെസ്സിയെ ബാര്‍സ വില്‍ക്കണം. നെയ്‌മറും മെസ്സിയും ഒന്നിച്ചു കളിക്കുമ്പോള്‍ ടീമിന്‌ ലഭിക്കുന്ന ഫ്രീ കിക്ക്‌ ആരെടുക്കും. നെയ്‌മര്‍ കിക്കെടുക്കാന്‍ മിടുക്കനാണ്‌. താന്‍ മികച്ചവനാണെന്ന്‌ മെസ്സി നേരത്തേ തന്നെ തെളിയിച്ചതുമാണ്‌. ബാര്‍സലോണയുടെയും നെയ്‌മറുടെയും സ്‌പോണ്‍സര്‍മാര്‍ 'നൈക്‌' ആണ്‌. 'അഡിഡാസ്‌' ആണ്‌്‌ മെസ്സിയുടെ സ്‌പോണ്‍സര്‍. െ്രെകഫ്‌ പറഞ്ഞതിന്റെ ആകെത്തുക ഇത്രയുമാണ്‌.





വില്‍ക്കാനൊക്കുമോ...

അപ്പോള്‍ െ്രെകഫിന്റെ പക്ഷം പിടിച്ച്‌ മെസ്സിയെ വില്‍ക്കാന്‍ ബാര്‍സക്കു കഴിയുമോ. കേളീമികവും മെസ്സിയുടെ നേട്ടങ്ങളും ബാര്‍സയെ ത്രിശങ്കുവിലാക്കുമെന്നതാണു സത്യം. ലോക താരത്തിനുള്ള ബോളണ്‍ ഡി'ഓര്‍ പുരസ്‌കാര പോരാട്ടത്തില്‍ ഒടുവിലെ ഏഴു വര്‍ഷങ്ങളില്‍ ആദ്യ മൂന്നു വര്‍ഷങ്ങളില്‍ ഫൈനല്‍ റൗണ്ടിലെത്തുകയും (അവസാന മൂന്നില്‍) ഒടുവിലത്തെ നാലു പുരസ്‌കാരങ്ങളും സ്വന്തമാക്കുകയും ചെയ്‌ത മെസ്സി ഉജ്ജ്വല ഫോമിലാണ്‌. മൂന്നു തവണ ലോക താരമായിട്ടുണ്ട്‌ െ്രെകഫ്‌. എന്നാല്‍, ഒരു താരം ലോക ഫുട്‌ബോളര്‍ പോരാട്ടത്തില്‍ നാലു തവണ നെറുകയിലേറുന്നത്‌ ആദ്യമാണ്‌.

ബാര്‍സലോണയില്‍ എത്തിയ ശേഷം മെസ്സി കിരീടങ്ങള്‍ വാരിക്കൂട്ടുകയാണ്‌. 200405 സീസണില്‍ അരങ്ങേറിയതു മുതല്‍ ആറു ലാലീഗ കിരീടങ്ങള്‍. ബാര്‍സലോണ സ്വന്തമാക്കിയ നാലു ചാമ്പ്യന്‍സ്‌ ലീഗ്‌ കിരീടങ്ങളില്‍ മൂന്നിലും മെസ്സിയുടെ സംഭാവന വലുതായിരുന്നു. യൂറോപ്പിലെ ഒന്നാമന്‍മാരെ കണ്ടെത്തുന്ന ചാമ്പ്യന്‍സ്‌ ലീഗില്‍ 2009ലും 2011ലും ടൂര്‍ണമെന്റിലെ ടോപ്‌ സ്‌കോററും മികച്ച കളിക്കാരനും മെസ്സിയായിരുന്നു.

ഇതിനിടെ മെസ്സി സ്വന്തമാക്കിയ വ്യക്തിഗത നേട്ടങ്ങളുടെ പട്ടിക നീണ്ടു കിടക്കുന്നതാണ്‌. കലണ്ടര്‍ വര്‍ഷം കൂടുതല്‍ ഗോളുകള്‍ (91), ലാലീഗ സീസണില്‍ കൂടുതല്‍ ഗോളുകള്‍ (50), ഒഫീഷ്യല്‍ കോംപറ്റീഷനുകളില്‍ ബാര്‍സലോണക്കു വേണ്ടി കൂടുതല്‍ ഗോളുകള്‍ (313) ഇതു കൂടാതെ അമ്പതോളം റെക്കോര്‍ഡുകള്‍ വേറെയും. നാലു ചാമ്പ്യന്‍സ്‌ ലീഗ്‌ ടൂര്‍ണമെന്റുകളില്‍ ടോപ്‌ സ്‌കോററായ ആകെ രണ്ടു കളിക്കാരില്‍ ഒരാള്‍ മെസ്സിയും മറ്റൊരാള്‍ ജര്‍മന്‍ ഇതിഹാസം ഗെര്‍ഡ്‌ മ്യൂളറുമാണ്‌. അതേസമയം, തുടരെ നാലു വര്‍ഷങ്ങളില്‍ ടോപ്‌ സ്‌കോറര്‍ പദവി സ്വന്തമാക്കിയ മെസ്സി ഇക്കാര്യത്തില്‍ മ്യൂളറെ പിന്നിലാക്കി.


നല്ല കാലം പിന്നിട്ടു..!!

മെസ്സി 'പ്രായം' കൂടിയ കളിക്കാരനാണെന്ന വാദം ഉയര്‍ത്താമോ... ദിവസങ്ങള്‍ക്കു മുമ്പാണ്‌ മെസ്സി 26ാം പിറന്നാള്‍ ആഘോഷിച്ചത്‌. സാധാരണ ഗതിയില്‍ ഫുട്‌ബോളില്‍ ഒരു കളിക്കാരന്‍ ഫോമിന്റെ ഉന്നതിയില്‍ നില്‍ക്കുന്ന പ്രായമാണിത്‌. ഡീഗോ മറഡോണ അര്‍ജന്റീനയെയും സൈനുദ്ദീന്‍ സിദാന്‍ ഫ്രാന്‍സിനെയും ലോക ചാമ്പ്യന്‍മാരാക്കിയത്‌ 26ാം വയസിലാണ്‌. അര്‍ജന്റീനാ ലോകകപ്പില്‍ ഹോളണ്ടിനെ ഫൈനലിലേക്ക്‌്‌ നയിക്കുമ്പോള്‍ യൊഹാന്‍ െ്രെകഫിനു പ്രായം 27 ആയിരുന്നു.

ഒരു പ്രതിഭാശാലിയായ കളിക്കാരന്‌ 30 വയസു പോലും നല്ല കാലമാണെന്നാണ്‌ ചരിത്രം. 1970ല്‍ ബ്രസീലിനെ ലോക ചാമ്പ്യന്‍മാരാക്കുമ്പോള്‍ പെലെക്ക്‌ പ്രായം 30 ആയിരുന്നു. 2006 ലോകകപ്പില്‍ ഫ്രാന്‍സിനെ ഫൈനല്‍ കളിപ്പിച്ച സിദാന്‌ അന്ന്‌ 34 വയസുണ്ടായിരുന്നു..!!






നെയ്‌മര്‍ വരുന്നു

എന്തൊക്കെ പറഞ്ഞാലും നെയ്‌മറെ തള്ളാന്‍ ബാര്‍സക്കാവില്ല. കാരണം, ഫുട്‌ബോളെന്നാല്‍ കേവലം കളിയല്ല. കളിക്കാരെ വെച്ച്‌ ക്ലബിനെ മാര്‍ക്കറ്റ്‌ ചെയ്യാന്‍ കഴിയണം. ഫുട്‌ബോളിലെന്നല്ല, കായിക ലോകത്തു തന്നെ അടുത്ത മൂന്നു വര്‍ഷത്തേക്കുള്ള ഏറ്റവും മാര്‍ക്കറ്റുള്ള താരമാണ്‌ നെയ്‌മര്‍. വ്യക്തി ജീവിതത്തില്‍ നാണം കുണുങ്ങിയായ മെസ്സിക്ക്‌ കളത്തിനു പുറത്ത്‌ ക്യാമറക്കു മുന്നില്‍ 'തിളങ്ങാന്‍' അറിയില്ല. നെയ്‌മറാകട്ടെ അതില്‍ ബഹുകേമനാണ്‌.

കളത്തിലെ നെയ്‌മര്‍

തെക്കേ അമേരിക്കയിലെ ചാമ്പ്യന്‍സ്‌ ലീഗ്‌ എന്ന്‌ വിശേഷിപ്പിക്കാവുന്ന കോപ്പ ലിബര്‍ട്ടഡോറസില്‍ ബ്രസീലിയന്‍ ക്ലബ്‌ സാന്റോസിനെ കിരീടമണിയിക്കുമ്പോള്‍ കേവലം 19കാരനായിരുന്നു നെയ്‌മര്‍. ടൂര്‍ണമെന്റിലെ താരവും നെയ്‌മറായിരുന്നു. ഇതേ വര്‍ഷം; 2011ലെ മികച്ച ഗോളിനുള്ള ഫിഫയുടെ പുഷ്‌കാസ്‌ അവാര്‍ഡും നെയ്‌മറെ തേടിയെത്തി. അക്കൊല്ലം ഭൂഗോളത്തിലെ ഏറ്റവും മികച്ച ഗോള്‍ 19ാം വയസില്‍ തന്നെ നെയ്‌മര്‍ കുറിച്ചെന്നര്‍ത്ഥം.
21ം വയസില്‍ 37 മത്സരങ്ങളില്‍ 23 ഗോളുകള്‍ എന്ന കണക്കിലാണ്‌ നെയ്‌മര്‍ നില്‍ക്കുന്നത്‌. കോണ്‍ഫഡറേഷന്‍സ്‌ കപ്പിലെ ആദ്യ മൂന്നു കളിയിലും ഗോളടിക്കുകയും സെമിയിലെ രണ്ടു ഗോളുകളുടേതടക്കം പലതിനും വഴിയിടുകയും ചെയ്‌തു. ഗ്രൂപ്പിലെ മൂന്നു മത്സരങ്ങളിലും നെയ്‌മറായിരുന്നു കളിയിലെ താരം. മെസ്സിയെക്കാള്‍ അഞ്ചു വയസിന്റെ ഇളപ്പമുള്ള നെയ്‌മറിനു മുന്നില്‍ കാലം മലര്‍ക്കെ തുറന്നിട്ടിരിക്കുകയാണ്‌; നേട്ടങ്ങളുടെ പട്ടിക തീര്‍ക്കാന്‍.

കാണാനിരിക്കുന്ന പൂരം

കോണ്‍ഫഡറേഷന്‍സ്‌ കപ്പിലെ പ്രകടനത്തോടെ വലിയ മത്സരങ്ങളില്‍ തിളങ്ങാനുള്ള ശേഷി തനിക്കുണ്ടെന്നു നെയ്‌മര്‍ തെളിയിച്ചു. എങ്കിലും ഇക്കാലമത്രയും ക്ലബ്‌ തലത്തിലും രാജ്യാന്തര ടൂര്‍ണമെന്റിലും (കോണ്‍ഫഡറേഷന്‍സ്‌ കപ്‌ 2013) സ്വന്തം നാട്ടുകാര്‍ക്കു മുന്നില്‍ മാത്രമാണ്‌ നെയ്‌മര്‍ ബൂട്ടുകെട്ടിയിട്ടുള്ളത്‌. കാണികളുടെ പിന്തുണയില്ലാതെയും മിന്നിത്തിളങ്ങാന്‍ മിടുക്കുണ്ടെന്ന്‌ നെയ്‌മര്‍ തെളിയിക്കേണ്ടതുണ്ട്‌. ബദ്ധവൈരികളായ റയല്‍ മാഡ്രിഡിന്റെ തട്ടകത്ത്‌ പോലും ഗോളടിച്ച്‌ ബാര്‍സയെ വിജയ പീഠത്തിലേറ്റിയ മെസ്സി ഇക്കാര്യം തെളിയിച്ചതാണ്‌.


കോണ്‍ഫഡറേഷന്‍സ്‌ കപ്പിലടക്കം യൂറോപ്യന്‍ പ്രതിരോധത്തിന്റെ കടുപ്പം (ഇറ്റലിക്ക്‌ പേരുകേട്ട പഴയ പ്രതിരോധമില്ല. ജപ്പാനോട്‌ അവര്‍ മൂന്നു ഗോള്‍ വാങ്ങി) നെയ്‌മര്‍ അറിഞ്ഞിട്ടില്ലെന്നതാണ്‌ മറ്റൊന്ന്‌. രണ്ടിലധികം പ്രതിരോധക്കാരുടെ മാര്‍ക്കിംഗിന്റെ കടുപ്പവും നെയ്‌മര്‍ അതിജീവിച്ചു തെളിയിക്കേണ്ടതുണ്ട്‌.

2011ലെ ഫിഫ ക്ലബ്‌ ലോകകപ്പിന്റെ ഫൈനലില്‍ മെസ്സിയുടെ ബാര്‍സലോണയും നെയ്‌മറിന്റെ സാന്റോസും ഏറ്റുമുട്ടിയപ്പോള്‍ 40ന്‌ ബാര്‍സ ജയിച്ചു. രണ്ടു ഗോളടിക്കുകയും ഒരു ഗോളിന്‌ വഴിയൊരുക്കുകയും ചെയ്‌ത മെസ്സിയായിരുന്നു കളിയിലെ കേമന്‍. 71 ശതമാനം സമയവും ബാര്‍സയുടെ കൈവശമായിരുന്നു പന്ത്‌. ബാര്‍സ താരനിബിഡവും നെയ്‌മര്‍ കൊച്ചു പയ്യനുമാണെന്നതിനാല്‍ ഈ കണക്കുകള്‍ ചിരിച്ച്‌ തള്ളാം. എന്നാല്‍, കരുത്തുറ്റ നിരയുടെ സഹായമുണ്ടെങ്കില്‍ മുന്‍നിര ടീമുകളെ വീഴ്‌ത്താനുള്ള മികവ്‌ തനിക്കുണ്ടെന്നു തെളിയിക്കാന്‍ നെയ്‌മര്‍ക്ക്‌ സുവര്‍ണാവസരമുണ്ട്‌.

ഈ കോണ്‍ഫഡറേഷന്‍സ്‌ കപ്പിന്റെ ഫൈനലില്‍ ലോക ചാമ്പ്യന്‍മാരായ സ്‌പെയ്‌ന്‍ കളിക്കുന്ന പക്ഷം അവരെ കീഴടക്കാന്‍ ടീമിനെ സഹായിച്ചാല്‍ മാത്രം മതി. സ്‌പെയ്‌ന്‍ ലോക ജേതാക്കളായി ഫുട്‌ബോളില്‍ വരവറിയിച്ച ശേഷം ഒരിക്കല്‍ മാത്രമാണ്‌ മെസ്സിയും സ്‌പെയ്‌നും മുഖാമുഖം വന്നത്‌. അര്‍ജന്റീനയില്‍ നടന്ന സൗഹൃദ മത്സരത്തില്‍ 41ന്‌ അര്‍ജന്റീന ജയിച്ചു. 2010 ജൂലൈ 11ന്‌ ലോകകപ്പുയര്‍ത്തിയ സ്‌പാനിഷ്‌ ടീം സെപ്‌തംബറിലാണ്‌ അര്‍ജന്റീനയെ നേരിട്ടത്‌.

സാവിയും ഇനിയസ്റ്റയും ബുസ്‌ക്വെറ്റ്‌സും ഡേവിഡ്‌ വിയയും ഡേവിഡ്‌ സില്‍വയും കാര്‍ലോസ്‌ പുയോളും സാബി അലോണ്‍സോയുമടങ്ങുന്ന സംഘം രണ്ടാം നിരയായിരുന്നില്ല. 10ാം മിനുട്ടില്‍ മെസ്സിയാണ്‌ ഗോള്‍ വേട്ടക്ക്‌ തുടക്കമിട്ടത്‌. തുടര്‍ന്ന്‌ ഹിഗ്വയ്‌നും അഗ്വേറൊയും ടെവസും ലക്ഷ്യം കണ്ടു. എങ്കിലും, സൗഹൃദ മത്സരം പോലെയല്ല ഫൈനല്‍.

കഴിഞ്ഞ വര്‍ഷം അമേരിക്കയിലെ ന്യൂജേഴ്‌സിയില്‍ അര്‍ജന്റീനയും ബ്രസീലും ഒരു സൗഹൃദ മത്സരത്തില്‍ കണ്ടുമുട്ടി. മെസ്സിയും നെയ്‌മറും മുഖാമുഖം വന്ന മറ്റൊരു ദിവസം. ബ്രസീലിന്റെ പുതുനിര വരവറിയിച്ച മത്സരമായാണ്‌ ആ കളി വിലയിരുത്തപ്പെട്ടത്‌. ഹള്‍ക്കും ഓസ്‌കാറും മാഴ്‌സലോയും ആ ടീമിലുണ്ടായിരുന്നു. 43ന്‌ അര്‍ജന്റീന ജയം കണ്ടപ്പോള്‍ മെസ്സി യുടെ പേരില്‍ ഹാട്രിക്കുണ്ടായിരുന്നു.





ബാര്‍സയിലും ഗലാക്‌റ്റിക്കോസ്‌
മെസ്സിയുടെ കരാര്‍ 2018 വരെയാണ്‌. നെയ്‌മര്‍ക്കാകട്ടെ അഞ്ചു വര്‍ഷത്തേക്കാണ്‌ കരാര്‍. െ്രെകഫ്‌ നിരീക്ഷിച്ചതു പോലെ കേമന്‍ ഭാവം മെസ്സിക്കും നെയ്‌മറിനുമിടയില്‍ വില്ലനായാല്‍ ബാര്‍സ വാരിയെറിഞ്ഞ പണം വിപരീത ഫലം ചെയ്യും. ചെല്‍സിയില്‍ ദിദിയര്‍ ദ്രോഗ്‌ബയും മിഷേല്‍ ബല്ലാക്കും ഫ്രീ കിക്കിനു വേണ്ടി തമ്മില്‍ കലഹിച്ചതു പോലെയുണ്ടാകും കാര്യങ്ങള്‍ (ഫ്രാങ്ക്‌ ലംപാര്‍ഡ്‌ അടുത്തു നില്‍ക്കുന്നുമുണ്ടായിരുന്നു!). അല്ലെങ്കില്‍ സിദാന്‍ഫിഗോബെക്കാംറൊണാള്‍ഡൊറൗള്‍കാര്‍ലോസ്‌ തുടങ്ങി വമ്പന്‍മാരെ ഒന്നിച്ചു കളത്തിലിറക്കിയ റയല്‍ പ്രസിഡണ്ട്‌ ഫ്‌ളോറന്റീന പെരസിന്റെ ഗലാക്‌റ്റിക്കോസു പോലെ ബാര്‍സലോണയും കളിക്കാന്‍ കഴിയാത്ത സൂപ്പര്‍നിരയായി മാറും.


കോണ്‍ഫഡറേഷന്‍സ്‌കപ്പിലെ നെയ്‌മറെ നിരീക്ഷിച്ചാല്‍ ഇടതു വിംഗില്‍ നന്നായി താളമിടാന്‍ യുവതാരത്തിനു കഴിയുന്നുണ്ട്‌. തന്റെ ശൈലിക്ക്‌ അനുയോജ്യമായ ബാര്‍സയിലും ഈ പൊസിഷനാണ്‌ അദ്ദേഹത്തിന്‌ അത്യുചിതം. മെസ്സിക്കാകട്ടെ പതിവു പോലെ മധ്യഭാഗത്ത്‌ അലഞ്ഞു തിരിഞ്ഞ്‌ പഴുതുകള്‍ കണ്ടെത്താനും നിര്‍മിക്കാനും അവസരം കിട്ടിയാല്‍ കയറി ഗോളടിക്കാനും കഴിയും. ഈ സഖ്യം വിജയം കണ്ടാല്‍ ഫെറങ്ക്‌ പുഷ്‌കാസും ആല്‍ഫ്രഡോ ഡിസ്‌റ്റൊഫാനൊയും കളിച്ച റയല്‍ മാഡ്രിഡിന്റേതു പോലെ മാരക ആക്രമണമായിരിക്കും ബാര്‍സയുടേത്‌.

ദുരന്തമാണ്‌ഇതിന്റെ മറുവശം. രണ്ടു പേരും ഒന്നിച്ചു 'പ്രവര്‍ത്തിക്കാതിരുന്നാല്‍' ഒരാള്‍ പുറത്തിരിക്കേണ്ടി വരും. അതാരെന്നു തീരുമാനിക്കുന്നത്‌ കോച്ച്‌ ടിറ്റോ വിലാനോവ ആയിരിക്കും. ടീം ജയിക്കുന്നില്ലെങ്കില്‍ താരത്തിളക്കം കൊണ്ടും തുലച്ച കാശു കൊണ്ടും എന്തുണ്ട്‌ കാര്യം? അങ്ങനെ വന്നാല്‍ ആര്‍സനലിന്റെ നെടും തൂണായ ഫാബ്രിഗാസ്‌ ബാര്‍സയില്‍ വന്ന്‌ ബെഞ്ചിലൊതുങ്ങിയതു പോലെ ഒരാള്‍ മുഖ്യധാരയില്‍ നിന്നു മായും. എന്തൊക്കെയായാലും രണ്ടു ലോക താരങ്ങളെ നമുക്കു കിട്ടില്ല. ഒന്നു ചീഞ്ഞാലല്ലേ മറ്റൊന്നിനു വളമാകൂ... 






Thursday, May 31, 2012


വീണ്ടും വിശ്വനാഥന്‍ 


ചെസ് ലോകത്തെ ഉദ്വേഗത്തിന്റെ സൂചിത്തലപ്പില്‍ നിര്‍ത്തിയ ലോക ചാമ്പ്യന്‍ഷിപ്പിന് തിരശ്ശീല വീണപ്പോള്‍ ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് ജേതാവ്. അഞ്ചാം തവണയാണ് ആനന്ദ് ചെസ് ലോകത്തിന്റെ നെറുകയിലെത്തുന്നത്. നാലു ഗെയിം ടൈബ്രേക്കറില്‍ ഇസ്രാഈലിന്റെ ബോറിസ് ഗെഫാന്‍ഡിനെ 2.5-1.5 സ്‌കോറിന് കീഴടക്കുകയായിരുന്നു. ഇതോടെ ഇന്ത്യയില്‍ നടക്കാനിരിക്കുന്ന അടുത്ത ലോക ചാമ്പ്യന്‍ഷിപ്പിന് യോഗ്യത നേടാനും ആനന്ദിന് കഴിഞ്ഞു.
12 മത്സര ക്ലാസിക്കല്‍ ഗെയിമില്‍ 6-6 എന്ന നിലയില്‍ ഇരുവരും സമനില പാലിച്ചതിനെ തുടര്‍ന്ന് മത്സരം ടൈബ്രേകക്കറിലേക്ക് നീങ്ങിയപ്പോഴേ അതിവേഗ ചെസ്സിലെ അതികായനായ ആനന്ദിന് വ്യക്തമായ മുന്‍തൂക്കമുണ്ടായിരുന്നു. ആകെ സ്‌കോര്‍ 8.5-7.5 എന്ന നിലയിലാണ് ആനന്ദ് ചാമ്പ്യനായത്. ജേതാവിനുള്ള 8.6 കോടി രൂപ ആനന്ദ് സ്വന്തമാക്കിയപ്പോള്‍ ഗെഫാന്‍ഡിന് 6.4 കോടി രൂപ സമ്മാനത്തുക ലഭിച്ചു. 2000ല്‍ ടെഹ്‌റാനിലും 2007ല്‍ മെക്‌സിക്കോയിലും 2008ല്‍ ബോണിലും 2010ല്‍ സോഫിയയിലും ആനന്ദായിരുന്നു ലോക ചാമ്പ്യന്‍.


ടൈബ്രേക്കറിലെ നാലു ഗെയിമുകളില്‍ ആദ്യ ഗെയിമില്‍ കറുത്ത കരുക്കളുമായി സമനിലയായ ശേഷം വെള്ളക്കരുക്കള്‍ നീക്കി രണ്ടാം ഗെയിമില്‍ ഗെഫാന്‍ഡിനെ വീഴ്ത്തിയതോടെ ഇന്ത്യന്‍ താരം മുന്‍തൂക്കം നേടി. ആദ്യ ഗെയിമിന്റെ തുടക്കത്തില്‍ ഗെഫാന്‍ഡിനായിരുന്നു മേല്‍ക്കൈ. എന്നാല്‍, 19-ാം നീക്കത്തില്‍ രാജ്ഞിക്കു മുന്നിലെ കാലാളെ മാറ്റിയത് ഗെഫാന്‍ഡിന് തിരിച്ചടിയായി. പിന്നീട് ആനന്ദ് പിഴവു വരുത്തുന്നതും കാത്തിരുന്ന ഇസ്രാഈലി താരത്തെ ആനന്ദ് കുരുക്കി.


77 നീക്കങ്ങള്‍ കണ്ട രണ്ടാം ഗെയിമില്‍ കൃത്യമായ നീക്കങ്ങള്‍ നടത്താനാകാതെ ഗെഫാന്‍ഡ് സമ്മര്‍ദത്തിനടിപ്പെട്ടത് ഉപയോഗപ്പെടുത്തുകയായിരുന്നു ആനന്ദ്. എതിരാളിയുടെ കാലാളിനെ കളത്തിനു പുറത്താക്കി മത്സരം ജയിക്കുകയായിരുന്നു ഇന്ത്യന്‍ താരം. മൂന്നാം ഗെയിമില്‍ ഗെഫാന്‍ഡിന്റെ ഉജ്ജ്വല തിരിച്ചുവരവാണ് കണ്ടത്. പക്ഷേ, മത്സരം പുരോഗമിക്കുന്തോറും സമ്മര്‍ദത്തില്‍പ്പെട്ട് സമനില സമ്മതിച്ചു.


രണ്ടാം ഗെയിമിലെ പോലെ റോസോലിമോ ശൈലി നാലാം ഗെയിമിലും സ്വീകരിച്ച ആനന്ദ് 56 നീക്കങ്ങള്‍ കൊണ്ട് മത്സരം വരുതിയിലാക്കി. സമ്മര്‍ദ ഘട്ടങ്ങളില്‍ ശരിയായ നീക്കം നടത്തുക ദുഷ്‌കരമാണെന്ന് മത്സര ശേഷം ഗെഫാന്‍ഡ് പറഞ്ഞു. എതിരാളിയുടെ തന്ത്രങ്ങളെക്കുറിച്ച് തനിക്ക് ആശങ്കയില്ലെന്നായിരുന്നു ആനന്ദിന്റെ പ്രതികരണം.







ഇതെന്തൊരാനന്ദ്ം..!


റഷ്യയുടെ തലസ്ഥാന നഗരിയില്‍ വിശ്വനാഥന്‍ ആനന്ദ് ഒരിക്കല്‍ കൂടി അടിവരയിട്ടത് ഒന്നുതന്നെ സമകാലിക ചെസ് രാജാക്കന്മാരില്‍ അതിവേഗതയുടെ ചതുരംഗപ്പലകയില്‍ ചക്രവര്‍ത്തി താന്‍ തന്നെ. നാലു വട്ട ചാമ്പ്യനായ തന്നെ 12 ഗെയിം പോരാട്ടത്തില്‍ തളച്ചിട്ട് ടൈബ്രേക്കറിലേക്ക് എത്തിച്ച ഇസ്രാഈലി പ്രതിഭാധനന്‍ ബോറിസ് ഗെഫാന്‍ഡ് സമ്മര്‍ദങ്ങളിലെ തേരാളിയുടെ കഥ അനുഭവിച്ചറിയുകയായിരുന്നു. അതിവേഗ ചെസ്സിലെ കുലപതിക്കു മുമ്പില്‍ ഗെഫാന്‍ഡ് തലകുനിച്ചപ്പോള്‍ മസ്തിഷ്‌കങ്ങളുടെ പടക്കളത്തില്‍ ഇന്ത്യ തലയില്‍ ചൂടിയത് അഞ്ചാം കിരീടം.
വൈവിധ്യ ചെസ്സിന്റെ തമ്പുരാനെന്നാണ് ചെക്-അമേരിക്കന്‍ ചെസ് ചാമ്പ്യനായ ലുബോമിര്‍ കവാലെക് ആനന്ദിനെ വിശേഷിപ്പിച്ചത്. ടൂര്‍ണമെന്റ്, മാച്ച്, റാപ്പിഡ്, നോക്കൗട്ട് എന്നിങ്ങനെ ചെസ്സിന്റെ വിഭിന്ന തരങ്ങളില്‍ ചാമ്പ്യനായ ഏകതാരമെന്ന ആനന്ദിന്റെ നേട്ടം തന്നെയായിരുന്നു പ്രശംസക്കു പിന്നില്‍.




2000 മുതല്‍ 2002 വരെ ഫിഡെ ലോക ചെസ് ചാമ്പ്യന്‍ഷിപ്പിലെ ജേതാവ് ആനന്ദായിരുന്നു. 2007ലാകട്ടെ ആനന്ദിന്റെ കിരീടം 'അവിതര്‍ക്കിത'മായിരുന്നു. 14 മത്സരങ്ങളില്‍ നാലു വിജയവും പത്തു സമനിലയും. ടൂര്‍ണമെന്റില്‍ തോല്‍വി വഴങ്ങാത്ത ഏക താരവും ഇന്ത്യയുടെ ഈ ചെന്നൈ സൂപ്പര്‍ കിംഗ് ആയിരുന്നു. 2008ല്‍ റഷ്യയുടെ വഌഡിമിര്‍ ക്രാംനിക്കിനെതിരെ കിരീടം നിലനിര്‍ത്തി. 2000 മുതല്‍ 2006 വരെ ക്ലാസിക്കല്‍ ചെസ്സിലെ ലോക താരമായിരുന്നു ക്രാംനിക്ക് എന്നോര്‍ക്കണം. 2006, 2007 വര്‍ഷങ്ങളില്‍ ഇതേ ഇനത്തില്‍ ലോക ചാമ്പ്യനും. 2010ല്‍ വെസലിന്‍ ടോപലോവിനെ പരാജയപ്പെടുത്തിയും ചതുരംഗക്കളങ്ങളുടെ ഉന്നത പീഠത്തില്‍ ഇരിപ്പുറപ്പിച്ചു.




ഫിഡെ റേറ്റിംഗ് പട്ടികയില്‍ 2800 പോയിന്റ് പിന്നിട്ട ചരിത്രത്തിലെ ആറു കളിക്കാരില്‍ ഒരാളായും ആനന്ദ് ആനന്ദം കൊണ്ടു. 2007ല്‍ ലോക റാങ്കിംഗില്‍ ആദ്യമായി ഒന്നാം സ്ഥാനത്തേക്ക് കയറിയപ്പോള്‍ ആനന്ദിലൂടെ ഇന്ത്യ അഭിമാനം കൊണ്ടു. ആ വര്‍ഷം ഏപ്രില്‍ മുതല്‍ 2008 ജൂലൈ വരെ 15 മാസത്തിനിടെ ആറു തവണ റാങ്കിംഗ് പുതുക്കിയപ്പോള്‍ അഞ്ചു തവണയും ആനന്ദിന്റെ ഒന്നാം സ്ഥാനത്തിന് ഇളക്കം തട്ടിയില്ല.




2008 ഒക്ടോബറില്‍ ഇന്ത്യയുടെ ചെസ് രാജന്‍ ലോക ചെസ്സിന്റെ ഉന്നത സിംഹാസനത്തില്‍ നിന്നു മാത്രമല്ല ആദ്യ മൂന്നു സ്ഥാനങ്ങളില്‍ നിന്നു തന്നെ താഴെയിറക്കപ്പെട്ടു. എന്നാല്‍, മനോവീര്യത്തിന്റെ കടിഞ്ഞാണു പിടിച്ച് സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിച്ച വിശ്വനാഥന്‍ ആനന്ദ് 2010 നവംബര്‍ ഒന്നിന് വീണ്ടും ഒന്നാമനായി. ഒന്നാം സ്ഥാനത്തിരിക്കുകയായിരുന്ന മാഗ്‌നസ് കാള്‍സനെ ബില്‍ബാവൊ മാസ്‌റ്റേഴ്‌സില്‍ പരാജയപ്പെടുത്തുകയായിരുന്നു. പക്ഷേ, പിറ്റേ വര്‍ഷം കാള്‍സന്‍ തന്റെ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.
1987ല്‍ ഇന്ത്യയുടെ ആദ്യയുടെ ഗ്രാന്റ് മാസ്റ്ററായ ആനന്ദ് തന്നെയാണ് ഇന്ത്യന്‍ കായിക താരത്തിനു ലഭിക്കാവുന്ന പരമോന്നത ബഹുമതിയായ രാജീവ് ഗാന്ധി ഖേല്‍രത്‌ന പുരസ്‌കാരം ആദ്യമായി സ്വന്തമാക്കിയതും. 

Tuesday, May 29, 2012

വീരുവിന്റെ മണ്ടത്തരങ്ങള്‍





ചെന്നൈ: അടുത്ത കാലത്തൊന്നും മഹേന്ദ്രസിംഗ് ധോണിയുടെ ഇന്ത്യന്‍ നായക കസേരക്കു വേണ്ടി വീരേന്ദര്‍ സെവാഗ് കരുനീക്കം നടത്തേണ്ടതില്ല. പരസ്പരം ഓരോ വിജയങ്ങള്‍ക്കു ശേഷം ഡല്‍ഹി ഡെയര്‍ഡെവിള്‍സും ചെന്നൈ സൂപ്പര്‍ കിംഗ്‌സും ഏറ്റുമുട്ടിയ ഐ.പി.എല്‍ യോഗ്യതാ ഘട്ടം എന്ന ധോണി-സെവാഗ് 'ഫൈനലില്‍' സെവാഗ് കാട്ടിക്കൂട്ടിയ മണ്ടത്തരങ്ങള്‍ തന്നെ കാരണം. 86 റണ്‍സിന് ധോണിപ്പട എതിരാളികളെ നിക്കറൂരി വിട്ടു എന്നു പറഞ്ഞാല്‍ അധികമാവില്ല.
ഐ.പി.എല്ലില്‍ അതിവേഗം ലീഗ് ഘട്ടം പിന്നിട്ട് കരുത്ത് വിളംബരം ചെയ്യാന്‍ തങ്ങളെ സഹായിച്ച വിജയ ഘടകങ്ങളെല്ലാം പൊളിച്ചെഴുതി തോല്‍വി ഇരന്നു വാങ്ങുകയായിരുന്നു സെവാഗ്.

\



ചാമ്പ്യന്‍ഷിപ്പിലെ വിക്കറ്റ് വേട്ടക്കാരന്‍ മോണി മോര്‍ക്കലിനെയും മികച്ച പിന്തുണ നല്‍കിയിരുന്ന ഇര്‍ഫാന്‍ പത്താനെയും മാറ്റിനിര്‍ത്തുക, അരങ്ങേറ്റ മത്സരത്തില്‍ പന്തെടുത്ത സണ്ണി ഗുപ്തയെ ആദ്യ ഓവറിന് നിയോഗിക്കുക, ടോസ് ജയിച്ചിട്ടും അവസാന സമയത്ത് ബൗളിംഗിന് അനുകൂലമാകുന്ന പിച്ചില്‍ ബൗളിംഗ് തെരഞ്ഞെടുക്കുക - അതും ദുര്‍ബലമായ ബൗളിംഗ് നിരയെ വെച്ച് -, ടോപ് സ്‌കോറര്‍മാരില്‍ അഞ്ചാം സ്ഥാനത്തുള്ള താന്‍ നിര്‍ണായക പോരാട്ടത്തില്‍ പതിവ് സ്ഥാനമായ ഓപണിംഗ് വിട്ട് പരിചയമില്ലാത്ത മൂന്നാം നമ്പറില്‍ കളിക്കുക തുടങ്ങിയവയായിരുന്നു നിര്‍ണായക മത്സരത്തിനിടെ സെവാഗ് സ്വന്തം ചെലവില്‍ നടത്തിയ കലാപരിപാടികള്‍. കൊല്‍ക്കത്തക്കെതിരായ ആദ്യ മത്സരത്തില്‍ നിന്ന് ഒന്നും പഠിച്ചിരുന്നില്ലെന്നു മാത്രമല്ല, അതിലേക്ക് പുതിയ ചില മണ്ടത്തരങ്ങള്‍ കൂടി ഡല്‍ഹിയുടെ വീരന്‍ ചേര്‍ത്തു വെച്ചു.

16 കളികളില്‍ 25 വിക്കറ്റെടുത്ത മോര്‍ക്കല്‍ ലീഗ് മത്സരത്തില്‍ നാലോവറില്‍ 19 റണ്‍സ് മാത്രം അനുവദിച്ച് ചെന്നൈയുടെ രണ്ട് വിക്കറ്റ് നേടിയപ്പോള്‍ ധോണിയും സംഘവും എട്ടിന് 110 എന്ന സ്‌കോറില്‍ കളിയവസാനിപ്പിക്കേണ്ടി വന്നിരുന്നു.
രഞ്ജി ട്രോഫിയില്‍ തമിഴ്‌നാടിനു വേണ്ടി കളിച്ചുവെന്നല്ലാതെ ഐ.പി.എല്ലിലെ ശിശുവായിരുന്നു സണ്ണി ഗുപ്ത. ഇതറിയാവുന്ന ചെന്നൈയുടെയും തമിഴ്‌നാടിന്റെയും ഓപണര്‍ കൂടിയായ മുരളി വിജയ്ക്ക് അഞ്ചാം ഐ.പി.എല്ലിലാദ്യമായി ആത്മവിശ്വാസം പെരുത്തുകയറി. തുടക്കം മുതലേ മുരളി ഓഫ് സ്പിന്നര്‍ക്കു മേല്‍ കുതിര കയറുകയും ചെയ്തു. ആദ്യ രണ്ടു പന്തുകള്‍ ബൗണ്ടറിയില്‍. അതില്‍ തിരിച്ചു വരാന്‍ യുവതാരത്തിനായില്ല. മൂന്നാം ഓവറില്‍ 23 റണ്‍സ്. മൂന്നോവര്‍ മാത്രമാണ് സണ്ണി ഗുപ്ത പന്തെറിഞ്ഞത്. വിക്കറ്റൊന്നുമില്ലാതെ 47 റണ്‍സ് വിട്ടുകൊടുക്കുകയും ചെയ്തു. ഓവറില്‍ 15.66 റണ്‍സ് ശരാശരിയിലായിരുന്നു ചെന്നൈയുടെ സ്‌കോറിംഗ്. സണ്ണിഗുപ്ത ഒരിക്കലും ഓര്‍മിക്കാനാഗ്രഹിക്കാത്ത മത്സരമായി അരങ്ങേറ്റം. തലയ്ക്കല്‍ മുരളിക്കു തീപിടിച്ചതിനു പിന്നാലെ ചെന്നൈയുടെ നടുവിലേക്കും വാലിലേക്കുമെല്ലാം തീ പടര്‍ന്നു. ആരെ ശ്രദ്ധിക്കണമെന്നറിയാതെ ഡല്‍ഹി ബൗളര്‍മാര്‍ കുഴഞ്ഞു. ക്യാപ്റ്റന്‍ സെവാഗും ഒരു കൈ നോക്കി. ആ ഓവറില്‍ പിറന്നത് 21 റണ്‍സ്. അതോടെ സെവാഗ് മതിയാക്കി. ക്ലാസിക് ബാറ്റിംഗിലൂടെ എതിരാളികളെ ചവുട്ടിമെതിച്ച് മുരളി സെഞ്ച്വറിയും (113) കടന്ന് പോയി. തത്വത്തില്‍ അവസാന പന്തില്‍ റണ്‍ഔട്ടായെങ്കിലും ഫലത്തില്‍ ഡല്‍ഹിക്ക് അതുകൊണ്ട് പ്രത്യേക ഗുണമൊന്നുമുണ്ടായില്ല.




മോര്‍ക്കലിനു പത്താനും പുറമെ നിര്‍ണായക പ്രകടനങ്ങള്‍ കാഴ്ചവെച്ച ശഹബാസ് നദീമിനെയും പുറത്തിരുത്താനായിരുന്നു സെവാഗിന്റെ വലിയ തലയില്‍ ഉദിച്ച ബുദ്ധി. എട്ടു വിക്കറ്റെടുക്കുകയും 16 റണ്‍സിന് മൂന്നു വിക്കറ്റ് എന്ന മികച്ച ബൗളിംഗ് കാഴ്ചവെക്കുകയും ചെയ്തിരുന്നു നദീം. ചെന്നൈയുടെ കടന്നാക്രമണത്തിനിടയിലും ഓവറില്‍ ഒമ്പതിനു താഴെ റണ്‍ വിട്ടുകൊടുത്ത പവന്‍ നഗിക്കു പിന്തുണ നല്‍കാന്‍ നദീമിനാകുമായിരുന്നു. 12 കളികളില്‍ ഓവറില്‍ എട്ടില്‍ താഴെ റണ്‍സ് മാത്രമാണ് നദീം വഴങ്ങിയിട്ടുള്ളത്.

222 എന്ന റണ്‍സിന്റെ മാമത്ത് മുന്നില്‍ നില്‍ക്കുമ്പോള്‍ സെവാഗ് അടവറിയാത്ത മൂന്നാം നമ്പറിലേക്ക് മാറി ഒരു റണ്ണുമായി മടങ്ങിയതോടെ ഡല്‍ഹിയുടെ കഥകഴിഞ്ഞതായിരുന്നു.




മത്സര ശേഷം മോര്‍ക്കലിന്റെ അഭാവം ശരിക്കും ഫലിച്ചെന്നും നിര്‍ഭാഗ്യവശാല്‍ പത്താന് പരിക്കു ബാധിച്ചെന്നും സെവാഗ് കുമ്പസരിച്ചു. എന്നാല്‍ മത്സരത്തിനു തൊട്ടുമുമ്പ് ടീം ഉപദേശകന്‍ ടി.എ ശേഖര്‍ പറഞ്ഞത് പത്താന്‍ നൂറു ശതമാനം ആരോഗ്യവാനാണെന്നും ടീമിലുണ്ടാകുമെന്നുമാണ്.




2010 ലോകകപ്പ് ഫുട്‌ബോള്‍ സെമിഫൈനലില്‍ സ്‌പെയ്ന്‍ ജര്‍മനിയെ നേരിട്ടപ്പോള്‍ സ്പാനിഷ് നിരയില്‍ ഫെര്‍ണാണ്ടോ ടോറസ് കളിക്കാത്തത് അത്ഭുതമായിരുന്നു. രണ്ടു വര്‍ഷം മുമ്പ് യൂറോ ഫൈനലില്‍ ജര്‍മനിയെ തോല്‍പ്പിച്ചത് ടോറസിന്റെ ഗോളായിരുന്നു. എന്നാല്‍, ടോറസിനു പകരം കോച്ച് വിന്‍സന്റ് ഡല്‍ബോസ്‌ക് കളിപ്പിച്ചത് പെഡ്രോ റോഡ്രിഗസിനെ ക്വാര്‍ട്ടര്‍ ഫൈനലില്‍ പരാഗ്വെയെ മറികടക്കാന്‍ സ്‌പെയ്‌നെ സഹായിച്ചിരുന്നു പെഡ്രോ. ജര്‍മനിയുടെ കണക്കുകൂട്ടലുകള്‍ തെറ്റിച്ച് പെഡ്രോയുടെ വേഗത ജര്‍മനിയുടെ വിജയത്തില്‍ ഘടകമായി. അതൊരു കോച്ചിന്റെ മാസ്റ്റര്‍ സ്‌ട്രോക്കായിരുന്നു. അദ്ദേഹത്തിന് അദ്ദേഹത്തിന്റേതായ കാരണങ്ങളുമുണ്ടായിരുന്നിരിക്കണം. പക്ഷേ, മാറിച്ചിന്തിക്കാന്‍ സെവാഗിനുണ്ടായിരുന്ന കാരണങ്ങള്‍ എന്തായിരുന്നു ആവോ. ഏതായാലും ഐ.പി.എല്ലില്‍ ഏറ്റവും നന്നായി കളിച്ച് കപ്പര്‍ഹിച്ച സംഘം അനുതാപം അര്‍ഹിക്കാത്ത വിധം പുറത്തായതില്‍ നായകന്റെ വിക്രിയകള്‍ക്ക് ഒന്നാം സ്ഥാനം നല്‍കണം. മോര്‍ക്കലിനൊപ്പം ടീമിനെ ചുമന്ന് കൊണ്ടു വന്നത് ഇങ്ങനെ പടിക്കല്‍ കൊണ്ടിടാനായിരുന്നോ എന്ന് സ്വയം ചോദിക്കാവുന്നതാണ് സെവാഗിന്.
ചന്ദ്രികക്കു വേണ്ടി ചെയ്യുന്ന യൂറോ കപ്പ് ഫുട്‌ബോള്‍  വിശകലനം


യൂറോപ്പ് വിളിക്കുന്നു 





ക്ലബ് ഫുട്‌ബോളിന്റെ നാഡീ മിടിപ്പുകള്‍ തൊട്ടനുഭവിച്ച യൂറോപ്പ് മറ്റൊരു നാലാണ്ടിപ്പുറം ചാമ്പ്യനെ കണ്ടെത്താനുള്ള പടയൊരുക്കം തുടങ്ങിക്കഴിഞ്ഞു. ഹോളണ്ടിന്റെ ഓറഞ്ചു വസന്തവും സ്‌പെയ്‌നിന്റെ പാസിംഗ് മാസ്മരികതയും ജര്‍മനിയുടെ പട്ടാളപരിവേശവും ഇറ്റലിയുടെ കിരീട യാത്രകളും പുളകം കൊള്ളിക്കുന്ന ഓര്‍മകളില്‍ ഫുട്‌ബോള്‍ ലോകത്തിന്റെ കണ്ണുകള്‍ ഇനി പ്രൊഫഷണലിസവും സാങ്കേതിക പരിജ്ഞാനവും സമ്മേളിക്കുന്ന യൂറോപ്പിലേക്ക്.
ഇന്നേക്ക്് ഏഴാം നാള്‍ പോളണ്ടിലും ഉക്രൈനിലുമായി യൂറോപ്പിന്റെ കനക സിംഹാസനത്തിലേക്കുള്ള യാത്ര തുടങ്ങും. വന്‍കരയുടെ പവര്‍ഹൗസുകള്‍ തകരര്‍ത്ത് മുന്നേറി മറ്റൊരു ഗ്രീസ് പിറക്കുമോ എന്ന് പ്രവചിക്കുക സാധ്യമല്ല. ഇത് ഫുട്‌ബോളാണ്. 90 മിനുട്ടിന്റെ കളി വൃത്തത്തില്‍ അവസാന നിമിഷം വരെ ഗതി മാറിയേക്കാവുന്ന അപ്രവചനീയ ഗെയിം.
എ, ബി, സി, ഡി എന്നീ നാലു ഗ്രൂപ്പുകളിലായി നാലു വീതം ടീമുകളായാണ് അങ്കം. പരസ്പരം ഓരോ പോരാട്ടങ്ങള്‍ക്കു ശേഷം ആദ്യ രണ്ടു സ്ഥാനത്തു വരുന്നവര്‍ നോക്കൗട്ട് ഘട്ടത്തിലേക്ക് കയറും. സംയുക്ത ആതിഥേയരായ പോളണ്ട് ഗ്രൂപ്പ് എയിലും ഉക്രൈന്‍ ഗ്രൂപ്പ് ഡിയിലുമാണ്. ഗ്രൂപ്പുകളെക്കുറിച്ചുള്ള വിലയിരുത്തലുകള്‍ ഇന്നു മുതല്‍ വായിക്കാം.




ഗ്രൂപ്പ് എ (പോളണ്ട്, ഗ്രീസ്, റഷ്യ, ചെക് റിപ്പബ്ലിക്)


കരിങ്കുതിരകളുടെ പറ്റം
ഒറ്റ നോട്ടത്തില്‍ ഗ്രൂപ്പ് എയെ മനസിലാക്കാം. മുന്‍ ചാമ്പ്യന്മാരെന്നു പേരുണ്ടെങ്കിലും ഗ്രീസടക്കം ആരും കിരീട സാധ്യത കല്‍പ്പിക്കപ്പെടുന്ന വമ്പന്‍മാരുടെ പട്ടികയില്‍ വരില്ല. എന്നാല്‍, ഇതില്‍ ഏതെങ്കിലുമൊരു ടീം നിശ്ചിത ഘട്ടത്തില്‍ പുറത്താകുമെന്നും പറയാനൊക്കില്ല. ഏത് വമ്പനെയും മറിച്ചിട്ട് ഈ ടീമുകളിലൊന്ന് കപ്പുയര്‍ത്തിയാലും ആരും അത്ഭുതപ്പെടില്ല.

ആതിഥേയരാണ് പോളണ്ട്്
ഗ്രൂപ്പില്‍ താരതമ്യേന നാലാം സ്ഥാനക്കാരെങ്കിലും ആതിഥേയരെന്ന നിലക്ക് ഫുട്‌ബോളിന്റെ അലിഖിത നിയമപ്രകാരം ക്വാര്‍ട്ടര്‍ ഫൈനല്‍ വരെയെങ്കിലും മുന്നേറേണ്ടവരാണ് പോളണ്ട്. അതിനപ്പുറം സൗഹൃദ മത്സരങ്ങളില്‍ വലിയ ടീമുകളെ നേരിട്ടാണ് അവരുടെ വരവ്. അര്‍ജന്റീനയും ജര്‍മനിയുമായിരുന്നു എതിരാളികള്‍. ജൂണില്‍ അര്‍ജന്റീനയെ 2-1ന് തുരത്തി. പക്ഷേ, ലയണല്‍ മെസ്സി, കാര്‍ലോസ് ടെവസ്, ഗോണ്‍സാലോ ഹിഗ്വയ്ന്‍ എന്നിവരൊന്നും എതിര്‍ നിരയിലുണ്ടായിരുന്നില്ല. ജര്‍മനിക്കെതിരെ സെപ്തംബറില്‍ 2-2 ഫലം നേടിയതിനെ അതിലും മികച്ച ഫലമായി വേണം കാണാന്‍.
ജര്‍മന്‍ ബുണ്ടസ് ലീഗയില്‍ ബൊറൂഷ്യ ഡോര്‍ട്ട്്മുണ്ടിനെ കിരീടം ചൂടിച്ച റോബര്‍ട്ട് ലെന്‍ഡോവ്‌സ്‌കിയാണ് പോളണ്ടിന്റെ തുറുപ്പു ചീട്ട്. ഈ വര്‍ഷം ബുണ്ടസ് ലീഗയിലെ പ്ലെയര്‍ ഓഫ് ദി ഇയര്‍ ആയി തെരഞ്ഞെടുക്കപ്പെട്ട ലെന്‍ഡോവ്‌സ്‌കിയുടെ ഫോം ടീമിന്റെ ഇന്ധനമായേക്കുമെന്നതില്‍ രണ്ടഭിപ്രായമില്ല. പക്ഷേ, 23കാരന്റെ ക്ലാസിനൊത്തൊരു മുന്‍നിരക്കാരനില്ലാത്തത് പോളിഷ് ദുഖമാണ്. അത് മറികടക്കാന്‍ 4-2-3-1 ശൈലിയില്‍ ലെന്‍ഡോവ്‌സ്‌കിക്ക് മികച്ച പിന്തുണ കിട്ടും വിധം ടീമിനെ അണികെട്ടുക എന്നതാണ് കോച്ച് ഫ്രാന്‍സിചെക് സ്മൂഡയുടെ തന്ത്രം. പ്രകടനത്തിലെ സ്ഥിരത പരിഗണിക്കുമ്പോള്‍ ക്ലബ്-രാജ്യ ഭേദമില്ലാതെ മിന്നുന്ന പിന്‍നിരക്കാരന്‍ ലൂകാസ് പിസ്‌ചെക്കായിരിക്കും കാണികളുടെ പിന്‍ബലത്തില്‍ എതിരാളികളുടെ വഴിമുടക്കുന്നവന്‍.

യവനന്മാര്‍ക്ക്
വെറ്ററന്‍ വീര്യം

ഒരു പറ്റം അജ്ഞാത ഫുട്‌ബോളര്‍മാരുമായി വന്നാണ് 2008ല്‍ ഗ്രീസ് കപ്പില്‍ മുത്തമിട്ടത്. ഗ്രീസില്‍ ഒതുങ്ങുന്നവരായതു കൊണ്ട് ക്ലബ് മത്സരങ്ങളില്‍ പോലും യവനന്മാരെ നേരിട്ട പരിചയം ഇത്തവണയും മറ്റുള്ളവര്‍ക്ക് കുറവായിരിക്കും. 23 പേരില്‍ 17 പേരും ഗ്രീക് ലീഗില്‍ പന്തു തട്ടുന്നവരാണ്. ക്യാപ്റ്റന്‍ ജിയോര്‍ഗസ് കാരഗൂണിസിനു പോലും സ്വന്തം ക്ലബ് പനാത്തിനായിക്കോസിനോളമേ പ്രശസ്തിയുള്ളൂ. അതേസമയം, യൂറോ, ലോകകപ്പ് അടക്കമുള്ള വലിയ വേദികളുടെ സമ്മര്‍ദ്ദം അനുഭവിച്ച് ശീലമുള്ള വെറ്ററന്‍മരെയാണ് ഇത്തവണ കോച്ച് ലിയോണിഡാസ് വോകോലോസ് അണിനിരത്തിയിരിക്കുന്നത്.
2004ലെ യൂറോ കിരീടധാരണം മാറ്റിനിര്‍ത്തിയാല്‍ വലിയ വിജയഗാഥകളൊന്നുമില്ലാതിരുന്നിട്ടും ഫിഫ റാങ്കിംഗില്‍ നിലവില്‍ 14-ാം സ്ഥാനത്തുള്ളത് ഗ്രീസിന്റെ ശക്തിയറിയിക്കുന്നു. കേവലം മൂന്നു വട്ടം മാത്രമാണ് ഗ്രീസ് യൂറോയില്‍ ഫൈനല്‍ റൗണ്ടില്‍ കാലുകുത്തിയത്. അതില്‍ ഒരു തവണ കപ്പും സ്വന്തമാക്കി. ആരും മുന്നേറാവുന്ന ഗ്രൂപ്പില്‍ ഭാഗ്യം കൂടിയുണ്ടെങ്കിലേ ഗ്രീസിനു മുന്നേറാനാകൂ.
 



ക്ലാസ് റഷ്യ
ഒരു പക്ഷേ, സ്‌പെയ്‌നിനോളം യൂറോപ്പില്‍ സൗന്ദര്യ ഫുട്‌ബോള്‍ കാഴ്ചവെക്കുന്നവരാണ് റഷ്യക്കാര്‍. ഹോളണ്ടിന്റെ പ്രസിദ്ധമായ ടോട്ടല്‍ ഫുട്‌ബോളിനു വേണ്ടി ദാഹിക്കുന്നവരാണ് റഷ്യ. ഡച്ചുകാരന്‍ ഗസ് ഹിഡിങ്കിന്റെ കീഴില്‍ ഏറെക്കുറെ അത് ഫലപ്രദമാക്കിയ ശേഷം മറ്റൊരു ഡച്ചുകാരന്‍ ഡിക് അഡ്വക്കേറ്റിനെ കോച്ചായി വരിച്ചതിനു പിന്നിലും അതാണ് ലക്ഷ്യം. റഷ്യന്‍ താരങ്ങളുടെ കരുത്തറിയണമെങ്കില്‍ ക്ലബ് ഫുട്‌ബോളിലെ വമ്പന്മാര്‍ റഷ്യന്‍ ക്ലബുകളോട് ഏറ്റു മുട്ടിയതിന്റെ കണക്കുകള്‍ പരിശോധിച്ചാല്‍ മതി. വമ്പന്‍മാരായ റയല്‍ മാഡ്രിഡു പോലും ചരിത്രത്തിലിന്നോളം റഷ്യയില്‍ വിജയിച്ചിട്ടില്ല.
2008ലെ യൂറോയില്‍ കപ്പര്‍ഹിച്ച സംഘമായിരുന്നു റഷ്യക്കാര്‍. ആന്ദ്രെ അര്‍ഷാവിനെ ഇംഗ്ലീഷ് ക്ലബ് ആര്‍സനലിലേക്കും റോമന്‍ പാവ്‌ല്യുചെങ്കോയെ ആര്‍സനലിന്റെ അയലത്തെ ശത്രുക്കളായ ടോട്ടന്‍ഹാം ഹോട്‌സ്പറിലേക്കും എത്തിച്ച ടൂര്‍ണമെന്റായിരുന്നു 2008ലേത്. ഫുട്‌ബോളില്‍ വ്യക്തമായ വിലാസമുണ്ടായിരുന്ന റഷ്യ ഇപ്പോഴും ഒട്ടും പിന്നിലല്ല. ഫിഫ റാങ്കിംഗില്‍ 11-ാം സ്ഥാനത്തുണ്ട് അവര്‍. 1960ലെ ചാമ്പ്യന്മാരായിരുന്നു റഷ്യക്കാര്‍.
നിരന്തരം ശക്തമായ ആക്രമണം നയിക്കുമ്പോഴും പിന്‍നിര മറന്നുള്ള അന്ധമായ ഫുട്‌ബോളല്ല റഷ്യയുടേത് ലക്ഷ്യബോധമുള്ള പ്രൊഫഷണലിസത്തിന്റെ വക്താക്കളാണവര്‍. നേരത്തെ 4-4-2 ശൈലിയില്‍ കളിച്ചിരുന്ന ടീം. ഇത്തവണ 4-3-2-1 ഫോര്‍മേഷനിലായിരിക്കും അണിനിരക്കുക.
സെറ്റ് പീസുകളിലും റഷ്യ എതിരാളികള്‍ക്ക് പേടി സ്വപ്‌നമാകും. സെര്‍ജീ ഇഗ്്‌നാഷെവിച്ചും അര്‍ഷാവിനും ഇതില്‍ വിദഗ്ധരാണ്. 2009ല്‍ ലിവര്‍പൂളിനെതിരെ നാലു ഗോളടിച്ച അര്‍ഷാവിനെ ഏത് ഘട്ടത്തിലും എതിരാളികള്‍ കരുതിയിരിക്കേണ്ടി വരും.
കോച്ച് ഡിക് അഡ്വക്കേറ്റും റഷ്യന്‍ സംഘത്തില്‍ പേടിക്കേണ്ട പേരുകളില്‍പ്പെടുന്നു. റേഞ്ചേഴ്‌സ് ക്ലബ് ആദ്യമായി ഒരു വിദേശ പരിശീലകനെ സ്വീകരിക്കാന്‍ തയാറായത് ഡിക്കിനെയാണ്. 1994ലെ ലോകകപ്പില്‍ ദേശീയ ടീമിനെ ക്വാര്‍ട്ടര്‍ ഫൈനലിലും 2004ലെ യൂറോയില്‍ ദേശീയ ടീമിനെ അവസാന നാലിലും എത്തിച്ച കരുത്തറിയിച്ചിട്ടുണ്ട് ഡിക് അഡ്വക്കേറ്റ്. 2008ല്‍ റഷ്യന്‍ ടീം സെനിത് സെന്റ് പീറ്റേഴ്‌സ്ബര്‍ഗിനെ യൂവേഫ കപ്പ് ചാമ്പ്യനാക്കിയ ഡിക്കിന് റഷ്യന്‍ ഫുട്‌ബോളിനെ അടുത്തറിയാം.



ആര്‍ക്കും ചെക്കാണ് ചെക്ക്
ഇത്തവണത്തെ ചാമ്പ്യന്‍സ് ലീഗ് കിരീടം ചെല്‍സിക്ക് സമ്മാനിച്ചത് സ്‌ട്രൈക്കര്‍ ദിദിയര്‍ ദ്രോഗ്ബയാണെന്ന് ഒരു കൂട്ടര്‍ പറയുമ്പോള്‍ അല്ല, പീറ്റര്‍ ചെക്കാണെന്നാണ് മറുവാദം. ഷൂട്ടൗട്ടിലേക്ക് മത്സരം നീട്ടിയതില്‍ ദ്രോഗ്ബക്കും ചെക്കിനും ഒരു പോലെ പങ്കുണ്ടെന്നതാണ് സത്യം. നിശ്ചിത സമയത്ത് സമനില ഗോള്‍ നേടി ദ്രോഗ്ബ തിളങ്ങിയപ്പോള്‍ അധിക സമയത്ത് ബയേണ്‍ മ്യൂണിച്ചിന്റെ പ്രധാന താരം ആര്യന്‍ റോബന്റെ പെനാല്‍ട്ടി കിക്ക് തടഞ്ഞിട്ടു കൊണ്ടാണ് ചെക്ക് മിടുക്കു കാട്ടിയത്. ഷൂട്ടൗട്ടില്‍ വാന്‍ ബയ്ട്ടന്റെ കിക്ക് തടയുന്നതില്‍ ചെക്ക് പ്രകടമാക്കിയത് കൈവിരുതിനപ്പുറം കലാവിരുതായിരുന്നുവെന്നു വേണം കരുതാന്‍. ബാറിനു കീഴെ ചെക്കിന്റെ വിശ്വസ്ത കരങ്ങളെ വിശ്വസിച്ചാണ് ചെക് റിപ്പബ്ലിക്കിന്റെ പടയൊരുക്കം.
മെയ് വഴക്കത്തില്‍ കേമനായ ചെക്കിനെ റീബൗണ്ട് പന്തുകളില്‍ പോലും കീഴടക്കുക പ്രയാസം. 2008ല്‍ തുര്‍ക്കിക്കെതിരെ 87-ാം മിനുട്ടില്‍ മിസ്പാസ് നല്‍കി ടീം ക്വാര്‍ട്ടറിലെത്തുന്നതിന് വിഘ്‌നം നിന്നതിന്റെ ദുരന്ത സ്മരണകള്‍ മായ്ച്ചു കളയേണ്ടതുണ്ട് ചെക്കിന്.
ഒരു പക്ഷേ, ഗ്രൂപ്പില്‍ ഒന്നാമന്മാരാകാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന റഷ്യക്കൊപ്പമാണ് ചെക് റിപ്പബ്ലിക്കിന്റെ സ്ഥാനം.
മിലാന്‍ ബാരോസ് വീണ്ടും ചെക് കുപ്പായത്തില്‍ അത്ഭുതങ്ങള്‍ കാണിക്കുമോ എന്ന് ആരാധകര്‍ കാത്തിരിക്കുന്നുണ്ടെങ്കിലും തോമസ് പെക്കാര്‍ട്ടായിരിക്കും ഇത്തവണ ചെക് റിപ്പബ്ലിക്കിന്റെ മുന്‍നിരയിലെ ഹീറോ. 4-2-3-1 ശൈലിയില്‍ ആക്രമണം തന്നെയാണ് ടീമിന്റെ മുഖമുദ്ര.
ഇത്തവണ പിന്‍നിരയിലുമുണ്ട് ഒരു താരം- മൈക്കല്‍ കാഡ്‌ലെക്. ബയര്‍ ലെവര്‍ക്യൂസന്റെ താരം യോഗ്യതാ റൗണ്ടില്‍ നാലു ഗോളുകളുമായി ടീമിന്റെ ടോപ് സ്‌കോററാണ്. ഇതില്‍ മൂന്നെണ്ണം സ്‌പോട്ട് കിക്കില്‍ നിന്നാണെന്നത് ടീം കാഡ്്‌ലെക്കില്‍ അര്‍പ്പിക്കുന്ന വിശ്വാസത്തെ കാണിക്കുന്നു.







ഗ്രൂപ്പ് - ബി 
(ഹോളണ്ട്, ഡന്‍മാര്‍ക്ക്, ജര്‍മനി, പോര്‍ചുഗല്‍)

മരണ മണിക്ക് കാതോര്‍ത്ത്




കരുത്തും വീര്യവും അളവു കോലായെടുക്കുമ്പോള്‍ യൂറോ കപ്പിലെ ഏറ്റവും ആവേശകരമായ മത്സരങ്ങള്‍ ഗ്രൂപ്പ് ബിയില്‍ നടക്കുമെന്ന് സധൈര്യം പ്രവചിക്കാം. നാലു ടീമുകളും ഫിഫ റാങ്കിംഗില്‍ ആദ്യ പത്തിനുള്ളിലുള്ളവര്‍. സൂപ്പര്‍ താരങ്ങളുടെ കുറവുണ്ടെങ്കിലും ഡന്മാര്‍ക്ക് ഒരു ചെറുകിട സംഘമാണെന്ന് ആരും പറയില്ല. പിന്നെയുള്ളത് മൂന്നു നക്ഷത്രക്കൂട്ടങ്ങള്‍. ആര്യന്‍ റോബനും റോബിന്‍ വാന്‍പേഴ്‌സിയും അണിനിരക്കുന്ന ഹോളണ്ടും മസൂദ് ഓസില്‍, സമി ഖദീറ, മാന്വല്‍ ന്യൂയര്‍ എന്നിവരില്ലായിരുന്നെങ്കില്‍ പോലും ടൂര്‍ണമെന്റുകളിലെ ഫേവറേറ്റുകളായ ജര്‍മനിയും യൂറോപ്പിലെ ബ്രസീലെന്നറിയപ്പെടുന്ന പോര്‍ചുഗലും. ലയണല്‍ മെസ്സിയില്ലാത്ത ടൂര്‍ണമെന്റില്‍ ക്രിസ്റ്റ്യാനൊ റൊണാള്‍ഡൊയുടെ കളിയാട്ടങ്ങള്‍ക്കാണ് ആരാധകര്‍ കാത്തിരിക്കുന്നത്. ഗ്രൂപ്പ് ഘട്ടം പിന്നിടുമ്പോള്‍ ആരാധകരുടെ പ്രിയ ടീമുകളില്‍ ഒന്ന് പടിക്കു പുറത്തായിരിക്കുമെന്ന് ചുരുക്കം. ടോപ് സ്‌കോറര്‍മാരിലെ ആദ്യ നാലു പേരില്‍ ആദ്യത്തെ രണ്ടാളടക്കം മൂന്നു പേരും ഈ ഗ്രൂപ്പിലാണ്. ഏഴാമത്തെയും എട്ടാമത്തെയും ടോപ് സ്‌കോററും ഇതേ ഗ്രൂപ്പിലാണെന്നതു കൂടി കണക്കിലെടുത്താല്‍ ഒരു ഗോള്‍ പെരുമഴക്കുള്ള ഇടിമുഴക്കങ്ങള്‍ ഗ്രൂപ്പ് ബിയില്‍ നിന്നു കേള്‍ക്കാം. ലീഗ് മത്സരങ്ങള്‍ തോര്‍ന്ന് കഴിയുമ്പോള്‍ യൂറോയുടെ ചില്ലുവാതില്‍ തുറന്ന് പുറത്തേക്ക് പതിക്കുന്നതാരെല്ലാമെന്ന് ആര്‍ക്കറിയാം.

ഓറഞ്ചു പാടങ്ങള്‍ പൂക്കുമോ






ഹോളണ്ട് എന്ന് കേള്‍ക്കുന്നതും ഓറഞ്ചില്‍ മുങ്ങിയ 11 പേരെ മൈതാനത്തു കാണുന്നതും ഫുട്‌ബോള്‍ ആരാധകരില്‍ ഉണര്‍ത്തി വിടുന്ന ഗൃഹാതുരത്വം ചെറുതല്ല. ഹോളണ്ട് പുറത്താകുമ്പോള്‍ ഡച്ച് ആരാധകര്‍ അല്ലാത്തവര്‍ പോലും കരയുന്നു. കാരണം, മനോഹരമായി കളിക്കാതെ ടൂര്‍ണമെന്റുകളില്‍ നിന്ന് മടങ്ങുന്ന ശീലമില്ല അവര്‍ക്ക്. 2010 ലോകകപ്പ് ഫൈനലില്‍ പക്ഷേ, സ്‌പെയ്‌നിന്റെ ബ്യൂട്ടിഫുള്‍ ഗെയിമിനോട് അവര്‍ സുല്ലിട്ടു. അതുകൊണ്ടു തന്നെ ഹോളണ്ടിന്റെ വീഴ്ച കാവ്യനീതിയായി നിരീക്ഷിക്കപ്പെടുകയും ചെയ്തു.
ഇത്തവണ യൂറോ കപ്പ് നേടാന്‍ സാധ്യത കല്‍പ്പിക്കപ്പെടുന്ന തുല്യ ശക്തികളായ അഞ്ചു ടീമുകളെങ്കിലുമുണ്ട്. അതില്‍ ഹോളണ്ടുമുണ്ട്. റോബനും വാന്‍പേഴ്‌സിയും ഡിര്‍ക് കുയ്റ്റും വെസ്‌ലി സ്‌നൈഡറും ക്ലാസ് യാന്‍ ഹണ്ട്‌ലാറും ഒരേ ടീമിന്റെ കുപ്പായമിടുമ്പോള്‍ അവര്‍ കപ്പ് നേടാതിരുന്നാലാണ് അത്ഭുതം. ഹോളണ്ട് മുന്നോട്ടു പോകുന്ന പക്ഷം എതിരാളികള്‍ ഗോളുകള്‍ വാരിക്കൂട്ടേണ്ടി വരും. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ടോപ് സ്‌കോറര്‍ വാന്‍പേഴ്‌സിയും, ജര്‍മന്‍ ബുണ്ടസ് ലീഗയിലെ ടോപ് സ്‌കോറര്‍ ഹണ്ട്‌ലാറും മാറി മാറി മുന്നേറ്റ നിരയുടെ വളയം പിടിക്കുന്ന വിധം 4-2-3-1 എന്ന ശൈലിയാണ് ഡച്ചുകാര്‍ സ്വീകരിക്കുന്നത്. തികച്ചും ആക്രമണാത്മകമെന്ന് വ്യക്തം.
ദക്ഷിണാഫ്രിക്ക ലോകകപ്പില്‍ പകരക്കാരുടെ നിരയിലേക്കൊതുങ്ങിയ ഹണ്ട്‌ലാര്‍ ടീമിലെ ഒഴിച്ചുകൂടാനാകാത്ത സാന്നിധ്യമായത് ഡച്ച് പടക്ക് ആരോഗ്യകരമായ വാര്‍ത്തയാണ്. യോഗ്യതാ റൗണ്ടില്‍ എട്ടു കളികളില്‍ 12 ഗോളുകള്‍ നേടിയ 28കാരന്‍ കോച്ച് ബേര്‍ട്ട് വാന്‍ മാര്‍വിക്കിന്റെ പ്രിയ ശിഷ്യന്മാരിലൊരാളായിക്കഴിഞ്ഞു. യോഗ്യത മത്സരങ്ങള്‍ക്കിടെ ഹണ്ട്‌ലാറിന് പരിക്കേറ്റതോടെ വാന്‍പേഴ്‌സിയുടെ ഊഴമായി. ഹംഗറിക്കെതിരെ രണ്ടു കളികളിലും ഗോളടിച്ച് ആര്‍സനല്‍ നായകനും വിശ്വാസം കാത്തു. ഇതിനു പുറമെയാണ് പുതിയ റോയ് കീനെന്ന് വിശേഷിപ്പിക്കപ്പെടുന്ന പി.എസ്.വി ഐന്തോവന്റെ 22കാരന്‍ നായകന്‍. ഏതായാലും കഴിഞ്ഞ വര്‍ഷം ഒന്നാം റാങ്കിലും ഇപ്പോള്‍ നാലാം റാങ്കിലുമുള്ള ഹോളണ്ടിനെ ചെറുക്കുക പതിവിലേറെ പ്രയാസകരമാകുമെന്ന് തീര്‍ച്ച.



കപ്പടിക്കാന്‍ ജര്‍മനി 




ടീം വര്‍ക്കിന്റെ മികച്ച ഉദാഹരണങ്ങളിലൊന്നാണ് ഫിഫ റാങ്കിംഗില്‍ രണ്ടാം റാങ്കിലുള്ള ജര്‍മനി. സമ്മര്‍ദങ്ങള്‍ തൊട്ടുതീണ്ടാതെ പ്രൊഫഷണല്‍ ഫുട്‌ബോളിന്റെ മര്‍മമറിഞ്ഞു കളിക്കുന്നവര്‍. മിഷേല്‍ ബല്ലാക്ക് മാത്രമാണ് ലോക നിലവാരമുള്ള താരമമെന്ന വിലയിരുത്തലുകളുണ്ടായപ്പോള്‍ പോലും അവര്‍ കീഴടക്കുക എളുപ്പമല്ലാത്ത ടീമായി. ഇത്തവണ മികച്ച ടീമുമായാണ് ജര്‍മനിയുടെ വരവ്.
ചാമ്പ്യന്‍സ് ലീഗ് ഫൈനലിലെത്തിയ ജര്‍മന്‍ ക്ലബ് ബയേണ്‍ മ്യൂണിച്ചിന്റെ കളിക്കാര്‍ യൂറോപ്പിന്റെ ക്ലബ് ചാമ്പ്യന്‍പട്ടം കൈവിട്ടതിന്റെ നിരാശ യൂറോയില്‍ തീര്‍ക്കുമോയെന്നാണ് അറിയാനുള്ളത്. ഏറ്റവും ക്രിയാത്മക നീക്കങ്ങള്‍ നടത്തുകയും പൊസഷനല്‍ ഫുട്‌ബോളില്‍ വിശ്വാസമര്‍പ്പിക്കുകയും ചെയ്യുന്ന ഒരു ഉജ്ജ്വല ടീമായി ദക്ഷിണാഫ്രിക്ക ലോകകപ്പിനു ശേഷം ജര്‍മനി പരിവര്‍ത്തിച്ചിട്ടുണ്ട്. അടുത്തിടെ ഹോളണ്ട്, ബ്രസീല്‍ എന്നീ വിഖ്യാതരെ സൗഹൃദ മത്സരത്തില്‍ നേരിട്ടപ്പോള്‍ ഈ ഘടകങ്ങള്‍ക്കൊപ്പം ജര്‍മനിയുടെ ആക്രമണം മുമ്പത്തേക്കാള്‍ മൂര്‍ച്ചയേറുന്നതും കണ്ടു. ഫുള്‍ബാക്ക് ഫിലിപ് ലാം, മിഡ്ഫീല്‍ഡര്‍മാരായ ബാസ്റ്റിന്‍ ഷൈ്വന്‍സ്റ്റീഗര്‍, മസൂദ് ഓസില്‍ എന്നീ കളിക്കാരാണ് ജര്‍മന്‍ സേനയുടെ ത്രിയേകത്വ മസ്തിഷ്‌കമായി പ്രവര്‍ത്തിക്കുന്നത്. ഹോളണ്ടിനെ പോലെ 4-2-3-1 ശൈലിയില്‍ വിശ്വാസമര്‍പ്പിക്കുകയാണ് ജര്‍മന്‍ കോച്ച് ജോക്വിം ലോയും.
2010 ലോകകപ്പിന്റെ കണ്ടെത്തലാവുകയും പിന്നീട് റയല്‍ മാഡ്രിഡിന്റെ പുത്തന്‍ സംഘത്തില്‍ കക്കക്കു പകരം മധ്യനിരയിലെ പ്രധാനിയാവുകയും ചെയ്ത ഓസില്‍ ടൂര്‍ണമെന്റിന്റെ തന്നെ താരമായാല്‍ അത്ഭുതപ്പെടാനില്ല. യോഗ്യതാ റൗണ്ടില്‍ ഏഴു ഗോളുകള്‍ക്ക് പാസ് നല്‍കിയിടത്താണ് ഈ തുര്‍ക്കീ താരത്തിന്റെ മിടുക്ക്. ടീമിന്റെ ഭാവി വാഗ്ദാനമായി കണക്കാക്കപ്പെടുന്ന പ്രതിഭാധനനായ 19കാരന്‍ മരിയോ ഗോട്‌സെ ഓസിലിന്റെ നീക്കങ്ങള്‍ക്ക് പറ്റിയ കൂട്ടാളിയായേക്കും.

എന്തിനും പോന്നവര്‍
ഡന്മാര്‍ക്കില്‍ ഫുട്‌ബോള്‍ ലോകത്ത് പരിചിതമായ പേരുകള്‍ ദുര്‍ലഭം. അതൊന്നുമില്ലാതെ ഫിഫ റാങ്കിംഗില്‍ പത്താം സ്ഥാനത്ത് നില്‍ക്കുമ്പോള്‍ അവരുടെ കരുത്തിനെക്കുറിച്ചുള്ള സംശയങ്ങള്‍ താനെ പടികടക്കുന്നു. 12 വര്‍ഷമായി മോര്‍ട്ടന്‍ ഓസ്‌ലനു കീഴില്‍ 4-3-3 ശൈലിയില്‍ കളിക്കുന്ന ഒരു സംഘത്തിന് ഓരോ കളിക്കാരുടെയും ദൗത്യം വ്യക്തമായറിയുക സ്വാഭാവികം. മുന്‍ ഡന്മാര്‍ക്ക് മിഡ്ഫീല്‍ഡരര്‍ ജാന്‍ മോല്‍ബി തന്നെയാണിത് പറഞ്ഞത്.
2010 ലോകകപ്പിലെ പ്രായം കുറഞ്ഞ കളിക്കാരന്‍ ക്രിസ്റ്റ്യന്‍ എറിക്‌സണ്‍ 18-ാം വയസിലെത്തി നില്‍ക്കുമ്പോള്‍ ടീമിന്റെ പ്രതീക്ഷയായി വളര്‍ന്നു കഴിഞ്ഞു. ഡന്‍മാര്‍ക്ക് ഇതിഹാസം മിക്കായേല്‍ ലോഡ്രപ്പിനോടാണ് ഈ അറ്റാക്കിംഗ് മിഡ്ഫീല്‍ഡറെ താരതമ്യം ചെയ്യുന്നത്. 1998 ലോകകപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ ബ്രസീലിനോട് 3-2ന് തോറ്റ് മടങ്ങിയ ഡന്‍മാര്‍ക്ക് രണ്ടാം യൂറോ കിരീടത്തിലേക്കാണ് നോട്ടമിടുന്നത്.

കരീടം ചൂടാന്‍
റോണോ രാജകുമാരന്‍

തങ്ങളേക്കാള്‍ ചെറിയ ടീമുകള്‍ പോലും യൂറോപ്പിന്റെ കിരീടം കൈയിലേന്തിയിട്ടും പ്രഥമ കിരീടത്തിനുള്ള കാത്തിരിപ്പിലാണ് നിലവില്‍ അഞ്ചാം റാങ്കിലുള്ള പോര്‍ചുഗല്‍. ക്രിസ്റ്റിയാനൊ റൊണാള്‍ഡൊയുടെ സാന്നിധ്യം കൊണ്ടു മാത്രം യൂറോ കപ്പില്‍ ഏറെ ആരാധകരുള്ള ടീമായിരിക്കും പറങ്കിപ്പട. സ്പാനിഷ് ലീഗില്‍ ബാര്‍സലോണയുടെ വെല്ലുവിളി മറികടന്ന് റയല്‍ മാഡ്രിഡിനെ ചാമ്പ്യന്മാരാക്കിയ മെദീരയിലെ മാന്ത്രികന്‍ യൂറോയിലും രാജവാഴ്ച നടത്തുമോ എന്നതാണ് ഇനിയുള്ള ചോദ്യം. അങ്ങനെ വന്നാല്‍ ഇത്തവണത്തെ ലോകതാരത്തിനു വേണ്ടി വോട്ടെടുപ്പു വേണ്ടിവരില്ല. 4-3-3 ശൈലിയില്‍ കൂട്ടമായ ആക്രമണം നയിക്കുന്നവരാണ് പറങ്കികള്‍.
നിലവില്‍ ലോകത്തെ ഏറ്റവും മികച്ച രണ്ടാമത്തെ താരമായ ക്രിസ്റ്റിയാനൊ തന്നെയാകും പോര്‍ചുഗലിന്റെ ഊര്‍ജ്ജം. സ്‌പെയ്‌നിലെ രണ്ടു സീസണിനിടെ 102 കളികളില്‍ 112 ഗോളുകളാണ് റോണോ അടിച്ചുകൂട്ടിയത്. വിംഗുകളിലെ അപകടകാരിയായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ നാനി ക്രിസ്റ്റ്യാനൊക്ക് ഒത്ത പങ്കാളിയായിരിക്കും. സ്‌പോര്‍ട്ടിംഗ് ലിസ്ബണ്‍, ബാര്‍സലോണ, ഇന്റര്‍മിലാന്‍, ചെല്‍സി ടീമുകളില്‍ അനുഭവ പരിജ്ഞാനമുള്ള റിക്കാര്‍ഡോ ക്വാറസ്മയാണ് എതിരാളികള്‍ കരുതിയിരിക്കേണ്ട മറ്റൊരു പ്രമുഖന്‍.


(തുടരും) 

Tuesday, May 22, 2012



ഇറ്റലിയില്‍ യുഗാന്ത്യം

ചന്ദ്രികയില്‍ പ്രസിദ്ധീകരിച്ചത്‌ 


ഇറ്റാലിയന്‍ ഫുട്‌ബോള്‍ ലീഗില്‍ നിറഞ്ഞു നിന്ന ഒരു തലമുറ ഒന്നടങ്കം പുറത്തേക്കുള്ള കവാടത്തിലാണ്. കഴിഞ്ഞ 20 വര്‍ഷം കൊണ്ട് ഫുട്‌ബോള്‍ ആരാധകര്‍ മനസില്‍ കൊണ്ടുനടന്ന പേരുകളാണവയെല്ലാം. അലസാന്ദ്രൊ ദെല്‍പിയറൊ, ഫിലിപ്പോ ഇന്‍സാഗി, മാര്‍ക്കോ ഡി വയ്യൊ, അലസാന്ദ്രൊ നെസ്റ്റ, ഗെന്നാരൊ ഗെട്ടൂസൊ, ക്ലാരന്‍സ് സീഡോര്‍ഫ്, ഇവാന്‍ കൊര്‍ദോബ, ജിയാന്‍ലൂക്ക സാംബ്രോട്ട, കാഖ കലാജെ...



1994ല്‍ ഫിയറൊന്റീനക്കെതിരെ യുവന്റസിന്റെ വിജയം ആരും മറക്കില്ല. 2-0ന് പിന്നില്‍ നിന്ന ശേഷം 3-2ന് മുന്നില്‍ കടന്നത്. ദെല്‍പിയറോയുടെ എക്കാലത്തെയും മികച്ച ഗോള്‍ ആ കളിയിലായിരുന്നു. റോബര്‍ട്ടോ ബാജിയോക്ക് വിടനല്‍കാന്‍ യുവന്റസ് ധൈര്യപ്പെട്ടത് അതോടെയാണ്. 22കാരനായി യുവന്റസിലെത്തി നേട്ടങ്ങള്‍ വാരിക്കൂട്ടിയ ദെല്‍പിയറോ 37-ാം വയസില്‍ ക്ലബുമായി കരാര്‍ അവസാനിച്ച് പടിയിറങ്ങുകയാണ്. 513 കളികളില്‍ 208 ഗോളുകള്‍. പെലെ തെരഞ്ഞെടുത്ത ജീവിച്ചിരിക്കുന്ന 125 മികച്ച ഫുട്‌ബോളര്‍മാരില്‍ ആദ്യ നൂറില്‍ ദെല്‍പിയറോ ഉണ്ടായിരുന്നു. യുവേഫ ഗോള്‍ഡന്‍ ജൂബിലി വോട്ടെടുപ്പില്‍ യൂറോപ്പിലെ മികച്ച 50 കളിക്കാരിലും ദെല്‍പിയറോയുടെ പേരുണ്ടായിരുന്നു.







 2000ല്‍ ഏറ്റവുമധികം വേതനം പറ്റുന്ന കളിക്കാരനും വെനറ്റോയില്‍ നിന്നുള്ള ഈ ഇറ്റലിക്കാരനായിരുന്നു.
224 കളികളില്‍ എ.സി മിലാന്റെ കോട്ടകാത്ത പ്രതിരോധ ദുര്‍ഗം അലസാന്ദ്രൊ നെസ്റ്റയും ദെല്‍പിയറോ അരങ്ങേറിയ വര്‍ഷം ലാസിയോയിലൂടെ കളിജീവിതമാരംഭിച്ച സ്‌ട്രൈകക്കര്‍ ഡി വയ്യൊയും ഇറ്റലി വിടുകയാണ്. വെറ്ററന്‍ ഫുട്‌ബോളര്‍മാരുടെ വൃദ്ധ സദനമായ അമേരിക്കയിലെ മേജര്‍ ലീഗ് സോക്കറിലേക്കാണ് ഇരുവരുടെയും നീക്കം.









മിലാന്‍ വിട്ട ഗട്ടൂസൊയുടെ അടുത്ത തട്ടകമേതെന്ന് വ്യക്തമല്ല. 2002 മുതലാണ് നെസ്റ്റ മിലാന്റെ താരമാകുന്നതെങ്കില്‍ മൂന്നു വര്‍ഷം മുമ്പ് തൊട്ടേ മിലാന്റെ മധ്യനിരയിലുണ്ട് ഗട്ടൂസൊ. 34കാരന്‍ ഗട്ടൂസൊയില്‍ ഇനിയും കളി ശേഷിക്കുന്നുണ്ട്. മുന്‍ ക്ലബ് ഗ്ലാസ്‌ഗോ റേഞ്ചേഴ്‌സിന്റെ രക്ഷകനായി താരം അവതരിച്ചേക്കുമെന്നും ശ്രുതിയുണ്ട്.
ബാരിയിലൂടെ യുവന്റസിലെത്തി പിന്നീട് ബാര്‍സലോണയിലേക്കും അവിടെ നിന്ന് മിലാനിലേക്കും കൂടുമാറിയ ഇറ്റാലിയന്‍ ഫുട്‌ബോളിലെ പരിചിതന്‍ രാജ്യത്തിനു വേണ്ടി എന്ന പോലെ മിലാനു വേണ്ടിയും 100 മത്സരങ്ങള്‍ എന്ന നാഴികക്കല്ല് ബാക്കിയാക്കിയാണ് പടിയിറങ്ങുന്നത്. 84 കളികളില്‍ സാന്‍സീറൊ ടീമിന്റെ ഫുള്‍ബാക്കായിരുന്നു 35കാരന്‍. 2010ല്‍ ഇറ്റലിയുടെ ദേശീയ കുപ്പായം അഴിച്ചുവെക്കുമ്പോള്‍ സെഞ്ച്വറി തികയ്ക്കാന്‍ സംബ്രോട്ടക്ക് രണ്ടു കളികള്‍ കൂടി മതിയായിരുന്നു.



ക്ലബ് ഭീമന്മാരായ റയല്‍ മാഡ്രിഡില്‍ 121 മത്സരങ്ങള്‍ കളിച്ചാണ് ഡച്ച് ഗൃഹാതുര താരം ക്ലാരന്‍സ് സീഡോര്‍ഫ് ഇറ്റലിയിലെത്തുന്നത്. ആദ്യ വരവ് ഇന്റര്‍മിലാനിലേക്കായിരുന്നു. 64 കളികളില്‍ ഇന്ററിന്റെ കുപ്പായമിട്ട ശേഷം 2002ല്‍ നഗര വൈരികളായ മിലാനിലേക്ക്. 10-ാം നമ്പര്‍ കുപ്പായത്തില്‍ മുന്നൂറ് വട്ടം സീഡോര്‍ഫ് കളത്തിലിറങ്ങി. 2008ല്‍ ഹോളണ്ട് ദേശീയ ടീമിനോട് വിടപറഞ്ഞ 36കാരന്‍ സീഡോര്‍ഫ് കളി ജീവിതത്തെകക്കുറിച്ച് ഇനി ചിന്തിക്കുന്നുണ്ടോ എന്ന് അറിവില്ല.





യുവന്റസില്‍ 122ഉം മിലാനില്‍ 202ഉം മത്സരങ്ങള്‍ കളിച്ച ഇന്‍സാഗി ഇറ്റലിയുടെ സ്വന്തം താരമായിരുന്നു. 38-ാം വയസില്‍ ഈ വയോധികന്‍ പടിയിറങ്ങുമ്പോഴും ഫുട്‌ബോളിലെ മറ്റൊരു വേഷത്തില്‍ വീണ്ടും പ്രത്യക്ഷപ്പെടുമെന്ന് ആരാധകര്‍ മോഹിക്കുന്നു. ഇറ്റലിയുടെ അവസാന വെറ്ററനാണ് താനെന്നു സമ്മതിക്കുന്ന റോമയുെട ഫ്രാന്‍സിസ്‌കൊ ടോട്ടി മാത്രമാണ് ബാക്കി നില്‍ക്കുന്ന ആശ്വാസം.
ഓഫ് സൈഡ് ട്രാപ്പുകള്‍ പൊട്ടിക്കാന്‍ മിടുക്കനായ ഇന്‍സാഗിയും ആജ്ഞാ ശക്തിയും സഹതാരങ്ങളില്‍ നിന്നെന്ന പോലെ എതിരാളികളില്‍ നിന്നും ആദരവ് ഏറ്റുവാങ്ങുന്ന ദെല്‍പിയറോയുമൊക്കെ പരിശീലകരുടെ വേഷത്തിലും ഇറ്റലിയില്‍ രാജവാഴ്ച നടത്തുമെന്ന് സ്വപ്‌നം കാണുകയാണ് ഇറ്റാലിയന്‍ കാല്‍പന്തുകളിയെ മനസാല്‍ പുണര്‍ന്നവര്‍. യുവന്റസും മിലാനുമാകട്ടെ ക്ലാസും ഭാവനയുമുള്ള പുതിയ തലമുറക്കു വേണ്ടി കാത്തിരിക്കുന്നു.